ശബ്ദതാരാവലി

sreeഇരുപതാം നൂറ്റാണ്ടിനൊടുവിൽ വരെയുള്ള മലയാളഭാഷയുടെ നിഘണ്ടുക്കളിൽ സർവ്വസമ്മതമായി ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാള നിഘണ്ടു ആണ് ശബ്ദതാരാവലി. (ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള രചിച്ച ശബ്ദതാരാവലി മലയാളഭാഷാ നിഘണ്ടുക്കളിൽ ഏറ്റവും ആധികാരികമെന്നു അംഗീകരിക്കപ്പെട്ടിട്ടുണ്ട്.) 2000-ൽപരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കായി കണക്കാക്കപ്പെടുന്നു. ഇരുപതു വർഷം കൊണ്ട് പൂർത്തീകരിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം 1917-ലാണ് പുറത്തിറങ്ങിയത്. ശ്രേയൽക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാൾ അതിനൊക്കെയുപരി സ്വാർത്ഥലക്ഷ്യങ്ങളില്ലാതെ ഭാഷയ്ക്കു വേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞു വെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഉത്തമോദാഹരണമായി ഈ മഹത്കൃതിയെ സഹൃദയർ കണക്കാക്കുന്നു.

ഈ പതിപ്പിന്റെ മൂലഗ്രന്ഥം ബംഗളൂരുവിലെ ഒരു സെമിനാരിയിൽ കണ്ടെത്തി, സ്കാൻ ചെയ്തു് (2015) ലഭ്യമാക്കിയതു് ഷിജു അലക്സ്, വിശ്വപ്രഭ, ബൈജു രാമകൃഷ്ണൻ, ബെഞ്ചമിൻ വർഗ്ഗീസ്, വി എസ് സുനില്‍ എന്നിവരാണു്. സ്തുത്യര്‍ഹമായ ഈ യത്നത്തെ എത്ര ശ്ലാഘിച്ചാലും കൂടുതലാവില്ല. ഇതിന്റെ യൂണിക്കോഡ് വ്യവസ്ഥയിലുള്ള പാഠനിവേശനത്തിന്റെ പണി സായാഹ്ന തുടങ്ങുന്നതു് പിന്നെയും ഒരു കൊല്ലത്തിനു ശേഷമാണു്. റിവർ വാലി ടെൿനോളജീസിലെ മിക്കവാറും എല്ലാ ജീവനക്കാരും തങ്ങളുടെ ഒഴിവുസമയം ശബ്ദതാരാവലിയുടെ പാഠനിവേശനത്തിനു വേണ്ടി ചെലവഴിക്കുകയുണ്ടായി. ചുരുക്കം ചില ഫേസ്ബുൿ സുഹൃത്തുക്കളും (കെ.എ. അഭിജിത്, മനോജ് കരിങ്ങാമഠത്തിൽ, ഷിജു അലക്സ്, ബഞ്ചമിൻ, ശ്രീലത പിള്ള, മുതൽപേർ) ഈ സംരംഭത്തിൽ സഹകരിച്ചു.

ഈ സംരംഭത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു് അനുഭവിച്ചതു് തെറ്റുതിരുത്തൽ ഘട്ടത്തിലാണു്. ഒരു നിഘണ്ടുവെന്ന നിലയ്ക്കു് ആവശ്യപ്പെടുന്ന തരത്തിലുള്ള, തൊഴിൽപരമായ ശുദ്ധിയോടുകൂടിയുള്ള തെറ്റുതിരുത്തൽ ഏതാണ്ടു് അസാദ്ധ്യമായിത്തന്നെ ഏതാനും കൊല്ലങ്ങൾ തുടർന്നു. അതിനു മാറ്റം വന്നതു് കാലടി ശങ്കരാചാര്യ സർവ്വകലാശാലയിലെ ഭാഷാദ്ധ്യാപികയായ പ്രൊ. ലിസ്സി മാത്യുവിന്റെ നേതൃത്വത്തിൽ ഒത്തുകൂടിയ ഭാഷാസ്നേഹികളുടെ പ്രവർത്തനം മൂലമാണു്. നിഘണ്ടുവിനെ, മൂലത്തിന്റെ അഞ്ചു പുറങ്ങൾ മാത്രമുള്ള ചെറു പിഡിഎഫുകളായി വിഭജിച്ചു സ്മാർട്ട്ഫോണിൽ തെറ്റുകൾ ഹൈലൈറ്റ് ചെയ്യാൻ പാകത്തിനു് നൽകിയപ്പോൾ ഒട്ടനവധി പരിശോധകർ ഈ നൂതന തിരുത്തൽ പ്രക്രിയയിലേയ്ക്കു് ആകർഷിതരായി. കേവലം ഒരു ഭാഗം മാത്രമേ തിരുത്തിത്തന്നുള്ളു എങ്കിലും പ്രിയ നടൻ മമ്മൂട്ടി തന്ന ഊർജം വളരെ വലുതാണ്. വിവിധ രാജ്യങ്ങളിലിരുന്നു് പ്രൊഫഷണലുകളും വീട്ടമ്മമാരും ഗവേഷകരും വിദ്യാർത്ഥികളും കൈക്കുഞ്ഞുള്ള അമ്മമാരും അടക്കമുള്ള സന്നദ്ധപ്രവർത്തകർ തിരുത്തി ഹൈലൈറ്റ് ചെയ്തുനല്കിയ പിഡിഎഫുകളിൽ നിന്നും പാഠസ്രോതസ്സിൽ തിരുത്തുകൾ നടത്തിയതു് റിവർ വാലിയിലെ ജീവനക്കാരായിരുന്നു. നാലുവട്ടം ഈ തിരുത്തൽ പ്രക്രിയ നടത്തുകയുണ്ടായി. അങ്ങനെ ശുദ്ധീകരിച്ച പാഠമാണു് എക്സ്എം‌എൽ, എച്റ്റിഎംഎൽ എന്നീ രൂപങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിച്ചതു്. എങ്കിലും ഇനിയും തെറ്റുകൾ കണ്ടേയ്ക്കാം. അതു് തിരുത്തേണ്ടതു് വായനക്കാരന്റെ ഉത്തരവാദിത്വമാണെന്നു് സായാഹ്ന കരുതുന്നു.

തെറ്റുതിരുത്തൽ പരിശ്രമങ്ങളിൽ ഒട്ടനവധിപേർ പങ്കെടുക്കുകയുണ്ടായി. പണിക്കവീട്ടിൽ ഷംസുദ്ദീൻ (ചാവക്കാടു്), എസ് എ ശ്രീദേവി (തിരുവനന്തപുരം), ലളിതാ ഗൗരി (ഓസ്ട്രേലിയ), സി എം ലീല (തൃശൂർ), ഷീജ അനിൽ (പെരിഞ്ഞനം) എന്നിവരുടെ സേവനം എടുത്തു പറയേണ്ടതാണു്. അഞ്ചു കൊല്ലം നീണ്ടുനിന്ന ഈ സംരംഭത്തിൽ മടുപ്പില്ലാതെ പങ്കെടുത്തു് വിജയിപ്പിച്ച എല്ലാ പ്രവർത്തകരോടും ഹാർദ്ദമായ നന്ദി രേഖപ്പെടുത്തുവാൻ ഈ അവസരം ഉപയോഗിക്കട്ടെ. (പങ്കെടുത്തവരുടെ ഒരു പട്ടിക അന്യത്ര ചേർത്തിട്ടുണ്ടൂ്.)

ഈ ശബ്ദതാരാവലി പതിപ്പിലെ ഒരു പ്രധാനസവിശേഷത, വാക്കുകളുടെ പ്രയോഗക്ഷമത മനസ്സിലാക്കുവാനായി അന്നുവരെ പ്രസിദ്ധീകരിക്കപ്പെട്ട കാവ്യങ്ങൾ, ചമ്പുക്കൾ, ആട്ടക്കഥകൾ, തുള്ളൽ കൃതികൾ, മറ്റു ഗദ്യേതരഗ്രന്ഥങ്ങൾ, അമരകോശം, പാണിനീയം, ലീലാതിലകം, എന്നു തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങളിൽ നിന്നു ഉദാരമായി ചേർത്തിട്ടുള്ള ഉദ്ധരണികളാണു്. കൂടാതെ ചില പദങ്ങൾക്കു് വിജ്ഞാനകോശസമാനമായ വിവരണങ്ങളാണു് ശ്രീകണ്ഠേശ്വരം നല്കിയിട്ടുള്ളതു്. കമ്പ്യൂട്ടറും അനുബന്ധ സാങ്കേതികവിദ്യയും, ഇന്റർനെറ്റ്, യാന്ത്രിക തെരച്ചിൽ എന്നിവയൊന്നും ഇല്ലാത്ത ഒരു കാലത്തിൽ അദ്ദേഹം നിഘണ്ടു നിർമ്മാണത്തിനു 34 കൊല്ലം ചെലവഴിച്ചുവെന്നതു് നമ്മെ അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും ഈ മനുഷ്യൻ മുടക്കിയ മനുഷ്യപ്രയത്നവും നേരിട്ട ഗാർഹികബാദ്ധ്യതകളുടെ സമ്മർദ്ദവും അസാധാരണമാണു്. ആമുഖക്കുറിപ്പിൽ ശ്രീകണ്ഠേശ്വരം പറയുന്നതു് കേൾക്കുക:

‘സുഖം’ എന്ന പദത്തിന്റെ അർത്ഥം എന്തെന്നു നിഘണ്ടുവിൽ കൊടുത്തിട്ടുണ്ടേന്നുവരികിലും പരമാർത്ഥത്തിൽ അതെങ്ങനെയിരിക്കുമെന്നു് ഞാൻ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല. എന്റെ കുടുംബക്കാരും ബന്ധുക്കളും സ്നേഹിതന്മാരും അതിനു സാക്ഷികളാകുന്നു. ‘താരാവലി’യെ മുദ്രണം ചെയ്തു വണിജ്യയിൽ സമധികമായ ലാഭത്തെ സമ്പാദിക്കണമെന്നു വിചാരിക്കാതെ ‘കൂലങ്കഷമായ ഭാഷാസാഹിത്യ പരിചയത്തിനു പര്യാപ്ത’മാക്കണമെന്നു മാത്രം ഉദ്ദേശിച്ചു 1072 മുതൽ 1106 വരെ 34 സംവത്സരം ‘ശബ്ദതാരാവലി’ക്കു ചെലവാക്കിയതിന്റെ ശേഷവും അതിനെപ്പറ്റി എന്റെ ഹൃദയത്തിനു തന്നെ സംതൃപ്തി വന്നിട്ടില്ലെന്നുള്ളതും ‘പെട്ടെന്നു് ഒരു നിഘണ്ടു പുറപ്പെടുവിച്ചുകളയാം’ എന്നു വിചാരിക്കുന്നവർ ഓർമ്മിക്കേണ്ടതാകുന്നു. (ആമുഖം, ശബ്ദതാരാവലി)

പില്ക്കാലത്തു് താരാവലിയുടെ പരിഷ്ക്കരിച്ച പതിപ്പുകൾ ഇറക്കിയവർ ഈ മനുഷ്യപ്രയത്നത്തിനെ നിസ്സാരവല്ക്കരിച്ചുകൊണ്ടു് നിഘണ്ടുവിലെ വിലപ്പെട്ട ഉദ്ധരണികളും നീണ്ട വിവരണങ്ങളും വേണ്ടന്നു് വെച്ചു. ഇന്നത്തെ ശബ്ദതാരാവലി പതിപ്പുകളൊന്നും തന്നെ ശ്രീകണ്ഠേശ്വരത്തിനോടു നീതി പുലത്തുന്നില്ല എന്നതു കൂടാതെ, ഭാഷാചരിത്രത്തിൽ നിന്നു് ഒരു വിലപ്പെട്ട ഗ്രന്ഥത്തെ തമസ്ക്കരിക്കുകയും ചെയ്തു. ഇങ്ങനെയൊരു ഗ്രന്ഥം നമുക്കുണ്ടായിരുന്നു എന്നതു് ഒരിക്കലും അറിയാൻ കഴിയാത്തത്ര, ചരിത്രം മായ്ച്ചുകളയുന്ന, തെറ്റാണു് വരും തലമുറയോടു് നമ്മൾ ചെയ്തതു്. ഈ തെറ്റു തിരുത്തുക എന്നതാണു് സായാഹ്നയുടെ പരിശ്രമങ്ങളുടെ പ്രധാനപ്രേരകം.

സായാഹ്നയുടെ ലെൿസോണമി സെർവ്വർ, 1917-ൽ പ്രസിദ്ധീകരിച്ച ശബ്ദതാരാവലിയുടെ യഥാതഥ രൂപമാണു്. ഈ പതിപ്പു്, അക്ഷരത്തെറ്റുകൾ തിരുത്തുന്നതൊഴിച്ചാൽ അങ്ങനെ തന്നെ നിലനിറുത്തും. 55,653 വാക്കുകളാണു് (സ്വരാക്ഷരങ്ങൾ: 12,596; കവർഗ്ഗം: 9,113; ചവർഗ്ഗം: 3,821; ടവർഗ്ഗം: 112; തവർഗ്ഗം: 8,492; പവർഗ്ഗം: 8,684; യരലവ…ഴ: 12,835) ഈ കോർപ്പസ്സിലുള്ളതു്. സായാഹ്നയുടെ ശബ്ദതാരാവലി സംരംഭത്തിലൂടെ രൂപപ്പെട്ടുവന്ന അനുയോജ്യരായ വിദഗ്ദ്ധരടങ്ങുന്ന ഒരു പത്രാധിപസമിതി ഇപ്പോഴുള്ള കോർപ്പസ്സിന്റെ ഒരു പകർപ്പെടുത്തു് കാലോചിതമായ, ഭാഷാശാസ്ത്രസംബന്ധിയായ മാറ്റങ്ങൾ വരുത്തുകയും കൂടുതൽ വാക്കുകൾ ചേർക്കുകയും സമകാലികവായനക്കാർക്കു് പ്രയോജനകരമായ രീതിയിൽ പ്രസിദ്ധീകരിക്കുന്നതുമാണു്. കൂട്ടത്തിൽ ദ്വിഭാഷ/ബഹുഭാഷാ നിഘണ്ടു ആയി മാറ്റാനുമുള്ള ആലോചനയുണ്ടു്. ഓൺലൈനിൽ നടക്കുന്ന ഈ പരിശ്രമങ്ങളിൽ താല്പര്യമുള്ള ആർക്കുവേണമെങ്കിലും പങ്കെടുക്കാം.

ശബ്ദതാരാവലിയുടെ ആദ്യപതിപ്പ് പ്രസാധനത്തിന്റെ നൂറാം വർഷത്തിലേക്കെത്തുകയാണ്. ഈ കാലയളവിൽ അന്നുണ്ടായിരുന്നതിൽ നിന്നു് നമ്മുടെ ദേശവും ഭാഷയും ബന്ധങ്ങളും ലിപിയും ഏറെ മാറിപ്പോയി. എന്നാൽ കാലവും സാങ്കേതികമികവും ആണ് ഈ വലിയ ജോലി ചുരുങ്ങിയ സമയം കൊണ്ടു തനതു ലിപിയിൽ തന്നെ പൂർത്തിയാക്കാൻ നമ്മെ സഹായിച്ചതു്. ഇതിന്റെ മനോഹാരിതയിൽ കെ.എച്ച്. ഹുസൈൻ രൂപകല്പനചെയ്ത് പേർത്തും പേർത്തും മിനുക്കിയെടുത്ത, ഈ വെബ് സൈറ്റിൽ ഉപയോഗിച്ചിരിക്കുന്ന രചന ഫോണ്ട് വഹിച്ച പങ്ക് സുപ്രധാനമാണു്.

ചില കണ്ണികൾ

റിവർ വാലി ഡിജിറ്റൽ ലൈബ്രറി

“റിവർ വാലി പ്രസ് ” എന്ന ലേബലിൽ, സായാഹ്ന ആറു മാസത്തിലൊരിക്കൽ മുൻനിര എഴുത്തുകാരുടെ ഇരുപതു് പുസ്തകങ്ങൾ വീതം ഡിജിറ്റൽ പ്രസാധനം നടത്തുന്നു. ഈ സേവനത്തിന്റെ വാർഷിക വരിസംഖ്യ:

രാജ്യം കറൻസി വരിസംഖ്യ
ഇന്ത്യ രൂപ 238
(119 വീതം ആറു മാസത്തിലൊരിക്കൽ)
യുഎസ്, കാനഡ യുഎസ് ഡോളർ  10
യൂറോപ് യൂറോ  10
മറ്റു വികസിത രാഷ്ട്രങ്ങൾ യുഎസ് ഡോളർ  10
ഖത്തർ റിയാൽ  20
യുഎഇ ദിർഹം  20
സൗദി അറേബ്യ റിയാൽ  20
കുവൈറ്റ് ദിനാർ   2
ഒമാൻ ദിനാർ   2
ബഹ്റിൻ ദിനാർ   2
മലേഷ്യ റിങ്ങിറ്റ്  25

പ്രസാധകരുടെ നിരന്തരചൂഷണത്തിനു വിധേയരായിക്കൊണ്ടിരിക്കുന്ന എഴുത്തുകാരെ
ശക്തിപ്പെടുത്തുക, നല്ല വായനാവിഭവങ്ങൾ ചെറുതുകയ്ക്കു വായനക്കാർക്കു ലഭ്യമാക്കുക, ഇന്റർനെറ്റിനെയും സാങ്കേതിക മുന്നേറ്റത്തെയും സാംസ്ക്കാരികവളർച്ചയ്ക്കു് ഉപയോഗിക്കുക എന്നിവയാണു് പ്രധാനലക്ഷ്യങ്ങൾ.

എല്ലാതരം സ്മാർട്ട്ഫോണുകളിലും വായിക്കുവാൻ പറ്റിയ തരത്തിലാണു് ഉള്ളടക്കം ലഭ്യമാക്കുക.

ഈ പദ്ധതിയിൽ താല്പര്യം തോന്നുന്നുവെങ്കിൽ ഇവിടെ രജിസ്റ്റർ ചെയ്യുക. (രജിസ്റ്റർ ചെയ്യുമ്പോൾ പണം/കാർഡ് വിവരങ്ങൾ നല്കേണ്ടതില്ല.)

കുടുംബാംഗങ്ങൾക്കു്/സുഹൃത്തുക്കൾക്കു് സമ്മാനം രജിസ്റ്റർ ചെയ്യുക.

കൂടുതൽ വിവരങ്ങൾ അറിയാൻ:

  1. ഡിജിറ്റൽ പ്രസാധന നയം
  2. സായാഹ്നയെക്കുറിച്ചു അറിയുക
  3. Who’s who
  4. സായാഹ്ന ഫോൺ പിഡിഎഫുകൾ
  5. സായാഹ്ന ഗ്രന്ഥശേഖരം
  6. സായാഹ്ന വിക്കി

പ്രതികരണങ്ങൾ ഇവിടെ രേഖപ്പെടുത്തുക.

കെ ദാമോദരൻ: സമ്പൂർണ്ണകൃതികൾ

kd-coverകെ ദാമോദരന്റെ സമ്പൂർണ്ണകൃതികൾ വായനക്കാർക്കു് ലഭ്യമാക്കുകയാണു്. 2575 പുറങ്ങളുള്ള ഈ ഗ്രന്ഥശേഖരത്തിനു 197 അദ്ധ്യായങ്ങളുണ്ടു്. പത്തു ഭാഗങ്ങളായിട്ടാണു് വിഭജിച്ചിട്ടുള്ളതു്. ഈ ശേഖരത്തിന്റെ കണ്ണി താഴെക്കൊടുക്കുന്നു:

http://ax.sayahna.org/collection.html

  • വെബ്/ടാബ്‌‌ലറ്റ്/ഐപാഡ് എന്നിവയ്ക്കുള്ള പിഡിഎഫ്: 10
  • ഓരോ അദ്ധ്യായം തിരിച്ചുള്ള ഫോൺ പിഡിഎഫ്: 197
  • ഓരോ അദ്ധ്യായം തിരിച്ചുള്ള എച് റ്റി എം എൽ താളുകൾ: 197

ക്രിയേറ്റീവ് കോമൺസ് ഷെയർ അലൈൿ അനുമതി പ്രകാരം പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥശേഖരം വിവിധ വായനോപകരണങ്ങളിൽ വായിക്കുവാൻ കഴിയുന്ന വിധത്തിലാണു് നിർമ്മിച്ചിട്ടുള്ളതു്. ഗവേഷകരുടെ സൗകര്യത്തിനായി വെബ് പിഡിഎഫുകളിൽ നിന്നും പാഠം നേരിട്ടു പകർത്തുവാൻ പാകത്തിലാണു് വിന്യസിച്ചിട്ടുള്ളതു്.

Continue reading ‘കെ ദാമോദരൻ: സമ്പൂർണ്ണകൃതികൾ’

യുക്തിഭാഷ

Yukthibhasha coverശാസ്ത്രസാങ്കേതികസാമ്പത്തിക വിഷയങ്ങളിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനും അവശ്യം വേണ്ടതു് ഗണിത ശാസ്ത്രത്തിലെ വ്യുത്പത്തിയാണു്. ഈ വിഷയങ്ങളിലെല്ലാമുള്ള വൈജ്ഞാനിക പ്രസിദ്ധീകരണങ്ങളിലും ചൎച്ചകളിലും ഗണിതസമവാക്യങ്ങളും നിൎദ്ധാരണങ്ങളും സുലഭമായി കാണാം. തത് മേഖലകളിലെ ഉപരിപഠനത്തിൽ ആദ്യം പരിചയിക്കുന്ന ചില ഗണിത രീതികളാണു് അവകലനം (differentiation), സമാകലനം (integration), അനന്തശ്രേണികൾ (infinite series) മുതലായവ. പതിനേഴാം നൂറ്റാണ്ടിൽ ഐസൿ ന്യൂട്ടനും വില്യം ഗോട്ട്ഫ്രീഡ് ലൈബ്‌‌നിറ്റ്സുമാണു് കലനം (calculus) എന്ന ഗണിതശാഖ ഇന്നു കാണുന്ന ക്ലിപ്ത (formal) രൂപത്തിലേക്കു് വികസിപ്പിച്ചെടുത്തതു് എന്നാണു് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളതു്. Continue reading ‘യുക്തിഭാഷ’

ശബ്ദതാരാവലി: മൂന്നാംവട്ട തിരുത്തൽ

ശബ്ദതാരാവലിയുടെ മൂന്നാംവട്ട തിരുത്തൽ സംരഭത്തിലേയ്ക്കു് നമ്മൾ കടക്കുകയാണു്. അതിന്റെ ആദ്യപടിയായി 578 പുറങ്ങളുള്ള “അ” എന്ന ആദ്യാക്ഷരത്തിന്റെ തിരുത്തൽ പകർപ്പു് ലഭ്യമാക്കിയിട്ടുണ്ടു്. മ്റ്റു് അക്ഷരങ്ങൾ പിന്നാലെ വരുന്നതാണു്.

അംഗങ്ങൾ മുൻ പകർപ്പുകളിൽ ചൂണ്ടിക്കാണിച്ച എല്ലാ തെറ്റുകളും ഇതിൽ തിരുത്തിയിട്ടുണ്ടു്. ഓരോ പുറത്തിലും ഇടതു മാർജിനിൽ ചുവന്ന നിറത്തിൽ വരിനമ്പ്രയും, ഹെഡറായി യഥാക്രമം ആദ്യവാക്കു്, അവസാനവാക്കു്, പുറം നമ്പ്ര എന്നിവയും കൊടുത്തിട്ടുണ്ടു്. ഫൂട്ടറായി ഇടതു വശത്തു് “സായാഹ്ന റിട്ടേൺസി”ലേയ്ക്കുള്ള ലിങ്കും വലതു വശത്തു് സ്രോതസ്സ് ഉള്ളടക്കം ചെയ്യുന്ന ഫയലിന്റെ പേരും, വലതു മാർജിനിൽ സ്രോതസ്സിലെ വരിനമ്പ്രയും ആണു് ഇളം കറുപ്പു നിറത്തിൽ നൽകിയിട്ടുള്ളതു്.

എത്രത്തോളം പ്രാവശ്യം ഈ പിഡി‌എഫിലൂടെ കണ്ണോടിക്കാമോ അത്രയും നന്നു്, കൂടുതൽ തെറ്റുകൾ കണ്ണിൽപ്പെടാൻ സാദ്ധ്യതയേറുന്നു. അങ്ങനെ കണ്ടെത്തുന്ന തെറ്റുകൾ പുറം, വരി നമ്പ്രകൾ ചൂണ്ടിക്കാട്ടി സായാഹ്ന റിട്ടേൺസിൽ അറിയിക്കുക.

ഈ പിഡിഎഫിൽ നിന്നും അക്ഷരങ്ങൾ നഷ്ടപ്പെടാതെ പാഠം കോപ്പി-പേസ്റ്റ് ചെയ്യുവാൻ കഴിയും വിധമാണു് നിർമ്മിച്ചിരിക്കുന്നതു്. മാത്രവുമല്ല, തെറ്റു കണ്ടമാത്രയിൽ തന്നെ “സായാഹ്ന റിട്ടേൺസിൽ” അനായാസം ചെല്ലുവാനായി ഓരോ പുറത്തിലും ഫൂട്ടറായി ലിങ്കു നൽകിട്ടുമുണ്ടു്. അതു് വേണ്ടവിധം പ്രയോജനപ്പെടുത്തുക.

തിരുത്തൽ പകർപ്പുകൾ

  1. “അ” എന്ന അക്ഷരം

പകർപ്പുകൾ ഈ പേജിലും ലഭ്യമാണു്.

കെ ദാമോദരൻ: സമ്പൂർണ്ണകൃതികൾ

കെ ദാമോദരന്റെ സമ്പൂർണ്ണകൃതികളുടെ ഡിജിറ്റൽ പതിപ്പുകൾ സ്വതന്ത്രപ്രകാശനം ചെയ്യുവാൻ അതിന്റെ പ്രസാധകരായ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ് കമ്പനി തീരുമാനിച്ച കാര്യം വായനക്കാർ ഓർക്കുന്നുണ്ടാവുമല്ലോ. അതിന്റെ ഭാഗമായി ഒന്നാം വാല്യത്തിന്റെ ആദ്യ തെറ്റുതിരുത്തൽ പകർപ്പുകൾ വിവിധ പിഡിഎഫ് രൂപങ്ങളിൽ ഇപ്പോൾ പുറത്തിറക്കുകയാണു്. ഒന്നാം ഭാഗം മുഴുവനുമായി ഒറ്റ പിഡിഎഫ് ആയും ഓരോ അദ്ധ്യായങ്ങൾ വീതമുള്ള ഫോൺ പതിപ്പുകളായും

