Archive for the 'Malayalam' Category

Page 3 of 4

ചില്ലുതൊലിയുളള തവള

 സെബാസ്റ്റ്യന്റെ ചില്ലുതൊലിയുളള തവള

Sebastian-01‘ഈ കവിതകള്‍ ഏതെങ്കിലും ചെറിയ കൂട്ടങ്ങളിലെ മനുഷ്യരെപ്പറ്റിയുള്ള ഉത്കണ്ഠകളല്ല ആവിഷ്കരിക്കുന്നത്. ഭൂമിക്കും മനുഷ്യര്‍ക്കും സംഭവിച്ചുകൊണ്ടിരിക്കന്ന വിഭ്രമകരമായ പരിണാമങ്ങളെ പിന്‍തുടരുന്ന കണ്ണുകള്‍ അവയില്‍ തുറന്നിരിക്കുന്നു. ജീവിത്തില്‍ നിന്നും കവിതയില്‍ നിന്നും അകന്നു പോകുന്നവരെ പിന്‍തുടര്‍ന്ന് പ്രണയത്തിന്റെ മാന്ത്രികദ്രവം കണ്ണുകളിലെഴുതി രാക്കിനാക്കള്‍ക്ക് അവരെ സജ്ജരാക്കുകയും ചെയ്യുന്നു.’ സെബാസ്റ്റ്യന്റെ ചില്ലുതൊലിയുളള തവള സായാഹ്ന പ്രസിദ്ധീകരിച്ചു.

കൂടാതെ താഴെപ്പറയുന്ന പുസ്തകങ്ങൾ കഴിഞ്ഞ മാസങ്ങളിൽ സായാഹ്ന പുറത്തിറക്കി:

ജി.എൻ.എം.പിള്ള: ‘രാജനും ഭൂതവും
ഡി പങ്കജാക്ഷക്കുറുപ്പിന്റെ : ‘ഭാവിലോകം
എം കൃഷ്ണന്‍ നായര്‍: ‘ആധുനിക മലയാള കവിത

ആധുനിക മലയാള കവിത

കുമാരനാശാൻ, വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ്, സർദാർ കെ.എം. പണിക്കർ, ചങ്ങമ്പുഴ, വൈലോപ്പള്ളി, എൻ.വി. കൃഷ്ണവാര്യർ തുടങ്ങിയ മലയാളത്തിന്റെ പ്രമുഖ കവികളുടെ രചനകളെ വിശദമായി അപഗ്രഥിക്കുന്ന ശ്രീ എം. കൃഷ്ണൻ നായരുടെ ആധുനിക മലയാള കവിത സായാഹ്ന പ്രസിദ്ധീകരിച്ചു.

http://goo.gl/oGKY3k.

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി

CivicChandran-01നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന വിഖ്യാത നാടകത്തെ കേരള സമൂഹത്തിന്റെ പരിണാമത്തിന്റെ ആത്മീയ രേഖയായി കണക്കിലെടുത്ത് അതിന്റെ തന്നെ ഇതിവൃത്തവും കഥാപാത്രങ്ങളും ഉപയോഗിച്ച് തിയ്യേറ്ററിലൊരു രാഷ്ട്രീയസംവാദം എന്ന ലക്ഷ്യത്തോടെ സിവിക് ചന്ദ്രൻ രചിച്ച പ്രതിനാടകം (Counter Play) ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’ സായാഹ്ന പ്രസിദ്ധീകരിച്ചു. http://ml.sayahna.org/index.php/Civic1.

സമത്വവാദി

PulimanaP-01ഭാവാത്മകപ്രസ്ഥാനം (Expressionism) എന്ന കലാസങ്കേതത്തെ മലയാളത്തില്‍ ആദ്യമായി പ്രയോഗിച്ചതും, അതിവിദഗ്ദ്ധമായി പ്രയോഗിച്ചതും, ‘സമത്വവാദി’ എന്ന നാടകത്തിലാണ്. ഈ കൃതി പുളിമാനയുടെ സാഹിത്യജീവിതത്തിലെ ജയസ്തംഭം എന്നപോലെ തന്നെ മലയാള നാടക ലോകത്തിലെ ഒരു മാര്‍ഗ്ഗദീപവുമാണ്.’ 1915 ൽ ജനിച്ച് 32 ആം വയസ്സിൽ അന്തരിച്ച പുളിമാന പരമേശ്വരന്‍പിളള എന്ന പ്രതിഭാശാലിയുടെ സമത്വവാദി സായാഹ്ന പ്രസിദ്ധീകരിച്ചു. http://ml.sayahna.org/index.php/Samathvavadi.

ഉപരോധം

CVBalakrishnan-01കീഴാളരുടെ സ്വയം പ്രതിരോധത്തിന്റെ കഥകള്‍ ഏറെയുണ്ടെങ്കിലും, മനസ്സിനെ ഇത്രയേറെ സ്പര്‍ശിക്കുന്ന, തീക്ഷ്ണത തുടിക്കുന്ന, എന്നാല്‍ അതിഭാവുകത്വം ദുര്‍ബലപ്പെടുത്താത്ത ഒരു നരേറ്റീവ് അപൂര്‍‌വമാണ്‌. പ്രസിദ്ധ നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി.ബാലകൃഷ്ണന്റെ ഉജ്ജ്വലമായ നോവല്‍ ഉപരോധം സായാഹ്ന പ്രസിദ്ധീകരിച്ചു. പ്രസിദ്ധ ചിത്രകാരൻ സി.എൻ. കരുണാകരന്റെ ചിത്രീകരണങ്ങളാൽ അനുഗ്രഹീതവുമാണ് ഈ കൃതി. http://ml.sayahna.org/index.php/Uparodham

തുരുമ്പ്

PRaman-01മലയാള കവിതയുടെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പ്രധാന പതാകവാഹകരില്‍ ഒരാളായ പി രാമന്റെ കവിതാസമാഹാരം തുരുമ്പ് പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. പുതിയ കാലത്തിന്റെ പുതിയ എഴുത്ത്; തുരുമ്പെടുക്കാത്ത മുപ്പത്തിരണ്ടു കവിതകള്‍. http://ml.sayahna.org/index.php/Thurump

ഈ ഭ്രാന്താലത്തിനു നാവുണ്ടായിരുന്നെങ്കിൽ

Sundar-02വൈക്കം മുഹമ്മദ് ബഷീറാണ് എനിക്ക് “ലേശം കിറുക്കുണ്ട്” എന്ന് പറയാൻ ധൈര്യം കാട്ടിയ എഴുത്തുകാരൻ. ഒപ്പം അദ്ദേഹം, “ഭ്രാന്ത് സുന്ദരമാണ്, സുരഭിലമാണ്, സൗരഭ്യമുള്ളതാണ്”, എന്നൊക്കെ കൂട്ടിച്ചേർക്കുകയും ചെയ്തു. ഭ്രാന്തന് സ്നേഹമുണ്ടെന്നും, അതിന് ഭംഗം വന്നാൽ നൈരാശ്യമുണ്ടെന്നും “ഇരുട്ടിന്റെ ആത്മാവ്”  കാട്ടിത്തന്നപ്പോൾ നമ്മുടെ സഹൃദയത്വം നമ്മളെ നൊമ്പരത്തിലാഴ്ത്തി. ഇതൊക്കെയാണെങ്കിലും കഥയിൽ കാണുന്നത്, അത് ആർദ്രതയുണർത്തുന്ന സ്ത്രീപുരുഷബന്ധമാണെങ്കിൽപ്പോലും, ജീവിതത്തിൽ കണ്ടാൽ എതിർക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അനാരോഗ്യം ബാധിച്ച മനസ്സിന്, ബഷീർ കാണുന്ന കാല്പനികസൗന്ദര്യമൊന്നും കല്പിച്ചില്ലെങ്കിലും, അതർഹിക്കുന്ന സഹാനുഭൂതിയോടെ സമീപിക്കുവാൻ മാനവികത നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഇതറിയാത്തവരല്ല നമ്മളാരും. എന്നിരിക്കിലും നമ്മൾ ഉൾപ്പെടുന്ന സമൂഹമനസ്സിന്റെ ചീഞ്ഞളിഞ്ഞ ഭാവം കാണുവാൻ, നമ്മുടെ മനോരോഗാശുപത്രികളിലൂടെ ഒരു പ്രദക്ഷിണം നടത്തിയാൽ മതി. നഗ്നരായ പല പ്രായത്തിലുള്ള വനിതാ രോഗികൾ (അവർ ആർത്തവം നേരിടുന്നതെങ്ങിനെയെന്ന് ചിന്തിക്കുവാൻ തന്നെ വയ്യ), വിസർജ്യങ്ങൾ നിറഞ്ഞ മുറിയിൽ മോചനം അസാദ്ധ്യമാണെന്നറിഞ്ഞ് ദിനരാത്രങ്ങൾ തള്ളിനീക്കുന്നവർ, ഇലക്ട്രിക് ഷോക് പോലുള്ള പീഡനങ്ങൾ ചികിത്സയെന്ന വ്യാജേന അനുഭവിക്കേണ്ടി വരുന്നവർ, അഴുക്കിന്റെയും ദുർഗന്ധത്തിന്റെയും ഇടയിൽപ്പെട്ട് പൊട്ടിയൊലിക്കുന്ന വൃണങ്ങളോടുകൂടിയവർ, … ലോകത്തെ ഏറ്റവും ഭീഷണമായ തടവറകൾ നാണിച്ചുപോകുന്ന തരത്തിലാണ് നമ്മൾ മനോരോഗാശുപത്രികൾ നടത്തുന്നത്. നമ്മുടെ ചിത്തരോഗാശുപത്രികളെക്കുറിച്ച് സുന്ദർ നടത്തിയ, ഈ ഭ്രാന്താലത്തിനു നാവുണ്ടായിരുന്നെങ്കിൽ എന്ന പഠനം, ലോകമാനസികാരോഗ്യദിനമായ ഇന്ന് സായാഹ്ന പ്രസിദ്ധീകരിക്കുന്നു. നാം ഇഷ്ടപ്പെടാത്ത നമ്മളുടെ ഒരു വശം എന്തെന്നറിയാൻ ഈ പഠനം ഒന്ന് വായിക്കുവാൻ സ്നേഹപൂർവ്വം ഞാൻ ഏവരെയും ക്ഷണിക്കുകയാണ്: http://ml.sayahna.org/index.php/EeBhranth

വ്യാസനും വിഘ്നേശ്വരനും

Anand-02“അറിവ് സ്വാതന്ത്ര്യ­മാണെന്നും ശക്തിയാ­ണെന്നും മറ്റും പറയുന്നത് എത്രത്തോളം ശരിയാണ്? വിദ്യമൂലം മനുഷ്യന് പീഡനങ്ങള്‍ അനുഭവിക്കേ­ണ്ടതായി വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ അനവധിയാണ്‌. വെറും ജീവിതത്തി­നു വേണ്ടി, മരണ­ത്തില്‍ നിന്നു മുക്തനാകു­വാനായി പലപ്പോഴും മനുഷ്യര്‍ക്ക് അവരുടെ വിദ്യയെ ബലികഴി­ക്കേണ്ടി വന്നിട്ടു­ള്ളതായി നാം കാണുന്നു.” സ്വാതന്ത്ര്യസമരത്തെ വളരെയധികം സ്വാധീനിച്ച ബംഗാളിലെ നെയ്ത്ത് തൊഴിലാളികളുടെ തൊഴിൽ ജീവിതം തന്നെ ഇതിന് ഒരു ഉദാഹരണമാണ്. മാർക്കറ്റ് നിരക്കിൽ നിന്നും നാല്പത് ശതമാനം കുറഞ്ഞ നിരക്കിൽ ഈസ്റ്റിൻഡ്യാകമ്പനിക്ക് വേണ്ടി പട്ട് നൂൽ നൂൽക്കുവാനും നെയ്യുവാനും ഈ ഹതഭാഗ്യർ നിർബന്ധിതരായി. തയ്യാറാവാത്തവരെ മുക്കാലിയിൽ കെട്ടി പൊതുസ്ഥലങ്ങളിൽ വെച്ച് ദാരുണമായി മർദ്ദിച്ചു. വേദനയും ദൈന്യതയും സഹിക്കവയ്യാതെ അനേകം നെയ്തുകാർ തള്ളവിരൽ മുറിച്ചുകളഞ്ഞ് നൂൽക്കാനും നെയ്യാനുമുള്ള കഴിവ് നഷ്ടപ്പെടുത്തി, മർദ്ദനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും മോചനം നേടിയത് പാടുപെട്ട് സമ്പാദിച്ച കഴിവുകളെ എന്നേയ്ക്കുമായി ജീവിതത്തിൽ നിന്ന് വിച്ഛേദിച്ചുകൊണ്ടാണ്. അറിവും കഴിവും അസ്വാതന്ത്ര്യത്തിന്റെയും ചൂഷണത്തിന്റെയും നിദാനമാവുന്നതിന്റെ, ചരിത്രം രേഖപ്പെടുത്തിയ സംഭവങ്ങളിൽ ഒന്നാണിത് (ആർ സി ദത്ത്: കേംബ്രിഡ്ജ് ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇൻഡ്യ, ഭാഗം ഒന്ന് കാണുക).

ധനുർവിദ്യയിൽ ഗുരുജനസഹായമില്ലാതെ അർജ്ജുനനെക്കാൾ നൈപുണ്യം നേടിയത്, ഏകലവ്യന് തള്ളവിരൽ നഷ്ടപ്പെടുവാനും ധനുർവിദ്യ എന്നേയ്ക്കുമായി ഉപേക്ഷിക്കുവാനും കാരണമായി. നിപുണത നാമൊക്കെ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളല്ല പലപ്പോഴും നമുക്ക് തരുന്നത്. വിദേശസഹകരണത്തോട്കൂടി നടത്തപ്പെടുന്ന ഇന്ത്യൻ ഐടി മേഖലയിലെ വ്യവസായങ്ങളിൽ ഈ പ്രതിഭാസം ഇന്നും പല രൂപങ്ങളിലും മാനങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഏകലവ്യന്റെ ശുഷ്ക്കാന്തിയോടും ഏകാഗ്രതയോടും ബൗദ്ധികപ്രവർത്തനത്തിൽ ഏർപ്പെടുന്ന എല്ലാ ഇന്ത്യൻ സാങ്കേതിക സംരഭകരുടെയും വിദഗ്ദ്ധരുടെയും സാങ്കേതികസർഗ്ഗരചനകൾ തന്ത്രപരതയുടെയും വികലമായ വ്യാവസായികനിയമങ്ങളുടെയും പിൻബലത്തോടുകൂടി അനവരതം അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണ്. എതിർക്കുന്നവരെ തീരാത്ത നിയമയുദ്ധങ്ങളിൽ കുടുക്കി ജീവിതേച്ഛയും സർഗ്ഗചോദനകളെയും ചോർത്തിക്കളയുകയും ചെയ്യുന്നു, പൊതുസ്ഥലത്തെ മർദ്ദനത്തിന്റെ ആധുനിക രൂപമാണത്.

ഈ ആശയം ഏകലവ്യന്‍, അഭിമന്യു, അംബപാലി, ധര്‍മാധികാരി, ആനന്ദന്‍ തുടങ്ങിയ കഥാപാത്ര­ങ്ങളിലൂടെ ദാർശനികഭദ്രതയോടുകൂടി ഉരുത്തി­രിയുകയാണ് ‘വ്യാസനും വിഘ്നേശ്വരനും’ എന്ന ആനന്ദിന്റെ നോവലിൽ. ജനാധിപത്യത്തിന്റെ ബലഹീനതയായി ഇന്ന് കാണപ്പെടുന്ന, ആൾക്കൂട്ടത്തിന്റെ എണ്ണത്തിന്റെ ശക്തിയിൽ വീണുടയുന്ന ബൗദ്ധിക സാംസ്കാരിക മൂല്യങ്ങളുടെയും, നഷ്ടപ്പെട്ടുപോകുന്ന വിലപ്പെട്ട ജീവിതങ്ങളുടെയും പരിച്ഛേദമാണ് നോവലിന്റെ ഉത്തരാർദ്ധത്തിൽ. ‘വ്യാസനും വിഘ്നേശ്വരനും’ സായാഹ്നയിൽ ഇവിടെ വായിക്കുക: http://ml.sayahna.org/index.php/V-and-v

എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി

ശ്രീ ഇ ഹരികുമാറിന്റെ എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി എന്ന പുസ്തകം ഇങ്ങിനെ തുടങ്ങുന്നു:

EHarikumar--pvkഈ പുസ്തകം ഒരു സ്വയം വിമർശനമാണ്. എഴുത്തു തുടങ്ങുമ്പോൾ എന്തെഴുതാൻ ഉദ്ദേശിച്ചു, അവസാനം അമ്പതു വർഷത്തെ സാഹിത്യസപര്യയുടെ അന്ത്യത്തിൽ ഞാനെവിടെ നിൽക്കുന്നു? ഈ രണ്ടു ചോദ്യങ്ങൾക്കുമിടയിലുണ്ടായ അന്തർസംഘർഷങ്ങളുടെ കഥ. ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ കഥ, അവരെ എവിടെനിന്നെല്ലാമാണ് ജീവിതത്തിൽ കണ്ടുമുട്ടിയത്, ഈ കഥകൾകൊണ്ട് ഞാനെന്താണ് ഉദ്ദേശിച്ചത് എന്നീ കാര്യങ്ങൾ ഒരു വിമർശന ബുദ്ധിയോടെ സമീപിയ്ക്കുന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ചേടത്തോളം വിഷമമുള്ള കാര്യമാണ്.

എന്റെ കഥകളുടെ റീഡബിലിറ്റി, അതായത് രസത്തോടെ ഒഴുക്കൻ മട്ടിൽ വായിച്ചു പോകാൻ പറ്റിയ ഭാഷയുടെ പ്രത്യേകത, കഥകൾക്കു തന്നെ വിനയാവുകയാണുണ്ടായത്. വായനക്കാർ രസതലത്തിൽ മാത്രം ശ്രദ്ധിക്കുകയും നല്ല കഥയെന്ന അഭിപ്രായം പാസാക്കി പുസ്തകമടച്ചു വയ്ക്കുകയും ചെയ്യുന്നു. ആ കഥകൾക്ക് മറ്റു പല തലങ്ങളുമുണ്ടെന്ന കാര്യം നോക്കാനേ ശ്രമിയ്ക്കുന്നില്ല. ഒരു ശരാശരി വായനക്കാരന്റെ കാര്യം മാത്രമല്ല നിരൂപകരുടെ കാര്യവും മറിച്ചല്ല. എഴുത്തുകാരന് അതൊരു വലിയ നഷ്ടമാണ്. എന്റെ കഥകൾ പലരും എടുത്തു പെരുമാറിയ വിധം കണ്ടപ്പോഴാണ് ചില വിശദീകരണങ്ങൾ ആവശ്യമാണെന്ന് എനിയ്ക്കു തോന്നിത്തുടങ്ങിയത്.

എന്റെ കഥകൾക്കും നോവലുകൾക്കും വിമർശനം ഉണ്ടായിട്ടില്ല. വെറും ആസ്വാദനങ്ങളെയും പുസ്തകാഭിപ്രായങ്ങളേയും വിമർശനങ്ങളായി കണക്കാക്കാൻ പറ്റില്ല. ഇതുവരെ ഒരു ഖണ്ഡനവിമർശനം ഉണ്ടായിട്ടില്ല. കർശനമായ ചട്ടക്കൂടുകൾക്കുള്ളിലെ വിമർശനങ്ങൾക്ക് അതീതമാണ് എന്റെ സാഹിത്യമെന്ന മിഥ്യാബോധമൊന്നും എനിയ്ക്കില്ല. ധാരാളം പാളിച്ചകളുള്ള ഒരു സാഹിത്യമാണ് എന്റേത്. സ്രഷ്ടാവിന് സ്വന്തം സൃഷ്ടികളുടെ അപാകതകൾ പെട്ടെന്ന് മനസ്സിലാവും. ദൈവത്തിന് സ്വന്തം സൃഷ്ടികളുടെ കോപ്പ് എന്താണെന്നറിയാഞ്ഞിട്ടാണോ ഇങ്ങിനെ ശാന്തനായി ഇരിയ്ക്കുന്നത്. കണ്ടില്ലെന്നു നടിക്കുകയാണ്. ഞാനുമതെ.

സായാഹ്നയിൽ ഇന്നു മുതൽ വായിക്കുക: http://goo.gl/cChUFI.

