ഫോൺ പതിപ്പുകൾ

മുപ്പതു മുതൽ നാല്പതു മിനിട്ടിനകം വായിച്ചു തീർക്കാവുന്ന ഉള്ളടക്കമാണു് സായാഹ്ന പുറത്തിറക്കുന്ന ഈ ഫോൺ പിഡിഎഫുകളിൽ ഉള്ളതു്. ഇതു വായിക്കുവാനായി ഒരിക്കലും ഒരു കമ്പ്യൂട്ടറോ ഡെസ്ക്ടോപ് ആപ്ലിക്കേഷനുകളൊ ആവശ്യമില്ല.  ആധുനിക മനുഷ്യന്റെ സന്തതസഹചാരിയായ സ്മാർട്ട് ഫോണുകളുടെ സ്ക്രീനിൽ തന്നെ വായിക്കുവാൻ തക്ക രീതിയിലാണു ഈ പിഡിഎഫുകൾ വിന്യസിച്ചിരിക്കുന്നതു്. ഫോണിന്റെ വീതിക്കു നിജപ്പെടുത്തിയ രീതിയിലാണു് മാർജിനുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നതു്.

പിഡിഎഫ് പ്രമാണങ്ങൾ വായിക്കുവാനുള്ള പ്രയോഗങ്ങൾ എല്ലാതരം സ്മാർട്ട്ഫോണുകളിലും ഇന്നു ലഭ്യമാണു്. എന്നിരിക്കിലും സൗജന്യമായി കിട്ടൂന്ന അഡോബി അക്രോബാറ്റ് റീഡർ ആണു് ഇവയിൽ ഏറ്റവും മുന്തിയതു്. അതുകൊണ്ടു് അഡോബി റീഡർ ഇൻസ്റ്റാൾ ചെയ്യുകയും അതിൽ ഈ ഫോൺ പിഡിഎഫുകൾ വായിക്കുകയും ചെയ്യുക.

സ്വതന്ത്രപ്രസാധനം ആഗ്രഹിക്കുന്ന/ഇഷ്ടപ്പെടുന്ന ആർക്കുവേണമെങ്കിലും സായാഹ്നയിലൂടെ സ്വന്തം കൃതികൾ പ്രസാധനം ചെയ്യാവുന്നതാണു്. 30 മുതൽ 60 മിനിട്ടുകൾക്കകം വായിച്ചുതീർക്കാവുന്ന ഉള്ളടക്കം — കഥകൾ, അനുഭവക്കുറിപ്പുകൾ, ലേഖനങ്ങൾ, അഭിമുഖങ്ങൾ, സിനിമാനിരൂപണങ്ങൾ, കവിതകൾ — എന്നു തുടങ്ങി എന്തുവേണമെങ്കിലും അയയ്ക്കാവുന്നതാണു്. അയയ്ക്കേണ്ട വിലാസം: <info@sayahna.org>.

പ്രതികരണങ്ങൾ <info@sayahna.org> എന്ന ഇമെയിലിലേയ്ക്കു് അയയ്ക്കുകയോ, ഈ താളിൽ തന്നെ കമ്മന്റുകളായി ചേർക്കുകയോ ചെയ്യുക. നിർദ്ദേശങ്ങളും വിമർശനങ്ങളും എപ്പോഴും സ്വീകാര്യമാണു്. അവ സായാഹ്നപ്രവർത്തകർക്കു് കൂടുതൽ ഉത്തേജനം നൽകുന്നതാണു്.

ഇതുവരെ പ്രസിദ്ധീകരിച്ച ഫോൺ പതിപ്പുകൾ ഈ കണ്ണിയിൽ ലഭ്യമാണു്: സായാഹ്ന ഫോൺ പതിപ്പുകൾ

 

42 Responses to “ഫോൺ പതിപ്പുകൾ”


 • നിരവധി കാരണങ്ങളാൽ വർഷങ്ങളായി നിർത്തി വച്ചിരുന്ന വായനാശീലം പുനരാരംഭിക്കുവാൻ സാധിച്ചു. സായാഹ്നക്കും അണിയറ പ്രവർത്തകർക്കും നന്ദി.

 • ബൽറാം ബി

  നല്ല വിജ്ഞാന പ്രദം

 • സുനിൽ പ്രസാദ്

  വളരെ നന്നായിട്ടുണ്ട്. അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനന്ദനങ്ങൾ.

 • നല്ല സംഭാവന. അഭിവാദനങ്ങൾ. ഇവ തനതുലിപിയിൽ വരുന്നതും സമസ്തപദങ്ങൾ സമാസിച്ചെഴുതിയും വായിക്കാനാവുന്ന ദിവസങ്ങൾക്കായി കാക്കുന്നു.

 • നന്ദിനി മേനോൻ

  കെ ജി എസിന്റെ പേരാട്ടം ഇന്ന് വായിക്കാൻ കഴിഞ്ഞു, സന്തോഷം. പേരാട്ടം എനിക്ക് ഏറെയിഷ്ടമുള്ള കവിത. ഞാനതൊന്നു തിരിച്ചു വായിച്ചു.

  പേരുകളിൽ ജാതിനാറുന്നതും വിയർപ്പു നാറുന്നതും ഗ്രീസ് നാറുന്നതും ചേറു നാറുന്നതും ശീലം കൊണ്ട് എന്നൊരു ശക്തമായ തോന്നലുണ്ട്. ചേറു നാറുന്നവർക്കു ചേരുന്ന പേരുകൾ, വിയർപ്പു നാറുന്നവർക്കു യോജിക്കുന്ന പേരുകൾ ചന്ദനം ചാർത്തേണ്ട പേരുകൾ, പേരുകൾ മണങ്ങൾ കൊണ്ടു വരുന്നില്ല… കാലങ്ങളായുള്ള ശീലങ്ങൾ ചാർത്തിത്തരുന്ന മണങ്ങൾ…

  സായാഹ്ന ഫൗണ്ടേഷന് നന്ദി, എളുപ്പ വായനകൾക്ക്…

 • നന്ദിനി മേനോൻ

  നിരഞ്ജന്റെ ‘ബാക്കി നില്ക്കുന്നത് ….’
  തള്ളവിരലിൽ തറഞ്ഞു പോയൊരു കാരമുള്ളു പോലെ … എരടിക്കൊണ്ടിരിക്കുന്നു ….
  sayahna

 • ഇത് വളരെ നല്ല ഒരു സംഗതി തന്നെ.

 • സാഹിത്യ രചനകൾ ഏറ്റവും സുന്ദരവും സൗകര്യപ്രദവുമായ വിധത്തിൽ ഓരോരുത്തരുടെയും കൈകളിൽ എത്തിച്ചു് ഒരു പുതിയ വായനാ സംസ്കാരം രൂപപ്പെടുത്തിയതാണു് സായാഹ്നയുടെ മഹത്വം.

 • രാഹുൽ കൃഷ്ണൻ

  വായനാശീലമില്ലാത്ത എനിക്ക് അതുണ്ടാക്കി തന്ന സായഹ്നക്ക് വളരെ നന്ദി. വ്യത്യസ്തമായ അവതരണമാണ് നമ്മെ വായിപ്പിക്കാൻ തോന്നിപ്പിക്കുന്നത് പ്രത്യേകിച്ച് സാഹിത്യവാരഫലം.

 • തിരഞ്ഞെടുക്കപ്പെട്ട കൃതികൾ സമ്മാനിച്ചുകൊണ്ട് സായാഹ്ന വായനയുടെ ലോകത്ത് നല്ലൊരു വഴികാട്ടിയാകുന്നു.

 • സുഹൃത്തേ…

  രചനകളെല്ലാം വളരെ നന്നായി വായിക്കാൻ പറ്റി. വായിപ്പിക്കുന്ന എന്തോ മാന്ത്രികത്വം സായാഹ്നക്ക് ഉണ്ട്! ഇതൊരു നല്ല തുടക്കമാവട്ടെ. പ്രിന്റിൽ ഇല്ലാത്ത പുസ്തകങ്ങൾക്ക് പ്രാധാന്യം നൽകണം. സഹകരണം ഉണ്ടാവും. നന്ദി.

  സി. ഗണേഷ് (അധ്യാപകൻ, സാഹിത്യരചന വിഭാഗം. മലയാള സർവകലാശാല)

 • Venu Edakkazhiyur

  വളരെ മഹത്തായ കാര്യങ്ങളാണ് സായാഹ്ന െചെയ്തു കൊണ്ടിരിക്കുന്നത്. അഭിവാദ്യങ്ങൾ!

 • നന്ദിനി മേനോൻ

  ചുവന്ന മൂപ്പന്റെ ആത്മഗതം, പുതിയ സാഹചര്യത്തിൽ പുനർവായന …
  വെളുത്ത മൂപ്പന്റേ ദൈവത്തെ അവൻ തന്നെ സൃഷ്ടക്കുന്നു.
  നിലവിൽ ചുവന്ന മൂപ്പന് വിട്ടുകൊടുക്കാൻ വെളുത്ത മൂപ്പന്റെ കൈവശം വേറെ ലോകമില്ല.

  വെളുത്ത മൂപ്പന്റേ ഏകാന്തരാവുകളിൽ ചുവന്ന മൂപ്പൻ നിറയുന്നില്ല, കാരണം ചുവന്ന മൂപ്പന് മരണം പോലും സ്വന്തമായില്ല.
  സക്കറിയ സാറിന്

 • നന്ദിനി മേനോൻ

  അഷ്ടമൂർത്തിയുടെ സിംഗപ്പൂരിലെ പക്ഷികൾ …

  വൃത്തിയും വെടിപ്പും സ്വാതന്ത്യവും നിറഞ്ഞ പറുദീസകളിെലെ മനുഷ്യ നിർമ്മിതികൾക്കകത്ത് മുഖക്കോണകങ്ങളുമായി മനുഷ്യൻ പരിമിതപ്പെട്ടു പോയ ഇക്കാലത്ത് ഉയരത്തെ കൊമ്പിലെ തുഞ്ചത്തെ കൂട്ടിലിരുന്ന് കിളികൾ കളിയായി പറയുന്നെതെന്താണ് …!

  നല്ല എഴുത്ത് കുട്ടേട്ടാ …

 • സലാം കറുകപ്പാടത്തു്

  ഒരു വലിയ വായനക്കാരൻ അല്ല, ഞാൻ. പത്രങ്ങളും ആനുകാലികങ്ങളുമാണ് അധികവും വായിക്കുക. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള കുറച്ചു പുസ്തകങ്ങളും വായച്ചിട്ടുണ്ട്. മികച്ചതെന്ന് പലരും പറഞ്ഞു കേട്ട ചില എഴുത്തുകാരെയും ചില പുസ്തകങ്ങളും തേടിപ്പിടിച്ചു വായിക്കാൻ കഴിഞ്ഞു. അതിൽ എല്ലാ വിഭാഗം പുസ്തകങ്ങളും പെടും. പറഞ്ഞു വരുന്നത് ഒരു വായനക്കാരൻ എന്നോ പുസ്തകപ്രേമി എന്നോ ഒക്കെയുള്ള പട്ടത്തിനു ഞാൻ തീരെ അർഹനല്ല എന്നു തന്നെ. വാർദ്ധക്യത്തിന്റെ അലസതയും മടിയും ആ സ്വഭാവത്തെ കൂടുതൽ ശക്തമാക്കി. കോവിഡ് മൂലമുണ്ടായ ലോക്ക്ഡൗണ് പോലും ആ പ്രകൃതത്തിൽ വലിയ മാറ്റമൊന്നുമുണ്ടാക്കിയില്ല.

  വായനാദിനമൊക്കെ വന്നാലും എന്തെങ്കിലുമൊക്കെ വായിച്ചാലായി, അത്രേയുണ്ടായിരുന്നുള്ളൂ. വായനയോട് ഇഷ്ടക്കുറവുള്ളത് കൊണ്ടൊന്നുമല്ല, ഇതു. പൂര മടി തന്നെയായിരുന്നു കാരണം. എന്നാൽ ഇന്നലെ, കുറെ വായിച്ചു. സക്കറിയയുടെ കഥ, അദ്ദേഹം തർജ്ജമ ചെയ്ത സിയാറ്റിൽ മൂപ്പന്റെ പ്രസംഗം, സന്തോഷ് കുമാറിന്റെ കഥ, പണ്ട് വായിച്ചു മറന്നു പോയ കൃഷ്ണൻ നായരുടെ സാഹിത്യവാരഫലങ്ങൾ, കെ.യൂ. അബ്ദുൽ ഖാദറിന്റെ “കുരിശുയുദ്ധത്തിന്റെ കോമഡി” എന്ന കഥ അങ്ങിനെ കുറെ. ഇതൊക്കെ എനിക്ക് വായിക്കാൻ കഴിഞ്ഞത് ചില ഭാഷാപ്രേമികളുടെ കഠിന പ്രയത്നത്തിന്റെ ഫലമാണ്. സി.വി. രാധാകൃഷ്ണൻ, കെ.എച്ച്. ഹുസ്സൈൻ, അശോക്‌ കുമാർ തുടങ്ങി മനുഷ്യസ്നേഹികളും ഭാഷാസ്നേഹികളുമായ ചിലരാണ് മടിയനും വൃദ്ധനായ എന്നെ വായനയുടെ ലോകത്തേക്ക് ഇപ്പോൾ കൈപിടിച്ചു കൊണ്ട് പോകുന്നത്. അവരുടെ കഠിനാധ്വാനത്തിനെ ഫലമായി രൂപപ്പെടുത്തിയിട്ടുള്ള http://www.sayahna.org എന്ന സൈറ്റിലൂടെ, അതിന്റെ മൊബൈൽ വേർഷനിലൂടെയാണ് എനിക്കിപ്പോൾ വായന എളുപ്പത്തിൽ സാധ്യമാകുന്നത്. അതാണെങ്കിലോ, മലയാളത്തിന്റെ സുന്ദരമായ തനതു ലിപിയിലും. സായാഹ്നക്കും, സി.വി.ആറിനും, ഹുസൈനും, അശോകനുമൊക്കെ ഒരായിരം നന്ദി.

  —സലാം

 • ഈ ലിങ്കിൽ കയറി സായാഹ്നയുടെ ഫോൺ പതിപ്പിലുള്ള പുസ്തകങ്ങൾ ഒന്നു തുറന്നു നോക്കൂ… നിങ്ങൾ വായിക്കാൻ തുടങ്ങും മനോഹരമായ ഫോണ്ട്, മനോഹരമായ ചിത്രങ്ങൾ, മികച്ച ലേ ഔട്ട്, നിലവാരം പുലർത്തുന്ന പ്രൊഫഷണലിസം. മലയാളത്തിൽ പുതിയ പുസ്തക സാധ്യത തുറക്കുന്ന സംരംഭം. ഇവിടെ നിങ്ങൾക്ക് ധാരാളം രചനകൾ വായിക്കാം. ഒന്നു കയറി നോക്കൂ…

  http://www.sayahna.org/?p=531

 • സായാഹ്ന ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ഭാവുകങ്ങൾ നേരുന്നു

 • സായാഹ്ന ഫൌണ്ടേഷന്റെ മഹത്തായ ചുവടുവേപ്പിന് ഒരായിരം അഭിനന്ദനങ്ങൾ

 • Muraleedharan Nair

  Thank you very much for this noble effort.

 • വിജ്ഞാനപ്രദമായ എഴുത്തുകൾ. സായാഹ്നക്ക് അഭിനന്ദനങ്ങൾ!

 • അഭിനന്ദനാർഹമായ സംരംഭം. ആശംസകൾ. ഇതിൽ വരുന്ന കൃതികൾ വായിക്കാനെന്താണ് മാർഗം?

  • ആശംസകൾക്കു നന്ദി.

   അതാതു ദിവസത്തെ പ്രസിദ്ധീകരണങ്ങളുടെ ഡൗൺലോഡ് കണ്ണികൾ ഈ പേജിൽ ലഭ്യമാണ്: http://www.sayahna.org/?page_id=19

   ഇതുവരെയുള്ള പ്രസിദ്ധീകരണങ്ങളുടെ ഡൗൺലോഡ് കണ്ണികൾ ഈ പേജിൽ ലഭ്യമാണ്: http://www.sayahna.org/?page_id=31

 • ഗംഗൻ കുഞ്ഞിമംഗലം

  സ്ക്കൂൾ ജീവിതത്തിന്റെ അനുഭവ പരിസരത്തെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ഭാവാത്മകമായി അവതരിപ്പിച്ച കഥയാണ്‌ അജേഷ് കടന്നപ്പള്ളിയുടെ സൈലൻസർ എന്ന കഥ. നല്ല വായനാനുഭവം തന്നു.
  കഥാകൃത്തിന് അഭിനന്ദനങ്ങൾ.

 • നല്ല വായനാനുഭവം പ്രദാനം ചെയ്യുന്ന കഥ. വായിച്ചു കഴിഞ്ഞപ്പോൾ നെടുനീളൻ സ്കൂൾ വരാന്തകളിലൂടെ നടന്നു നീങ്ങിയ പ്രതീതി. വഴി നീളെ കലപിലയും, ഗൗരവ പഠനവും ചിരിയും കളിയുമായി ക്ലാസ് മുറികളിലെകുട്ടികളും. ഇരട്ടപ്പേരിട്ട അന്നും ഇന്നും ഒരു കലയായി കുട്ടികളിൽ ഉൾച്ചേർന്നിരിക്കുന്നു. എല്ലാം രസകരമായി ഒരു ചിത്രത്തിലെന്ന പോലെ വരച്ചു വച്ചിരിക്കുന്ന കഥ വളരെ നന്നായി. കഥാകൃത്തിന് അഭിനന്ദനങ്ങൾ!

 • സ്കൂൾ അന്തരീക്ഷത്തിലെ സ്വാഭാവിക നർമ്മങ്ങളെയും യാഥാർഥ്യങ്ങളെയും സരസരൂപത്തിൽ ലളിതമായി അവതരിപ്പിക്കുന്നതാണ് സയലൻസർ എന്ന ചെറുകഥ. പ്രിയപ്പെട്ട അജേഷ്‌ മാഷിന്‌ അഭിനന്ദനങ്ങൾ. ഇനിയും പ്രതീക്ഷകൾ… കാത്തിരിക്കുന്നു.

 • സതീശൻ. പി

  അജേഷ് കടന്നപ്പള്ളിയുടെ സൈലൻസർ വായിച്ചു. ഇഷ്ടപ്പെട്ടു. ഓൺലൈൻ ക്‌ളാസുകൾക്കിടയിൽ നഷ്ടപ്പെട്ടുപോകുന്ന ഇത്തരം കൊച്ചു കൊച്ചു തമാശകളും, പ്രണയവും ഒരു കാലഘട്ടത്തിന്റെ ഓർമ പുതുക്കുന്നു.

 • It was a wonderful experience to read V. Musafer Ahammed’s story Touring talkies. Same time it saddened my heart and his language is really touching.

 • സായാഹ്നത്തിലേക്ക് എന്നെ സ്നേഹപൂര്‍വ്വം ക്ഷണിച്ച പ്രിയ സുഹൃത്ത് ശ്രീ ഇ മാധവന് നന്ദി . ഞാന്‍ എഴുത്തുകാരനല്ല. ഫെയ്സ്ബുക്കിലെ ചില ഗ്രൂപ്പുകളില്‍ എഴുതുന്നതൊഴിച്ചാല്‍ കാര്യമായ പ്രസിദ്ധീകരണങ്ങളൊന്നുമില്ല. വായനക്കാരനായി ഗ്രൂപ്പില്‍ ഞാന്‍ എന്നും ഉണ്ടാവും.

  ‘മൂന്നാമത്തെ കഥ’ വായിച്ചു. കഥാപാത്രങ്ങളെ അന്വേഷിച്ച് നടക്കുന്നയൊരാളുടെ നേര്‍ക്കാഴ്ച്ച രസകരമായി.
  വരാം.
  രാജന്‍ പടുതോള്

 • ശ്രീ സുനില്‍ പി ഇളയിടം സ്പര്‍ശിക്കാന്‍ വിട്ടുപോയെന്ന് എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ:

  രാജ്യത്തെ രാഷ്ട്രമായി പുനര്‍നിര്‍മ്മിക്കുമ്പോളാണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്. രാജ്യം രാജാവിന്റെയാണ്. രാജാവിന് കല്‍പ്പിതമായ ഒരു ദെെവികപരിവേഷവുമുണ്ട്‌. ദേവദത്തമായ രാജാധികാരത്തിന്‍കീഴില്‍ പ്രജ (subject) എന്ന അവസ്ഥയും, രാജ്യവും ദേവദത്തമാണെന്നുവരുന്നു. രാജഭക്തി അതുകൊണ്ടുതന്നെ ദെെവഭക്തികൂടിയാണ്. ദെെവകോപവും രാജകോപവും രണ്ടല്ല. ദെെവനിഷേധം രാജ്യദ്രോഹമാണ്. ഈ രാജ്യദ്രോഹകുറ്റം സ്വയം ഏറ്റെടുത്ത് പ്രജയെ ‘ജനാ’ധിപത്യരാഷ്ട്രത്തിലെ പൗരനാക്കി ഉയര്‍ത്തുകയാണ് സ്വാതന്ത്ര്യസമരനായകന്മാര്‍ ചെയ്യുന്നത്, ചെയ്യാന്‍ ആഗ്രഹിക്കുന്നത്.

  പ്രജ പൗരനാവുകയും രാജ്യം രാഷ്ട്രമാവുകയും ചെയ്യുന്നത് ഏതെങ്കിലും അര്‍ദ്ധരാത്രി നടക്കുന്ന ഒരു മഹാസംഭവമല്ലെന്ന് ചുരുക്കം. പ്രജ എന്ന മാനസികാവസ്ഥയെ പൗരത്വത്തിലേയ്ക്ക് ഉയര്‍ത്താന്‍, സ്വയം സമര്‍പ്പിതഭക്തിയുടെ പിടിയില്‍നിന്ന് പ്രജയെ മോചിപ്പിക്കാന്‍, മതേതരവും രാഷ്ട്രീയ ദര്‍ശനത്തിലധിഷ്ഠിതവുമായ നിരന്തരമായ പോരാട്ടത്തിനേ കഴിയു.

  ഇന്ത്യയില്‍ നടന്ന സഹനസമരത്തിന് അങ്ങനെയൊരു രാഷ്ട്രീയാശയം ഉണ്ടായിരുന്നുവോ? ”രഘുപതി രാഘവ രാജാറാം പതീത പാവന സീതാറാം…” എന്ന ഗാന്ധിയുടെ പ്രാര്‍ത്ഥനയല്ലേ സ്വാതന്ത്ര്യസമരമുഖത്ത് നാം ചൊല്ലിയാടിയത്? പ്രജകളെ ഒന്നിപ്പിക്കാന്‍ ഗണേശ ചതുര്‍ത്ഥി എന്ന മതബിംബം അല്ലെ നമ്മള്‍ ഉപയോഗിച്ചത്? കോട്ടും മേല്‍ക്കുപ്പായവുമഴിച്ചുവെച്ച് ഗ്രാമീണരില്‍ ഒരാളായി സ്വയംമാറിയ ഗാന്ധി ഇന്ത്യക്കാരില്‍ രാജഭക്തിക്കതീതമായ പൗരബോധം ഉണര്‍ത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നില്ലെ?

  അതുകൊണ്ടല്ലെ, സ്വാതന്ത്ര്യലബ്ധിക്കുശേഷവും ചക്രവര്‍ത്തിമാരുടെ തേരോട്ടം ഓര്‍മ്മിപ്പിക്കുന്ന ”രഥയാത്ര” ജനാധിപത്യരാഷ്ട്രത്തില്‍ ഒരു വെെരുദ്ധ്യമാണെന്ന് പൗരസമൂഹം തിരിച്ചറിയാതിരിക്കുന്നത്? തിരുവിതാങ്കൂര്‍രാജാവിന് സമ്മാനമായി കിട്ടിയ സ്വത്ത് നിയമംവഴി പത്മനാഭസ്വാമിയുടേതാണെന്ന് ഭരണഘടനാബഞ്ച് വിധിച്ചത് അതുകോണ്ടല്ലെ? കൊച്ചി ദേവസ്വം ഭരിക്കുന്ന ശബരിമല ക്ഷേത്രം പന്തളം രാജാവിന്റെ സ്വകാര്യസ്വത്തല്ല എന്നു തീര്‍ത്തുപറയാന്‍ കോടതിക്കുപോലും കഴിയാത്തതും അതുകൊണ്ടല്ലേ? ദേവ-രാജഭക്തിയില്‍ കുടുങ്ങിക്കിടക്കുന്ന പ്രജകള്‍ മാത്രമല്ലേ ഇന്നും നമ്മള്‍?

  ജനങ്ങളുടെ മനസ്സില്‍ രൂഢമൂലമായ ”രാജ-ദേവ ” ബിംബങ്ങളെ പൗരബോധം എന്ന മതേതര സംസ്കാരംകൊണ്ട് മാറ്റിയെടുക്കാന്‍ ഉതകുന്ന ഇടതുപക്ഷ അവബോധം ഇവിടെ ഇന്നും ബുദ്ധിജീവികള്‍ക്കിടയിലെ സംവാദങ്ങള്‍ മാത്രമായി ഒതുങ്ങിക്കിടക്കുകയല്ലെ?

 • ഭാവുകങ്ങൾ!

 • ശ്രീ നിസാര്‍ അഹമ്മദിന്റെ ലേഖനം മൊബെയില്‍ ഫ്രന്റലി അല്ലെന്നാണ് എനിക്ക് തോന്നിയത്. ലേഖനത്തിന്റെ ദെെര്‍ഘ്യം മാത്രമല്ല, പ്രശ്നം. സദസ്സില്‍ അവതരിക്കപ്പെട്ട പ്രമേയം അതേപടി വായനക്ക് പകര്‍ത്തുന്നതിലുള്ള ഭാഷാപ്രശ്നവും പ്രധാനമാണ്. ശ്രവണസുഖമുള്ളത് വായനാസുഖമുള്ളളതാവണമെന്നില്ല. ഇവിടെയും ഇതാണ് പ്രശ്നം. വായനക്ക് പാകത്തില്‍ പ്രൂഫ്റീഡിങ്ങ് വേണ്ടതായിയുന്നു. നന്ദി .

 • good initiative. All the very best.

 • സുന്ദരം, വിജ്ഞാനപ്രദം! അറിവിന്റെ വാതിലുകൾ തുറക്കുന്ന സായാഹ്നയ്ക്ക് അഭിവാദ്യങ്ങൾ!!

 • ചില്ലകളിൽ കാതൽ തിരയുമ്പോൾ

  ചില്ലകളിൽപ്പോലും കാതലുള്ള വൃക്ഷം എന്ന രൂപകത്തിൻ്റെ തണൽപറ്റിയാണ് ശ്രീ.വി.ആർ.സന്തോഷ് സച്ചിദാനന്ദസാഹിത്യത്തെ കമ്പോടുകമ്പ് അറുത്തുമുറിച്ചു വായിക്കാൻ പുതുപുത്തൻമഴുവും ഓങ്ങാൻ പാങ്ങുള്ളമരംവെട്ടുകാരും ആവശ്യമാണെന്ന് സമർത്ഥിക്കുന്നത്.

  പേനയെടുത്തവരെല്ലാം എഴുത്തുകാരും
  പേയ് നാവുള്ളവരെല്ലാം അവരുടെ വൈതാളികരുമായിമാറുന്ന പാഴ്മരക്കൂത്തിൻ്റെ കാലത്ത് കാതലുള്ള പഴമരങ്ങളേയും മരമറിഞ്ഞ് മഴുപ്രയോഗിച്ച തഴമ്പുറ്റ മരംവെട്ടികളെയും സന്തോഷ് സ്മരിക്കുന്നുണ്ട്.

  സന്തോഷിൻ്റെ രൂപകത്തണലിൽ നിന്നു നോക്കിയാൽ അരനൂറ്റാണ്ടിലേറെക്കാലം മലയാള മണ്ണിൽ വേരുറപ്പിച്ച് ആഗോളാന്തരീക്ഷത്തിലേക്ക് ചില്ലകൾ നീട്ടി നില്ക്കുന്ന സൂര്യോന്മുഖമായ ഒരു വടവൃക്ഷം തന്നെയാണ് ശ്രീ സച്ചിദാനന്ദൻ. അഞ്ചു സൂര്യൻമാർ എന്നൊരു കവിതതന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്.

  അരനൂറ്റാണ്ടുകാലത്തെ മാത്രമല്ല തമിഴകത്തെ സംഘത്തിണകൾ തൊട്ടുള്ള രാഷ്ട്രീയസാംസ്കാരികമുദ്രകൾ ഈ വൃക്ഷത്തിൻ്റെ വാർഷികവലയങ്ങളിൽ അങ്കനം ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ മലയാളം കേവലം ഒരു കവിതമാത്രമല്ല, മലയാളിയുടെ സാംസ്കാരികചരിത്രത്തിൻ്റെ കാവ്യരേഖ കൂടിയാണ്.

  ദളിത് /സ്ത്രീ പരിസ്ഥിതി -വാദങ്ങളുടെ പ്രത്യയ ഭൂമികകളിലേക്ക് വേരുകൾ പടർത്തിയും അന്യ ഭൂഖണ്ഡങ്ങളിലേയും സ്വക്ഷേത്രത്തിലേയും കവിതയിലെ ഏറ്റവും പുതിയ ഷോണറുകൾ(Genre) വലിച്ചൂറ്റിയുമാണ് ഈ
  കവിവൃക്ഷം അടിമുടി’കാതല’നായത്.

  ഈ വൃക്ഷചൈതന്യരഹസ്യം അതിൻ്റെ വേരിലും പൂവിലും കായിലും ചികയുകയാണെങ്കിൽ നമുക്കുകണ്ടെത്താൻ കഴിയുക അത് സ്വയംശരിപ്പെടുത്തലിന് നിരന്തരം വിധേയമാക്കുന്നു എന്നതാണ്. ഒത്തിരി ശരികൾ ചേർത്തു ചേർത്താണ് അത് വലിയൊരു ശരിമരമായത്.

  അതിൻ്റെ ഓരോ ചില്ലയും പ്രതിവർഷംനീളുന്ന ദൈർഘം നമുക്ക് മുൻകൂട്ടി കണക്കുകൂട്ടിപ്പറയാൻ കഴിയുമെന്നതാണ് ആ ശരിമരൻ്റെ ദൗർബ്ബല്യം. അത് എങ്ങോട്ടൊക്കെ ചായുമെന്നും നമുക്കു പ്രവചിക്കാൻ കഴിയും.
  അതായത് രാഷ്ട്രീയശരികളുടെ ആകാശത്തേക്ക് മാത്രം ചില്ലകൾ വിരിച്ചു നില്ക്കുന്ന ആമൂലാഗ്രം കാതലാർന്ന കവിവൃക്ഷമാണ് സച്ചിദാനന്ദമരമെന്ന് സംഗ്രഹിക്കാൻ കഴിയും.
  പ്രവചനാതീതമായ കവിതയുടെ ഒരു ചില്ല പോലും ആ മരത്തിലില്ല.

  മോഹൻ ദാസ് കരംചന്ദ് ഗാന്ധിയിൽ ഒരു ദളിത് വിരുദ്ധനെ കണ്ടെത്താൻ കഴിയും. സ്ത്രീവിരുദ്ധനെ കയ്യോടെ പിടികൂടാൻ കഴിയും.എന്നാൽ സച്ചിദാനന്ദനിൽ ഇത്തരം വ്യതിയാനങ്ങളുടെ, അപ-ബോധങ്ങളുടെ ഒരു ഇലയനക്കംപോലും കണ്ടെത്താനാവില്ല. ഓരോ ദിനവും രാഷ്ട്രീയവും സാംസ്കാരികവുമായ സന്ദർഭങ്ങളിൽ സജീവമായി ഇടപ്പെട്ട് കരണപ്രതികരണങ്ങളിലൂടെ സ്വയം മൂർച്ചകൂട്ടുന്ന സച്ചിദാനന്ദൻ്റെ കവിത അദ്ദേഹം പോലുയറിയാതെ ജനിതകഎഡിറ്റിങ്ങിന് വിധേയമാക്കപ്പെടുന്നതിനാലാണ് അത് അപകടകരമായ ശരിയായി മാറിപ്പോകുന്നത്.

  പണ്ട് കെ.ജി.എസ്സിനെക്കുറിച്ച് സച്ചിദാനന്ദനെഴുതിയത് ഓർമ്മിച്ചു പോവുകയാണ്. വർഷത്തിൽ ഒരിക്കൽമാത്രം പുഷ്പിക്കുന്നവൃക്ഷം! സച്ചിദാനന്ദനെക്കുറിച്ചും അങ്ങനെ ആഗ്രഹിച്ചു പോവുകയാണ്. പ്രവചനാതീതമായി പുഷ്പിക്കുന്ന ഒരു കാവ്യ മരമായി ശരിതെറ്റുകളുടെ ആകാശത്തേയ്ക്ക് അദ്ദേഹം ചില്ലകൾ നീർത്തിയിരുന്നുവെങ്കിൽ!

 • Radhakrishnan Keezhamana

  വായിച്ചു.
  മനോഹരം.
  ബാല്യ കുതൂഹലങ്ങളുടെ യഥാതഥ വർണ്ണന അസൂയാർഹം.