http://www.sayahna.org/?page_id=115

ഈ വെബ് സൈറ്റിൽ ലഭ്യമാണു്. വായനക്കാർ ഈ പിഡിഎഫുകൾ സൗകര്യപൂർവ്വം വായിക്കുകയും തെറ്റുകൾ കാണുകയാണെങ്കിൽ ആ ഭാഗം ഹൈലൈറ്റ് ചെയ്തു “Sayahna Returns” എന്ന ഗ്രൂപ്പിലേയ്ക്കു പകർത്തുകയും ചെയുക. പ്രസാധകർ നല്കിയ പേജ്‌‌മേക്കർ സ്രോതസ്സിൽ നിന്നാണു് ഈ പിഡിഎഫുകൾ നിർമ്മിച്ചതു്. പാഠത്തിന്റെ പരിവർത്തനത്തിൽ വരാവുന്ന ഒഴിവാക്കാനാവാത്ത ചുരുക്കം തെറ്റുകൾ മാത്രമേ കാണാനിടയുള്ളു.

Sayahna Returns എന്ന ഗ്രൂപ്പിൽ ചേരുവാനുള്ള ലിങ്ക്:

https://chat.whatsapp.com/J49mEuIJoA4LiL30yEPlRr

വായനക്കാരുടെ സഹകരണം അഭ്യർത്ഥിച്ചുകൊള്ളുന്നു.

ശബ്ദതാരാവലി: തെറ്റുതിരുത്തൽ

ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി മലയാളപഠിതാക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ബൃഹത്തായ ആ ഗ്രന്ഥം വിപണിയിൽ ലഭ്യവുമാണ്. എന്നാൽ അധികമാർക്കുമറിയാത്ത ഒരുകാര്യമുണ്ട്. 1923-ൽ പുറത്തിറങ്ങിയ ഒന്നാം പതിപ്പ് പിന്നീട് പലതവണ പരിഷ്കരിക്കപ്പെട്ടു. പലതും ശബ്ദതാരാവലിയുടെ മേന്മ കുറയ്ക്കുന്ന രീതിയിലായിരുന്നു. ഉദാഹരണത്തിനു്, ശബ്ദതാരാവലിയിലെ മിക്കവാറും എല്ലാ വാക്കുകൾക്കും ആ വാക്കിന്റെ പ്രയോഗം വ്യക്തമാക്കുന്ന ഒരു കവിതയുടെയോ കാവ്യത്തിന്റെയോ ഭാഗം ശ്രീകണ്ഠേശ്വരം തന്റെ കൃതിയിൽ നിവേശിച്ചിരുന്നു. രണ്ടു തലമുറയായി നമ്മൾ കാണുന്ന ശബ്ദതാരാവലിയിൽ അവ ഒഴിവാക്കിയിരിക്കയാണു്.
Continue reading ‘ശബ്ദതാരാവലി: തെറ്റുതിരുത്തൽ’

ഫോൺ പതിപ്പുകൾ

മുപ്പതു മുതൽ നാല്പതു മിനിട്ടിനകം വായിച്ചു തീർക്കാവുന്ന ഉള്ളടക്കമാണു് സായാഹ്ന പുറത്തിറക്കുന്ന ഈ ഫോൺ പിഡിഎഫുകളിൽ ഉള്ളതു്. ഇതു വായിക്കുവാനായി ഒരിക്കലും ഒരു കമ്പ്യൂട്ടറോ ഡെസ്ക്ടോപ് ആപ്ലിക്കേഷനുകളൊ ആവശ്യമില്ല.  ആധുനിക മനുഷ്യന്റെ സന്തതസഹചാരിയായ സ്മാർട്ട് ഫോണുകളുടെ സ്ക്രീനിൽ തന്നെ വായിക്കുവാൻ തക്ക രീതിയിലാണു ഈ പിഡിഎഫുകൾ വിന്യസിച്ചിരിക്കുന്നതു്. ഫോണിന്റെ വീതിക്കു നിജപ്പെടുത്തിയ രീതിയിലാണു് മാർജിനുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നതു്.

