Archive for the 'Criticism' Category

സാഹിത്യവാരഫലം

Mkn-13സാഹിത്യവാരഫലത്തിന്റെ 400 ലക്കങ്ങൾ ഇതിനകം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. കഴിഞ്ഞ മാർച്ചിലാണ് ഈ സംരഭം തുടങ്ങിയത്. പ്രതിദിനം ശരാശരി ഒരു ലക്കം വീതം പുറത്തിറക്കാൻ കഴിഞ്ഞുവെന്നത് വളരെ ചാരിതാർത്ഥ്യം നൽകുന്ന കാര്യമാണ്, പ്രത്യേകിച്ചും പ്രവർത്തകസമയം വളരെ പരിമിതമായി മാത്രം കിട്ടുന്ന ഒരു കൂട്ടായ്മയ്ക്ക്. പിഡിഎഫ്, ഇപബ്, ടിഡ്‌ലി, തുടങ്ങിയ മറ്റു ഇലക്ട്രോണിക് പതിപ്പുകളുടെ പണി ബാക്കിനിൽക്കുന്നുണ്ട്. പ്രവർത്തകസമയത്തിന്റെ ലഭ്യതയനുസരിച്ച് തീർച്ചയായും ചെയ്യുന്നതായിരിക്കും, താമസിയാതെ തന്നെ.

പ്രസിദ്ധീകരിച്ച എല്ലാ ലക്കങ്ങളുടെയും കണ്ണികൾ ഇവിടെ കാണുക: http://goo.gl/CDi35R.

ആധുനിക മലയാള കവിത

കുമാരനാശാൻ, വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ്, സർദാർ കെ.എം. പണിക്കർ, ചങ്ങമ്പുഴ, വൈലോപ്പള്ളി, എൻ.വി. കൃഷ്ണവാര്യർ തുടങ്ങിയ മലയാളത്തിന്റെ പ്രമുