Responses

വായനക്കാർ വിവിധ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നൽകിയ പ്രതികരണങ്ങളുടെ സമാഹരണം ആണു് ഈ താളിലുള്ളതു്. വിമർശനങ്ങളും, നിർദ്ദേശങ്ങളും, വിലയിരുത്തലുകളും എല്ലാം വായനക്കാർ info@sayahna.org എന്ന ഇമെയിൽ വിലാസത്തിലേയ്ക്കയയ്ക്കക.

സായാഹ്നയിൽ പ്രസിദ്ധീകരിച്ച സ്വന്തം കവിതയെക്കുറിച്ചു്

 • എന്റെ കവിതകൾ ഇനി അക്ഷര ഭംഗിക്കു വേണ്ടിയെങ്കിലും അഹൃദയർ പോലും വായിക്കുമല്ലോ എന്ന് വൃദ്ധാഹ്ളാദം. — സച്ചിദാനന്ദൻ
 • എല്ലാം ഭദ്രം, മനോഹരം. സന്തോഷം, അഭിമാനം, നന്ദി. സായാഹ്നയ്ക്ക് സ്തുതിയായിരിക്കട്ടെ. പ്രസാധനത്തിലെ സാധനയുടെ അപൂർവ മഹിമ വാഴ്ത്തപ്പെടട്ടെ. — കെജിഎസ്, ബാംഗ്ലൂർ

കെജിഎസ്സിന്റെ കവിതകൾ

 • കെജിഎസ്സിന്റെ കവിതകൾ എന്നും പുതുതാണ്. പലരും കവിത അവസാനിപ്പിക്കുന്നിടത്തു നിന്നാണ് കെജിഎസ്സ് കവിതകൾ തുടങ്ങുന്നത്, പിന്നെ പ്രതീക്ഷിക്കാത്ത ഇടങ്ങളിലേയ്ക്ക് കൊണ്ടു പോവുകയും—മീൻ മുള്ളിൽ നിന്ന് സമുദ്രത്തിലേയ്ക്കും പ്രണയത്തിലേയ്ക്കുമെന്നേ പോലെ. കെജിഎസ്സിൽ വാക്കിന്റെ ഒരു ആർക്കിയോളജിസ്റ്റ് ഉണ്ട്. അയാൾ ഭാഷയിൽ കുഴിച്ചു കുഴിച്ചു പോകുന്നു വിസ്മയങ്ങളുമായി പൊന്തി വരുന്നു—പമ്പാതീരത്തു നിന്ന് സിന്ധു നദീതട സംസ്കാരത്തിലെ ലാവാ നിർമ്മിത രത്നങ്ങൾ പോലെ. — സച്ചിദാനന്ദൻ 

നിരഞ്ജന്റെ കവിതകൾ/സനലിന്റെ ലേഖനങ്ങൾ

 • ഇപ്പോൾ സായാഹ്ന വായന പ്രഭാതചര്യയായി. നിരഞ്ജൻ താരതമ്യമില്ലാത്ത കവിയാണ്, അനുഭവം കൊണ്ടും ഭാഷ കൊണ്ടും. സനൽ ഹരിദാസിന്റെ നിരീക്ഷണങ്ങളും ശക്തമായി. കണ്ണിനും മനസ്സിനും ആനന്ദം. — സച്ചിദാനന്ദൻ
 • കാൽക്കൊല്ലപ്പരീക്ഷ ചിങ്ങത്തിലുണ്ടാവും എന്നതുകൊണ്ടല്ല, സായാഹ്നയിലെ ദിനസരി ഗഡുക്കൾ കൃത്യമായി വായിക്കുന്നുണ്ട്. 😁സനൽ ഹരിദാസിന്റെ വ്യക്തവും ലഘുവുമായ ഭാഷാപ്രയോഗത്തിൽ വിഷയത്തിന്റെ സൂക്ഷ്മത നിലനിർത്തിക്കൊണ്ട് തന്നെ വിഷയം അനായാസമായി ഉൾക്കൊള്ളാൻ പറ്റുന്നുണ്ട്.നിരഞ്ജന്റെ ക(വി)തകളുമായി തന്മയത്വപ്പെട്ട് ആശയ വ്യക്തതയുള്ള Déjà vu അനുഭവങ്ങളാവുന്നു, നന്നായി.ഇന്നത്തെ രണ്ടെഴുത്തുകളും ഉന്മേഷദായകം. രണ്ടു പേർക്കും സായാഹ്ന ടീമിനും അഭിനന്ദനങ്ങൾ. 🌹പറഞ്ഞാൽ കുറഞ്ഞു പോകുമോ എന്നും പറയാതിരുന്നാൽ അറിയാതെ പോകുമല്ലോ എന്നും ആശങ്കപ്പെട്ട് എഴുതിയതാണ്. 😊
  അമൃത് 
 • പ്രകൃതിരമണിക്കും വേലിചാടിക്കുമിടയിൽ രൂപപ്പെട്ട യുവജനോത്സവവേദിയും ഉൾക്കടൽ പശ്ചാത്തലവും പാട്ടുകളും അത്ഭുതപ്പെടുത്തി. ഉൾക്കടൽ തിരയിലൂടെ യൗവനത്തിലേക്ക് തുഴഞ്ഞ തലമുറയിലാണ് ഞാനും. നിരഞ്ജന്റെ ചിലവുകുറഞ്ഞ കവിതകളിലും ദുരിതങ്ങളെ അതിജീവിക്കാൻ കരുത്തുനൽകുന്ന മധുരവള്ളികൾ സമൃദ്ധം.മറൈൻ എഞ്ചിനീയർ എന്ന് പ്രൊഫൈലിൽ കണ്ടു, കൊറോണക്കാലത്തു കടലിലോ കരയിലോ?? തിരിച്ചറിവിന്റെയും അതിജീവനത്തിന്റെയും കരുത്ത് വരികൾക്കുണ്ട്. ആശംസകൾ! ഇഷ്ടം!! — വി. ലിസി മാത്യു
 • നിരഞ്ജന്റെ കവിതകൾ തികച്ചും വ്യത്യസ്ഥമായ നിലപാടിൽ നിന്ന് ഉയിർക്കൊള്ളുന്ന പരമാർത്ഥങ്ങളാണ്. ദേശകാലങ്ങളുടെ ഇടുങ്ങിയ അതിരുകൾ എങ്ങനെയൊ മറികടക്കുന്നുണ്ട്.  ഇങ്ങനെ വായിക്കാനായതിൽ വളരെ സന്തോഷം. — ബഷീർ അബ്ദുൽ

ഫോൺ പതിപ്പുകൾ

 • അക്ഷരഭംഗി കണ്ടുകണ്ടിങ്ങനെ ഇരുന്നു പോയിട്ടില്ല മുമ്പൊരിക്കലും. ശബ്ദവും ഭാവവും അർത്ഥവും ഉൾക്കാഴ്ചകളും തരുന്നതല്ലാതൊരു തനതാഴം, ജീവൻ, പ്രകാശം, ഓരോ അക്ഷരവും വിരിയിക്കുന്നത് ഞാൻ കാണുന്നു . അവ കലരുന്നു വാക്കിന്റെ നാദശരീരത്തിൽ, വായനയിൽ, ലോക/ചരിത്രപ്പടർപ്പിൽ. അനുഭൂതിയിൽ, ദർശനത്തിൽ, വാക്കിനും രാഗത്തിനും മുമ്പത്തെ സ്വരം കലരുന്നു. അത്യന്ത സൂക്ഷ്മമായ അക്ഷര നവോത്ഥാനം അനുഭവിക്കാനാവുന്നു. ഈ പറയുന്നത് അതിശയോക്തിയാണെന്ന് തോന്നാം. അതിന്റെ കാരണം, അനുഭവിക്കുന്ന അതിശയം അപ്പാടേ പറയാൻ ശ്രമിക്കുന്നതാവാനേ തരമുള്ളൂ. ഓരോ പ്രഭാതത്തിലും സായാഹ്നത്തെ കാത്തിരിക്കുന്നതും, സായാഹ്നത്തെ വായിക്കുന്നതും, അതിശയം തന്നെ. ഈ അതിശയം പഴകാതെ പാളാതെ എന്നും വരട്ടെ. കർത്താവേ, ഈ വിചാരത്തിന്റെ പേരോ വാർദ്ധക്യം? ഇത് കാണാതിരിക്കുന്നതല്ലേ തിമിരം? ജര? നര? കൂനു്? — കെജിഎസ്, ബാംഗ്ലൂർ
 • മലയാള ഭാഷയും സാങ്കേതികതയും വികാസം പ്രാപിച്ചിട്ട് കുറെ വർഷങ്ങൾ ആയെങ്കിലും അതിനു പൂർണത കൈവന്നു എന്ന് തോന്നിയത് സായാഹ്ന എന്ന ഗ്രൂപ്പിലൂടെ എന്റെ വിരൽത്തുമ്പിൽ കടന്നു വന്ന ഈ പുസ്തകങ്ങൾ കണ്ടപ്പോഴാണ്. സ്‌ക്രോൾ ചെയ്യാതെ പുസ്തകങ്ങൾ വായിക്കാൻ പറ്റുന്നത് സായാഹ്നയുടെ പ്രത്യേകതയെന്ന് തോന്നുന്നു. വിരൽതുമ്പിൽ ഇത്ര അധികം പുസ്തകങ്ങൾ ഒരുമിച്ച് ലഭിക്കുന്ന ഈ സംരംഭം തീർത്തും അഭിനന്ദനാർഹം തന്നെ. സായാഹ്നയ്ക്കും അതിന്റെ അണിയറ പ്രവർത്തകർക്കും അഭിന്ദനങ്ങളും സ്നേഹവും അറിയിക്കുന്നു. കണ്ണൂർ സർവകലാശാല ലോ കോളേജിൽ മലയാളം അധ്യാപികയായ എനിക്ക് അവിടെ പഠിപ്പിക്കാനുള്ള ഒരു വിഷയം മലയാളവും വിവരസാങ്കേതികയും സാധ്യതകളും വളർച്ചയുമാണ്. ഈ ഉദ്യമം തീർച്ചയായും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഭാഷാഗവേഷകർക്കും ഉപകാരപ്പെടുമെന്നതിൽ സംശയമില്ല. — സജിന കാവിൽ
 • എല്ലാം അടുത്തേക്ക് വരുന്നു എന്ന് കാണുന്നതിന് തന്നെ എന്തൊരു ചന്തം. പൂരമോ, പൂക്കാലമോ ആയ പോലെ, … — കെജിഎസ്
 • അടുത്ത കാലത്തായി അച്ചടിച്ച അക്ഷരങ്ങൾ കാണുമ്പോ എന്തൊക്കെയോ ഭയങ്ങളും ഏതോ തട്ടിപ്പിലകപ്പെട്ട വേവലാതിയുമാണ്. ഇങ്ങനൊരു സ്ഥലം കാണുമ്പോ സന്തോഷത്തിനേക്കാളേറെ ആശ്വാസം. എങ്ങനെയാണ് ഇതിന്റെ ചെലവുകൾ. അറിയിക്കുമല്ലോ. — റോയ്, കെ.ബി.
 • Very pleasant and soothing reading experience… on the palm top… thank you for adding me… Looking forward to many more from “സായാഹ്ന” — Geetha Sebastian
 • ടോട്ടോച്ചാനിൽ തുടങ്ങി ടോട്ടോച്ചാനിൽ അവസാനിക്കുന്ന എന്റെ വായനാനുഭവം വെച്ച് ഈ യമണ്ടൻ ഗ്രൂപ്പിൽ എനിക്കെന്താ കാര്യം എന്നാലോചിക്കുകയായിരുന്നു. എന്തായാലും “സഞ്ജയൻ” ഒരാശ്വാസമായി. — ഫ്ലെമിൻ സൈമൺ
 • Today’s colour scheme seems to be the best among all of the colour schemes used, more so for the last page. The readability seems to have improved a lot. Gone are the days when Malayalam was restricted to black, white and colours which never enhanced the text, today things have changed for the better. The richness of colour seems to have made Malayalam stand out stronger in a world where we generally lean towards the prowess of English typesetting and seldom look at our regional language typesetting in this manner. This is indeed revolutionary and today I feel we have moved closer to taking Malayalam typesetting at par with global typesetting technologies. Thank the team who have put so much sweat into making this possible. — Aravind

റിൽക്കെ കവിതകൾ

 • റിൽക്കെ കവിതകൾ അവ അർഹിക്കുന്ന ചിത്രങ്ങളോടെ കാണുമ്പോൾ വലിയ ആഹ്ളാദം. ചിത്രങ്ങളില്ലാതെ എന്തു പുസ്തകം എന്ന് ആലീസ്. — സച്ചിദാനന്ദൻ
 • രവികുമാറിന്റെ ഒരു വിവർത്തനമെങ്കിലും വായിക്കുക എന്നത് കുറേ കാലമായി തുടരുന്ന ഒരു പ്രഭാത ശീലമാണ്. കുറേ വിവർത്തനങ്ങൾ മലയാളനാടിൽ ഒരു പംക്തിപോലെ പ്രസിദ്ധീകരിക്കാനുമായി. സായാഹ്നയിൽ ഇതുപോലെ അക്ഷരമിഴിവോടെ ഫോൺ വായനയ്ക്കുള്ള തികവിൽ അവ ഇനി തുടർച്ചയായി വായിക്കാമെന്ന് പ്രതീക്ഷ നമ്മുടെ വിവർത്തന ചരിത്രത്തിൽ വേറിട്ടൊരു ഇടം രവിക്കുണ്ടാവും‌. എത്ര നിർബന്ധിച്ചിട്ടും തന്നെ പറ്റിയുള്ള വിവരണമോ തന്റെ ഒരു സ്റ്റാമ്പ് സൈസ് ഫോട്ടോയോ പോലും പ്രസിദ്ധീകരിക്കാൻ താത്പര്യമില്ലാത്ത ഒരു മനുഷ്യൻ. — സന്തോഷ്
 • പേര് രവികുമാർ വാസുദേവ്. നാട് ചവറ തെക്കുംഭാഗം. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. അവിവാഹിതൻ. സാഹിത്യ പരിഭാഷയെ വേട്ടിരിക്കുകയാണ് തോന്നുന്നു. മിതഭാഷി. സാഹിത്യോപാസകൻ. — ജലീൽ

നടുക്കടലിൽ നിന്നും

 • ഞങ്ങളൊക്കെ ഇപ്പോൾ വിശാലമായി എഴുതിക്കളിക്കുന്ന മലയാളം യൂനികോഡ് ഫോണ്ടുകളുടേയും സങ്കേതങ്ങളുടേയും വികാസത്തിന് താങ്കളടക്കം പലരോടുമുള്ള കടപ്പാട് നേരിൽ രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല ശ്രീ. ഹുസൈൻ! ഇപ്പൊ ഇങ്ങനെ ഒരു സന്ദർഭം കിട്ടിയതിന് … നന്ദി, നമസ്കാരം. — നിരഞ്ജൻ (ഒരു കപ്പൽ തൊഴിലാളി, കടലിൽ നിന്നും)

