Archive for the 'Social Engineering' Category

ഈ ഭ്രാന്താലത്തിനു നാവുണ്ടായിരുന്നെങ്കിൽ

Sundar-02വൈക്കം മുഹമ്മദ് ബഷീറാണ് എനിക്ക് “ലേശം കിറുക്കുണ്ട്” എന്ന് പറയാൻ ധൈര്യം കാട്ടിയ എഴുത്തുകാരൻ. ഒപ്പം അദ്ദേഹം, “ഭ്രാന്ത് സുന്ദരമാണ്, സുരഭിലമാണ്, സൗരഭ്യമുള്ളതാണ്”, എന്നൊക്കെ കൂട്ടിച്ചേർക്കുകയും ചെയ്തു. ഭ്രാന്തന് സ്നേഹമുണ്ടെന്നും, അതിന് ഭംഗം വന്നാൽ നൈരാശ്യമുണ്ടെന്നും “ഇരുട്ടിന്റെ ആത്മാവ്”  കാട്ടിത്തന്നപ്പോൾ നമ്മുടെ സഹൃദയത്വം നമ്മളെ നൊമ്പരത്തിലാഴ്ത്തി. ഇതൊക്കെയാണെങ്കിലും കഥയിൽ കാണുന്നത്, അത് ആർദ്രതയുണർത്തുന്ന സ്ത്രീപുരുഷബന്ധമാണെങ്കിൽപ്പോലും, ജീവിതത്തിൽ കണ്ടാൽ എതിർക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അനാരോഗ്യം ബാധിച്ച മനസ്സിന്, ബഷീർ കാണുന്ന കാല്പനികസൗന്ദര്യമൊന്നും കല്പിച്ചില്ലെങ്കിലും, അതർഹിക്കുന്ന സഹാനുഭൂതിയോടെ സമീപിക്കുവാൻ മാനവികത നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഇതറിയാത്തവരല്ല നമ്മളാരും. എന്നിരിക്കിലും നമ്മൾ ഉൾപ്പെടുന്ന സമൂഹമനസ്സിന്റെ ചീഞ്ഞളിഞ്ഞ ഭാവം കാണുവാൻ, നമ്മുടെ മനോരോഗാശുപത്രികളിലൂടെ ഒരു പ്രദക്ഷിണം നടത്തിയാൽ മതി. നഗ്നരായ പല പ്രായത്തിലുള്ള വനിതാ രോഗികൾ (അവർ ആർത്തവം നേരിടുന്നതെങ്ങിനെയെന്ന് ചിന്തിക്കുവാൻ തന്നെ വയ്യ), വിസർജ്യങ്ങൾ നിറഞ്ഞ മുറിയിൽ മോചനം അസാദ്ധ്യമാണെന്നറിഞ്ഞ് ദിനരാത്രങ്ങൾ തള്ളിനീക്കുന്നവർ, ഇലക്ട്രിക് ഷോക് പോലുള്ള പീഡനങ്ങൾ ചികിത്സയെന്ന വ്യാജേന അനുഭവിക്കേണ്ടി വരുന്നവർ, അഴുക്കിന്റെയും ദുർഗന്ധത്തിന്റെയും ഇടയിൽപ്പെട്ട് പൊട്ടിയൊലിക്കുന്ന വൃണങ്ങളോടുകൂടിയവർ, … ലോകത്തെ ഏറ്റവും ഭീഷണമായ തടവറകൾ നാണിച്ചുപോകുന്ന തരത്തിലാണ് നമ്മൾ മനോരോഗാശുപത്രികൾ നടത്തുന്നത്. നമ്മുടെ ചിത്തരോഗാശുപത്രികളെക്കുറിച്ച് സുന്ദർ നടത്തിയ, ഈ ഭ്രാന്താലത്തിനു നാവുണ്ടായിരുന്നെങ്കിൽ എന്ന പഠനം, ലോകമാനസികാരോഗ്യദിനമായ ഇന്ന് സായാഹ്ന പ്രസിദ്ധീകരിക്കുന്നു. നാം ഇഷ്ടപ്പെടാത്ത നമ്മളുടെ ഒരു വശം എന്തെന്നറിയാൻ ഈ പഠനം ഒന്ന് വായിക്കുവാൻ സ്നേഹപൂർവ്വം ഞാൻ ഏവരെയും ക്ഷണിക്കുകയാണ്: http://ml.sayahna.org/index.php/EeBhranth

