Archive for the 'Fiction' Category

പ്രണയത്തിന്റെ അപനിർമ്മാണം

Anoop-01സക്കറിയയുടെ ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന നോവല്‍ കുറച്ചൊന്നുമല്ല സോമസുന്ദരത്തെ സ്വാധീനിച്ചത്. ഈ നോവലിന്റെ ശില്പഘടന, ഭാഷാനവ്യത, ഉത്തരാധുനികപ്രവണത, ഉപമാവിശേഷങ്ങള്‍, ജൈവഘടന, വിമോചനത്തിന്റെ ഭാഷാശാസ്ത്രം, ഭാവനയുടെ വജ്രരേഖകള്‍ എന്നിങ്ങനെ ഏഴു ലേഖനങ്ങള്‍ സോമസുന്ദരം എഴുതി. എന്നാല്‍ പത്രാധിപന്മാര്‍ക്ക് അയച്ചുകൊടുക്കാന്‍ സേമസുന്ദരം ധൈര്യപ്പെട്ടിട്ടില്ല. എം.എ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും പെണ്‍കവിതയുടെയും പെണ്‍സ്വാതന്ത്ര്യത്തിന്റെയും പ്രചാരകയും അതിസുന്ദരിയുമായ നന്ദിനിക്ക് ഈ ലേഖനങ്ങള്‍ സോമസുന്ദരം ആദ്യവായനയ്ക്ക് കൊടുത്തു.

രണ്ടു ദിവസത്തിനുശേഷം ലേഖനപാരായണം പൂര്‍ത്തിയാക്കിയ നന്ദിനി, സോമസുന്ദരം എന്ന യുവലക്ചറര്‍ മാത്രം സ്റ്റാഫ്റൂമിലുള്ളപ്പോള്‍ അവിടേക്കു കടന്നു ചെന്നു. അപ്പോള്‍ നന്ദിനിയുടെ കൈയില്‍ ‘ഫെമിനിസം അന്‍ഡ് ടെയിലറിംഗ്’ എന്ന പുസ്തകമുണ്ടായിരുന്നു. സോമസുന്ദരം ആ പുസ്തകത്തിന്റെ പുറംചട്ട മാത്രം വായിച്ചു തിരികെ നല്കിയപ്പോള്‍ നന്ദിനി ചോദിച്ചു. “എന്തര് സാറേ അത്ര പിടിച്ചില്ലെന്നു തോന്നണല്ലോ?” സോമസുന്ദരം ശബ്ദം താഴ്ത്തിപ്പറഞ്ഞു: “അതുകൊണ്ടല്ല നന്ദിനീ, ഞാനൊരു ഉത്തരാധുനികനോവല്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ മറ്റൊന്നും വായിക്കാനാവില്ല.” അതെന്ത് എന്ന ഭാവം കണ്ണുകളില്‍ തെളിയിച്ച നന്ദിനിയോട് സോമസുന്ദരം തുടര്‍ന്നു “ഇതു വായിച്ചാല്‍ അതു മറന്നുപോകും. അത്രയ്ക്കു കോംപ്ലിക്കേറ്റഡ് സാധനം.” …

സി അനൂപിന്റെ പ്രണയത്തിന്റെ അപനിർമ്മാണം എന്ന ചെറുകഥയുടെ തുടക്കമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇതടക്കം പത്തോളം കഥകളടങ്ങുന്ന ഈ പേരിൽത്തന്നെയുള്ള ചെറുകഥാസമാഹാരം സായാഹ്നയിൽ വായിക്കുക: അനൂപ്: പ്രണയത്തിന്റെ അപനിർമ്മാണം.

ഉപരോധം

CVBalakrishnan-01കീഴാളരുടെ സ്വയം പ്രതിരോധത്തിന്റെ കഥകള്‍ ഏറെയുണ്ടെങ്കിലും, മനസ്സിനെ ഇത്രയേറെ സ്പര്‍ശിക്കുന്ന, തീക്ഷ്ണത തുടിക്കുന്ന, എന്നാല്‍ അതിഭാവുകത്വം ദുര്‍ബലപ്പെടുത്താത്ത ഒരു നരേറ്റീവ് അപൂര്‍‌വമാണ്‌. പ്രസിദ്ധ നോവലിസ്റ്റും തിരക്കഥാകൃത്തുമായ സി.വി.ബാലകൃഷ്ണന്റെ ഉജ്ജ്വലമായ നോവല്‍ ഉപരോധം സായാഹ്ന പ്രസിദ്ധീകരിച്ചു. പ്രസിദ്ധ ചിത്രകാരൻ സി.എൻ. കരുണാകരന്റെ ചിത്രീകരണങ്ങളാൽ അനുഗ്രഹീതവുമാണ് ഈ കൃതി. http://ml.sayahna.org/index.php/Uparodham

വ്യാസനും വിഘ്നേശ്വരനും

Anand-02“അറിവ് സ്വാതന്ത്ര്യ­മാണെന്നും ശക്തിയാ­ണെന്നും മറ്റും പറയുന്നത് എത്രത്തോളം ശരിയാണ്? വിദ്യമൂലം മനുഷ്യന് പീഡനങ്ങള്‍ അനുഭവിക്കേ­ണ്ടതായി വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ അനവധിയാണ്‌. വെറും ജീവിതത്തി­നു വേണ്ടി, മരണ­ത്തില്‍ നിന്നു മുക്തനാകു­വാനായി പലപ്പോഴും മനുഷ്യര്‍ക്ക് അവരുടെ വിദ്യയെ ബലികഴി­ക്കേണ്ടി വന്നിട്ടു­ള്ളതായി നാം കാണുന്നു.” സ്വാതന്ത്ര്യസമരത്തെ വളരെയധികം സ്വാധീനിച്ച ബംഗാളിലെ നെയ്ത്ത് തൊഴിലാളികളുടെ തൊഴിൽ ജീവിതം തന്നെ ഇതിന് ഒരു ഉദാഹരണമാണ്. മാർക്കറ്റ് നിരക്കിൽ നിന്നും നാല്പത് ശതമാനം കുറഞ്ഞ നിരക്കിൽ ഈസ്റ്റിൻഡ്യാകമ്പനിക്ക് വേണ്ടി പട്ട് നൂൽ നൂൽക്കുവാനും നെയ്യുവാനും ഈ ഹതഭാഗ്യർ നിർബന്ധിതരായി. തയ്യാറാവാത്തവരെ മുക്കാലിയിൽ കെട്ടി പൊതുസ്ഥലങ്ങളിൽ വെച്ച് ദാരുണമായി മർദ്ദിച്ചു. വേദനയും ദൈന്യതയും സഹിക്കവയ്യാതെ അനേകം നെയ്തുകാർ തള്ളവിരൽ മുറിച്ചുകളഞ്ഞ് നൂൽക്കാനും നെയ്യാനുമുള്ള കഴിവ് നഷ്ടപ്പെടുത്തി, മർദ്ദനത്തിൽ നിന്നും ചൂഷണത്തിൽ നിന്നും മോചനം നേടിയത് പാടുപെട്ട് സമ്പാദിച്ച കഴിവുകളെ എന്നേയ്ക്കുമായി ജീവിതത്തിൽ നിന്ന് വിച്ഛേദിച്ചുകൊണ്ടാണ്. അറിവും കഴിവും അസ്വാതന്ത്ര്യത്തിന്റെയും ചൂഷണത്തിന്റെയും നിദാനമാവുന്നതിന്റെ, ചരിത്രം രേഖപ്പെടുത്തിയ സംഭവങ്ങളിൽ ഒന്നാണിത് (ആർ സി ദത്ത്: കേംബ്രിഡ്ജ് ഇക്കണോമിക് ഹിസ്റ്ററി ഓഫ് ഇൻഡ്യ, ഭാഗം ഒന്ന് കാണുക).

ധനുർവിദ്യയിൽ ഗുരുജനസഹായമില്ലാതെ അർജ്ജുനനെക്കാൾ നൈപുണ്യം നേടിയത്, ഏകലവ്യന് തള്ളവിരൽ നഷ്ടപ്പെടുവാനും ധനുർവിദ്യ എന്നേയ്ക്കുമായി ഉപേക്ഷിക്കുവാനും കാരണമായി. നിപുണത നാമൊക്കെ പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങളല്ല പലപ്പോഴും നമുക്ക് തരുന്നത്. വിദേശസഹകരണത്തോട്കൂടി നടത്തപ്പെടുന്ന ഇന്ത്യൻ ഐടി മേഖലയിലെ വ്യവസായങ്ങളിൽ ഈ പ്രതിഭാസം ഇന്നും പല രൂപങ്ങളിലും മാനങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഏകലവ്യന്റെ ശുഷ്ക്കാന്തിയോടും ഏകാഗ്രതയോടും ബൗദ്ധികപ്രവർത്തനത്തിൽ ഏർപ്പെടുന്ന എല്ലാ ഇന്ത്യൻ സാങ്കേതിക സംരഭകരുടെയും വിദഗ്ദ്ധരുടെയും സാങ്കേതികസർഗ്ഗരചനകൾ തന്ത്രപരതയുടെയും വികലമായ വ്യാവസായികനിയമങ്ങളുടെയും പിൻബലത്തോടുകൂടി അനവരതം അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണ്. എതിർക്കുന്നവരെ തീരാത്ത നിയമയുദ്ധങ്ങളിൽ കുടുക്കി ജീവിതേച്ഛയും സർഗ്ഗചോദനകളെയും ചോർത്തിക്കളയുകയും ചെയ്യുന്നു, പൊതുസ്ഥലത്തെ മർദ്ദനത്തിന്റെ ആധുനിക രൂപമാണത്.

ഈ ആശയം ഏകലവ്യന്‍, അഭിമന്യു, അംബപാലി, ധര്‍മാധികാരി, ആനന്ദന്‍ തുടങ്ങിയ കഥാപാത്ര­ങ്ങളിലൂടെ ദാർശനികഭദ്രതയോടുകൂടി ഉരുത്തി­രിയുകയാണ് ‘വ്യാസനും വിഘ്നേശ്വരനും’ എന്ന ആനന്ദിന്റെ നോവലിൽ. ജനാധിപത്യത്തിന്റെ ബലഹീനതയായി ഇന്ന് കാണപ്പെടുന്ന, ആൾക്കൂട്ടത്തിന്റെ എണ്ണത്തിന്റെ ശക്തിയിൽ വീണുടയുന്ന ബൗദ്ധിക സാംസ്കാരിക മൂല്യങ്ങളുടെയും, നഷ്ടപ്പെട്ടുപോകുന്ന വിലപ്പെട്ട ജീവിതങ്ങളുടെയും പരിച്ഛേദമാണ് നോവലിന്റെ ഉത്തരാർദ്ധത്തിൽ. ‘വ്യാസനും വിഘ്നേശ്വരനും’ സായാഹ്നയിൽ ഇവിടെ വായിക്കുക: http://ml.sayahna.org/index.php/V-and-v

ഒന്നാം പാഠം ബഹിരാകാശം

Aymanam Johnആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിൽ ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥയിലൂടെ നല്ല വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ച് കഥകളേയെഴുതിയിട്ടുള്ളു.  നിറഞ്ഞ അനുതാപത്തോടെയും ഒരുതരം ഇരുണ്ട നർമ്മവിമർശനത്തിലൂടെയും ജോൺ രേഖപ്പെടുത്തിയ ചരിത്രം പാരിസ്ഥിതികദൃശ്യശബ്ദരേഖകളാൽ സമൃദ്ധമാണ്. ജോണിന്റെ ഒന്നാം പാഠം ബഹിരാകാശം എന്ന ചെറുകഥാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇവിടെ കാണുക: http://ml.sayahna.org/index.php/OnnamPadhamBahirakasam

ഇ ഹരികുമാറിന്റെ പത്ത് പുസ്തകങ്ങൾ

EHarikumarപ്രസിദ്ധ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശ്രീ ഇ ഹരികുമാറിന്റെ പത്ത് പുസ്തകങ്ങൾ സായാഹ്ന പുനഃപ്രസിദ്ധീകരിച്ചിരിക്കുന്നു. 1988-ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ‘ദിനോസറിന്റെ കുട്ടി’, 1997-ലെ പത്മരാജൻ പുരസ്‌കാരം ലഭിച്ച ‘പച്ചപ്പയ്യിനെ പിടിക്കാൻ’, 1998-ലെ നാലപ്പാടൻ പുരസ്‌കാരം കിട്ടിയ ‘സൂക്ഷിച്ചുവച്ച മയിൽപ്പീലി’ എന്നീ പുസ്തകങ്ങളും ഇതിൽ‌പ്പെടും. അവശേഷിക്കുന്ന ഇരുപതോളം പുസ്തകങ്ങളുടെ പണി ധൃതഗതിയിൽ നടക്കുന്നുണ്ട്, റെഡിയായി വരുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.

ഇവിടെ സന്ദര്‍ശിക്കുക.