കെ വേലപ്പന്റെ കോലംകെടുന്ന കേരള തലസ്ഥാനം

 • കെ. വേലപ്പന്റെ ലേഖനം എത്ര ശ്രദ്ധേയവും ലളിതവുമാണ്! ബേക്കറുടെ സ്കെച്ചുകൾ കൂടി ചേരുമ്പോൾ മനോഹരവും. തിരുവനന്തപുരത്തു പോകുമ്പോഴൊക്കെ ഇക്കാര്യം അറിയാതെ കണ്ണിനും മനസ്സിനും വേദന നൽകാറുണ്ടെങ്കിലും ഇനി പോകുമ്പോൾ ഈ വൈരുദ്ധ്യം കുറെക്കൂടി ശ്രദ്ധിച്ചു പോവും. നല്ല സംരംഭം. കുറെക്കാലം സ്വന്തം മാസികകളുടെയും പുസ്തകങ്ങളുടെയും പ്രൂഫ് റീഡറായിരുന്ന ആളെന്ന നിലയിൽ രണ്ടു മൂന്നു തെററുകൾ അറിയാതെ കണ്ണിൽ പെട്ടു . അവിടെ ഇനിയും ശ്രദ്ധയാകാം. ലിപി, ചിത്രം, ചിന്ത, ഘടന എല്ലാറ്റിനും അഭിനന്ദനങ്ങൾ. ഫോണിൽ തിരശ്ശീല വിപുലീകരിക്കാതെ ഇത്ര ഭംഗിയായി എന്തെങ്കിലും വായിക്കാൻ കഴിഞ്ഞ ഓർമ്മയില്ല. നന്ദി. — സച്ചിദാനന്ദൻ
 • Velappan was a true journalist who reflected things as it is. The lean weak man whom we met outside the university or public library had a pen thousand times stronger. We all were witnessing then the harm the craze for money was doing to the clean and beautiful city in those days. We felt it was words from our heart that he wrote. But the destruction continues …even after three or four decades. Cultural degradation. Deformed aesthetics. There will be no going back — രാമൻ നായർ
 • വേലുവിന്റെ ലേഖനങ്ങൾ ഇങ്ങനെ പ്രസിദ്ധീകരിക്കാൻ കാണിച്ച സന്മനസ്സിന് നന്ദി. വേലപ്പനെ വ്യക്തിപരമായി അറിയുന്നവർക്കുള്ള അമൂല്യ സ്മരണോപഹാരം – ഒരു ഫിലിം അപ്രീസിയേഷൻ വർക്ക്ഷോപ്പിൽ പങ്കെടുക്കുമ്പോൾ കാര്യവട്ടത്തുള്ള സുഹൃത്തക്കളുടെ ഹോസ്റ്റൽ മുറികളിൽ സിനിമ ചർച്ചകൾ കഴിഞ്ഞ് പത്രം വിരിച്ച് ഉറങ്ങിയിരുന്ന രാത്രികൾ ഓർമ്മ വന്നു. വേലപ്പൻ എന്തെഴുതുമ്പോഴും അതിൽ ആ മനസ്സിന്റെ കയ്യൊപ്പുണ്ടാകും. — ബഷീർ അബ്‌ദുൾ
 • ബേക്കർ സായ്‌‌വ് നട്ടപ്ര വെയിലത്ത് സ്പെൻസർ ജംഗ്ഷനിലെ ഫുട്ട്പാത്തിലിരുന്ന് ഞങ്ങടെ കോളേജ് ഉൾപ്പെടെയുള്ള മന്ദിരങ്ങൾ സ്കെച്ചു ചെയ്യുന്നതും വേലപ്പണ്ണൻ രാത്രി മഞ്ഞത്ത് ഒരു തലേക്കെട്ടുമായി സെർഗി പരഞ്ജനോവിൻ്റെ “വിസ്മൃതപൂർവ്വികരുടെ നിഴലുക”ളെക്കുറിച്ചും ഇവോൺ കൊഞ്ചലോസ്കിയുടെ “സൈബീരിയാഡി”നെക്കുറിച്ചും വാതോരാതെ വാദിച്ചു കൊണ്ട് ഞങ്ങൾ സ്റ്റാലിനിസ്റ്റ് വിദ്യാർത്ഥികൾക്കൊപ്പം വാൻറോസിൽ നിന്ന് സ്പെൻസറിലേക്ക് കിതച്ചു നടക്കുന്നതും ഓർമ്മ വരുന്നു. മരിച്ചിട്ട് കൊല്ലമെത്ര കഴിഞ്ഞു. ഇപ്പോഴും, ലോകം കലങ്ങുമ്പോഴെല്ലാം വേലപ്പണ്ണൻ വരും. പതിഞ്ഞു മെലിഞ്ഞ ശബ്ദത്തിൽ തർക്കിക്കും. സായാഹ്നയ്ക്കും ആ പി.ഡി.എഫിന്നും ഹുസൈനും ഒരു ലോഡ് നന്ദി. — അൻവർ അലി