പുതിയ ലോകം പുതിയ വഴി

DPankajakshanകൂട്ടായ്മകളെ സ്വപ്നം കാണുന്നവർക്ക് ഒരു വേദപുസ്തകമാണ് ശ്രീ ഡി പങ്കജാക്ഷക്കുറിപ്പ് എഴുതിയ “പുതിയ ലോകം പുതിയ വഴി” എന്ന പുസ്തകം. നവതലമുറ എങ്ങിനെ ഇതിനെ ഉൾക്കൊള്ളുന്നുവെന്നത് മുൻതലമുറയിൽപ്പെടുന്ന ഇതെഴുതുന്നയാളിനെപ്പോലുള്ളവര്‍ക്ക് അജ്ഞാതമാണ്. എങ്കിലും, കഴിഞ്ഞ മുപ്പത് കൊല്ലമായി കമ്മ്യൂണുകളെ സ്വപ്നം കാണുകയും, ഒരു ചെറുകമ്മ്യൂൺ സ്ഥാപിക്കുവാൻ നിരവധി തവണ ശ്രമിക്കുക്കുകയും നന്നായി പരാജയപ്പെടുകയും ചെയ്ത ഞങ്ങള്‍ക്ക് ഈ പുസ്തകം വളരെ വിലപ്പെട്ടതായി തോന്നുന്നു. അമ്പലപ്പുഴയ്ക്കടുത്ത്, രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച ഒരു മിഡിൽ സ്കൂൾ അദ്ധ്യാപകനായി ജോലി നോക്കിയിരുന്ന ഈ മഹാരഥനെ കണ്ട് സംസാരിക്കുവാനാവാതെ പോയതിൽ ഇന്ന് വളരെയധികം നഷ്ടബോധം ഉണ്ട്. ഇല്ലാത്ത മഹത്വത്തിന്റെ അസംഖ്യം കള്ളനായണങ്ങളുടെ ഇടയിൽ ചുരുക്കമായി കാണുന്ന കുറുപ്പ് സാറിനെപ്പോലുള്ള മനനം ചെയ്യുവാൻ കഴിവുള്ള സംശുദ്ധമനുഷ്യർക്ക് നമ്മളുടെ ലഘുജീവിതങ്ങളിലെ സ്വപ്നങ്ങൾക്ക് കൂടുതൽ ദിശാബോധം പകരുവാനാവും. തൊണ്ണൂറോളം ചെറിയ അദ്ധ്യായങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ ഒരു കൂട്ടായ്മ നേരിടുവാൻ സാദ്ധ്യതയുള്ള മിക്കവാറും പ്രശ്നങ്ങളെ നല്ല രീതിയിൽ തന്നെ ചർച്ച ചെയ്തിരിക്കുന്നു. അതിരു കവിഞ്ഞ സ്വാർത്ഥതയിലും, അപ്രായോഗികവും അളവറ്റതുമായ സ്വാതന്ത്ര്യബോധത്തിലും ഊന്നിയ ഇന്നത്തെ അണുകുടുംബവ്യവസ്ഥിതി സമ്മാനിക്കുന്ന വൈകാരിക അരക്ഷിതാവസ്ഥ നവതലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കുറുപ്പ്സാർ വിഭാവനം ചെയ്യുന്ന കൂട്ടായ്മയ്ക്ക് അതിനൊരു പരിഹാരമാവാൻ കഴിയുമെന്ന് തന്നെ ഞങ്ങള്‍ കരുതുന്നു.

1989-ല്‍ കുറുപ്പുസാര്‍ സ്വന്തം നിലയിലും പിന്നീട് പൂര്‍ണോദയ ബുക് ട്രസ്റ്റ് 2012, 2014 വര്‍ഷങ്ങളിലും ഈ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വാമി രംഗനാഥാനന്ദ, ഗുരു നിത്യചൈതന്യ യതി, സുകുമാര്‍ അഴീക്കോട്, വിഷ്ണുനാരായണന്‍ നമ്പൂതിരി എന്നിവരുടെ അവതാരികകളാല്‍ അനുഗ്രഹീതമായ ഈ കൃതി പ്രസിദ്ധീകരിക്കാന്‍ അനുമതി തന്ന പങ്കജാക്ഷക്കുറുപ്പുസാറിന്റെ മകന്‍ ഡോ പി രാധാകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കും കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് വായനക്കാർക്കായി ഈ പുസ്തകം സായാഹ്ന സമർപ്പിച്ചുകൊള്ളട്ടെ.

http://ml.sayahna.org/index.php/PuthiyaLokamPuthiyaVazhi