ഇന്ദുലേഖ

സായാഹ്ന ഫൌണ്ടേഷന്‍ അതിന്റെ പ്രാരംഭദശയില്‍തന്നെ ഡിജിറ്റല്‍ രൂപത്തിലാക്കി പൊതുസഞ്ചയത്തിലേയ്ക്ക് സമര്‍പ്പിച്ച പുസ്തകങ്ങളിലൊന്നാണ് ചന്തുമേനോന്‍ രചിച്ച ‘ഇന്ദുലേഖ’ എന്ന മലയാളത്തിന്റെ ആദ്യ നോവല്‍. അന്നും ഇന്നും പ്രചാരത്തിലുള്ള സമാനങ്ങളായ നിരവധി പ്രസിദ്ധീകൃത രൂപങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന് സായാഹ്നയും അവലംബമാക്കിയത്. എന്നാല്‍ കാലാകാലങ്ങളായി മലയാളികള്‍ വായിച്ചു വന്ന ‘ഇന്ദുലേഖ’ വികലമാക്കപ്പെട്ട ഒന്നാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിന്റെ 2014 ഏപ്രില്‍ 13–19 ലക്കം പുറത്തിറങ്ങിയത്. മലയാളത്തിലെ മികച്ച നിരൂപകരും ഭാഷാ പണ്ഡിതരുമായ ഡോ. പി.കെ. രാജശേഖരനും ഡോ. പി. വേണുഗോപാലനും ചേര്‍ന്നു നടത്തിയ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന്റെ ഫലമായാണ് ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍നിന്ന് ‘യഥാര്‍ത്ഥ’ ഇന്ദുലേഖ മലയാളത്തിന് ലഭിക്കുന്നത്. പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പീഠികകളെക്കുറിച്ചുള്ള അന്വേഷണം ഇത്തരം ഒരു കണ്ടെത്തലിലേയ്ക്ക് നയിക്കുമെന്ന് ആരു കണ്ടു. നോവലിലുടനീളം ഭാഷാപരമായ കൈകടത്തലുകള്‍ കൂടാതെ അവസാന അദ്ധ്യായം ഗുരുതരമായ ഒഴിവാക്കലുകള്‍ക്കും വെട്ടിമാറ്റലുകള്‍ക്കും വിധേയമാക്കെപ്പെട്ടുവെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഈ വികലമാക്കലിനു പിന്നില്‍ പുരുഷാധിപത്യപരമായ മനസ്സ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എന്നത് വ്യക്തവും അമ്പരപ്പിക്കുന്നതുമാണ്. ‘മലയാളത്തിലെ ആദ്യ സ്ത്രീവിമോചക പ്രസ്താവമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ദുലേഖയിലെ ഒഴിവാക്കലുകള്‍, ഭാഷാപരവും സാഹിത്യപരവും സാമൂഹികവുമായ എന്നത്തേയും പൊതുബോധത്തിന്റെ പ്രതിഫലനമാണ്,’ എന്ന് വളരെ കൃത്യമായി മാതൃഭൂമി നിരീക്ഷിക്കുന്നു.

മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ ഇരുപതാം അദ്ധ്യായം സായാഹ്ന പുനഃപ്രസിദ്ധീകരിക്കുന്നു. അവസാന അദ്ധ്യായമായി പ്രചരിച്ചിരുന്നത്‌ അനുബന്ധമായി നിലനിര്‍ത്തിക്കൊണ്ടാണ് യഥാര്‍ത്ഥ ഇരുപതാം അദ്ധ്യായം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എത്ര നിര്‍ണായകമായ മാറ്റങ്ങളാണ് വരുത്തിയിരുന്നത് എന്ന് വായനക്കാര്‍ക്ക് വ്യക്തമാകുമല്ലോ. വളരെ മൗലികമായ ഒരു രചനയില്‍ മറ്റുള്ളവര്‍ കൈകടത്തുമെന്ന് നമുക്ക് സങ്കല്പിക്കാന്‍ പോലും കഴിയില്ല. ഈ സാമാന്യബോധം മൂലമാണ് വികലമായ ഒരു രൂപം സായാഹ്നയും പ്രസിദ്ധീകരിച്ചത്. അതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ബാക്കി 19 അദ്ധ്യായങ്ങളിലുമുള്ള ഭാഷാപരമായ മാറ്റങ്ങള്‍ മൂലരൂപം ലഭ്യമാകുന്ന മുറയ്ക്ക് തിരുത്തുന്നതാണ്.