പിഡിഎഫ് പ്രമാണങ്ങൾ വായിക്കുവാനുള്ള പ്രയോഗങ്ങൾ എല്ലാതരം സ്മാർട്ട്ഫോണുകളിലും ഇന്നു ലഭ്യമാണു്. എന്നിരിക്കിലും സൗജന്യമായി കിട്ടൂന്ന അഡോബി അക്രോബാറ്റ് റീഡർ ആണു് ഇവയിൽ ഏറ്റവും മുന്തിയതു്. അതുകൊണ്ടു് അഡോബി റീഡർ ഇൻസ്റ്റാൾ ചെയ്യുകയും അതിൽ ഈ ഫോൺ പിഡിഎഫുകൾ വായിക്കുകയും ചെയ്യുക.

സ്വതന്ത്രപ്രസാധനം ആഗ്രഹിക്കുന്ന/ഇഷ്ടപ്പെടുന്ന ആർക്കുവേണമെങ്കിലും സായാഹ്നയിലൂടെ സ്വന്തം കൃതികൾ പ്രസാധനം ചെയ്യാവുന്നതാണു്. 30 മുതൽ 60 മിനിട്ടുകൾക്കകം വായിച്ചുതീർക്കാവുന്ന ഉള്ളടക്കം — കഥകൾ, അനുഭവക്കുറിപ്പുകൾ, ലേഖനങ്ങൾ, അഭിമുഖങ്ങൾ, സിനിമാനിരൂപണങ്ങൾ, കവിതകൾ — എന്നു തുടങ്ങി എന്തുവേണമെങ്കിലും അയയ്ക്കാവുന്നതാണു്. അയയ്ക്കേണ്ട വിലാസം: <info@sayahna.org>.

പ്രതികരണങ്ങൾ <info@sayahna.org> എന്ന ഇമെയിലിലേയ്ക്കു് അയയ്ക്കുകയോ, ഈ താളിൽ തന്നെ കമ്മന്റുകളായി ചേർക്കുകയോ ചെയ്യുക. നിർദ്ദേശങ്ങളും വിമർശനങ്ങളും എപ്പോഴും സ്വീകാര്യമാണു്. അവ സായാഹ്നപ്രവർത്തകർക്കു് കൂടുതൽ ഉത്തേജനം നൽകുന്നതാണു്.

ഇതുവരെ പ്രസിദ്ധീകരിച്ച ഫോൺ പതിപ്പുകൾ ഈ കണ്ണിയിൽ ലഭ്യമാണു്: സായാഹ്ന ഫോൺ പതിപ്പുകൾ
Continue reading ‘ഫോൺ പതിപ്പുകൾ’

The LaTeX Tutorial

primer-1The LaTeX Tutorial — A Primer was published by the Indian TeX Users Group in 2002. The intended audience were the novice users of LaTeX, particularly the students and researchers who’re disgruntled with the wordprocessors (which promise a lot with dismal delivery!). The tutorial has been very popular among this community. However, the book is not without shortcomings by way of typos, errors in the verbatim code listings and lack of a comprehensive index. Since the Indian TeX Users Group is now non-functional, Sayahna Foundation has taken up the publication of this valued documentation and released this second edition.
Continue reading ‘The LaTeX Tutorial’

വൃത്തമഞ്ജരി

vm-book
ഭാഷാവിദ്യാർത്ഥികൾ കാത്തിരുന്ന വൃത്തമഞ്ജരി സായാഹ്ന ഇന്നു് പ്രസിദ്ധീകരിക്കുകയാണു്. വിക്കിഗ്രന്ഥശാലയിൽ നിന്നു് കിട്ടിയ സ്രോതസ്സിൽ കണ്ട ഒട്ടനവധി തെറ്റുകൾ തിരുത്തിയതു് ഷാജി അരിക്കാടും ശ്രീദേവിയും കൂടിയാണു്. സ്രോതസ്സിനെ ഇന്നു കാണുന്ന രൂപത്തിൽ വിന്യസിക്കുവാൻ പാകത്തിനു് ലാറ്റക്കിൽ മാർക്കപ് ചെയ്തുതന്നതു് അശോൿ കുമാറാണു്. ഈ പ്രവർത്തകരോടുള്ള നന്ദി അറിയിക്കുന്നതിനോടൊപ്പം സ്രോതസ്സു് ലഭ്യമാക്കിയ വിക്കി ഗ്രന്ഥശാലയോടുള്ള കടപ്പാടും സായാഹ്ന രേഖപ്പെടുത്തുന്നു.
Continue reading ‘വൃത്തമഞ്ജരി’