  തൃശൂർ ഗ്രാമീണതയുടെ ഭാഷാ സൗന്ദര്യം ഒട്ടും ചോരാതെ ആവിഷ്കരിച്ചിരിയ്ക്കുന്നു. (മറ്റു ദേശക്കാർക്ക് ചില സംവേദന പരിമിതികൾ സൃഷ്ടിയ്ക്കുമെങ്കിലും). പാത്തുമ്മ മാത്രമല്ല ആട്ടുടമ എന്ന് മലയാളത്തെ അറിയിയ്ക്കാൻ കഴിഞ്ഞു എന്ന സവിശേഷത കൂടി ഈ രചനയ്ക്കുണ്ട്. ചെറുബാല്യങ്ങൾ നിത്യം പീഡിപ്പിയ്ക്കപ്പെടുന്ന വർത്തമാനാവസ്ഥയിൽ മനുഷ്യന്റെ എല്ലാ സ്വഭാവ വൈകല്യങ്ങളും (?) അപരിഷ്കൃതങ്ങളും സ്വാതന്ത്ര്യവും ഉണ്ടായിരുന്നിട്ടു കൂടി, ബാല്യങ്ങൾക്ക് സ്വതന്ത്രമായ സംരക്ഷണം സാധ്യമായിരുന്നു എന്ന സവിശേഷതയും ഈ ഓർമ്മക്കുറിപ്പ് പകരുന്നു.

  നന്ദി, സ്നേഹം, സന്തോഷം!
  ❤️

 • ജോമിൻ ജോണി

  സായാഹ്നക്ക് ആശംസകൾ, ഇത് കാലത്തിന്റെ വിജയമാണ്, സാഹിത്യമുന്നേറ്റമാണ് കെ ജി എസിന്റെ കവിതകൾ പ്രസിദ്ധീകരിച്ചത് അതിമനോഹരം!

 • ആദിത്യ ശിവദാസ്, കൊടുങ്ങല്ലൂർ

  നിലവിലെ സാമൂഹിക അവസ്ഥയെ പറ്റി ചിന്തിക്കുമ്പോൾ ഈ കവിത ദീർഘവീക്ഷണമുള്ള കവിയുടെ ഉദാത്ത സൃഷ്ടിയാണ്. തകഴിയും മൂപ്പനും മാന്ത്രികകുതിരയുമെല്ലാം ഓരോരോ ബിംബങ്ങളാണ്. എഴുതിയ കാലഘട്ടത്തിൽ ഇവയെല്ലാം ആഗോളവൽക്കരണത്തെ ചോദ്യം ചെയ്യുകയും. സ്വപ്നം എന്ന ഉൾവിളിയിലൂടെ രാഷ്ട്രീയത്തെ ഉണർത്തുകയും ചെയ്യുന്നു. ഇന്ന് ഈ കാലഘട്ടത്തിലേക്ക് വരുമ്പോൾ മുതലാളിത്തവും അധികാരമേലാളന്മാരും മാന്ത്രിക കുതിരയുടെ സ്വരൂപങ്ങളായി കൂട്ടി ചേർക്കപെടുന്നു. സാമൂഹിക അന്തരീക്ഷം വിലയിരുത്തിയാൽ തങ്ങളുടെ വിളകൾ കാക്കാൻ നിരവധി മൂപ്പന്മാർ കുഴിമാടത്തിൽ നിന്ന് ചാത്തൻമാരെ പറഞ്ഞു വിടുന്നു. കാലഘട്ടത്തെ കുറിച്ച് ബോദ്ധ്യപ്പെടുത്താൻ ഇത്തരം കൃതികളുടെ പുനർവായന സാധ്യമാക്കുന്ന സായാഹ്നയ്ക്ക് നന്ദി ❤️

 • ഇപ്പോഴാണ് സായാഹ്നയെക്കുറിച്ചറിയുന്നത്. ഭാഷാ അദ്ധ്യാപകനായ എനിക്ക് ഏറെ സഹായകമാണ് ഇതിലെ ലേഖനങ്ങൾ. ഇതിന്റെ പ്രവർത്തകരെ അഭിനന്ദിക്കുന്നു.

 • സായാഹ്നയ്ക്ക് അഭിവാദ്യങ്ങൾ. ദിവസവും വായിക്കാൻ കിട്ടുന്ന സൃഷ്ടികൾ അതിന്റെ വൈവിധ്യം കൊണ്ടു തന്നെ എന്നെപ്പോലുള്ള ചെറിയ വായനക്കാരെ അത്ഭുതപ്പെടുത്തുകയും വായനയുടെ അനുഭവത്തെ അർത്ഥവത്താക്കി മാറ്റുകയും ചെയ്യുന്നു. ഈ ഉദ്യമത്തിനു പിന്നിൽ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കുന്നു.

 • Dr. U. JAYAPRAKASH

  വൈകിയാണ് ഈ സംരംഭത്തെക്കുറിച്ച് അറിയുന്നത്. ഇനി ഇതുമായി സജീവമായി സഹകരിക്കാൻ ആഗ്രഹിക്കുന്നു. ലിസിടീച്ചർ മുൻകൈയെടുത്ത കേരളപാണിനീയത്തിൽ പങ്കാളിയാണ്. സസ്നേഹം, ഡോ.യു.ജയപ്രകാശ്.

 • ഡോ.സജിന കെ എഴുതിയ രാമചരിത വ്യാഖ്യാനം വായിച്ചു. Easy read n wonderful job

Leave a Reply