ശരല്‍ക്കാലദീപ്തി

“Zen and The Art of Motorcycle Maintenance”എന്ന തത്ത്വചിന്താത്മകമായ നോവല്‍ 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ പിര്‍സിഗ് ‘രായ്ക്കുരാമാനം’ മഹായശസ്കനായി. അമേരിക്കല്‍ ഐക്യനാടുകളിലെ ഒരു സ്റ്റേറ്റായ മിനിസോറ്റയില്‍ നിന്നു മറ്റൊരു സ്റ്റേറ്റായ കലിഫോര്‍ണിയയിലേക്കു മോട്ടര്‍ സൈക്കിളില്‍ മകനുമൊത്തു സഞ്ചരിക്കുകയും സഞ്ചരിക്കുന്നതിനിടയില്‍ ദാര്‍ശനികങ്ങളായ പരികല്പനകള്‍ നടത്തുകയും ചെയ്യുന്നതാണ് ആ ഗ്രന്ഥത്തിലെ വിഷയം. വിശുദ്ധമായ ധൈഷണികാഹ്ലാദം നല്‍കുന്ന ദാര്‍ശനിക നോവലാണത്. വിശ്വവിഖ്യാതനായ നിരൂപകന്‍ ജോര്‍ജ് സ്റ്റൈനര്‍ ആരെയും അങ്ങനെ വാഴ്ത്തുന്ന ആളല്ല. അദ്ദേഹം പോലും പിര്‍സിഗിന്റെ രചനയെ പ്രശംസിച്ചത് ഇങ്ങനെയാണ്. “The analogies with Moby Dick are patent. Robert Pirsig invites the prodigious comparison.” ഈ നോവലെഴുതി പതിനേഴു വര്‍ഷം കഴിഞ്ഞപ്പോള്‍ പിര്‍ഗിസ് Lila — An Inquiry into Morals എന്നൊരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി ചിന്തയുടെ ലോകത്തു പരിവര്‍ത്തനത്തിന്റെ അലകള്‍ ഇളക്കി വിട്ടിരിക്കുന്നു. ഇതിനെക്കുറിച്ചു ഗ്രന്ഥകാരനു തന്നെ അളവറ്റ ആദരമുണ്ട്. അഭിമാനമുണ്ട്. അദ്ദേഹം എഴുതുന്നു: “Zen and The Art of Motorcycle Maintenance” ആദ്യത്തെ ശിശുവാണ്… പക്ഷേ ഈ രണ്ടാമത്തെ ശിശുവിനാണ് ഉജ്ജ്വലത… ജനങ്ങള്‍ നൂറൂ വര്‍ഷത്തിനു ശേഷം ഈ രണ്ടു പുസ്തകങ്ങളും വായിക്കുകയാണെങ്കില്‍ ‘ലീല’യായിരിക്കും കൂടുതല്‍ പ്രാധാന്യമുള്ളതായി അവര്‍ക്കു തോന്നുകയെന്ന് ഞാന്‍ ഭാവികഥനം നിര്‍വഹിച്ചു കൊള്ളട്ടെ.” ഈ പ്രസ്താവം ഗ്രന്ഥകാരന്‍മാരുടെ ദൗര്‍ബല്യമായി മാത്രം പരിഗണിച്ചാല്‍ മതി. ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് മാര്‍കോസ് ഓരോ നൂതന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തുമ്പോഴും അതാണു തന്റെ ഉല്‍കൃഷ്ടതമമായ കൃതിയെന്നു പറയുമായിരുന്നു. പക്ഷേ തന്റെ ആദ്യത്തെ നോവലിനെ അതിശയിക്കുന്ന ഒരു നോവലും അദ്ദേഹം പിന്നീട് എഴുതിയില്ല. ഇതു കൊണ്ടു പിര്‍സിഗിന്റെ ഈ പുതിയ നോവലിനു പ്രാധാന്യമില്ലെന്നാണ് എന്റെ പക്ഷമെന്ന് ആരും വിചാരിക്കരുതേ. പ്രാധാന്യമുണ്ട്. അതു മറ്റൊരുതരത്തില്‍…

ശ്രീ എം കൃഷ്ണന്‍ നായരുടെ “ശരല്‍ക്കാലദീപ്തി” എന്ന ലേഖനത്തിന്റെ തുടക്കമാണ് മുകളിലുദ്ധരിച്ചത്. അതടക്കം ഇരുപത് ലേഖനങ്ങളുടെ സമാഹാരമായ അതേ പേരിലുള്ള പുസ്തകം ഇന്ന് സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു: http://goo.gl/jSuIMw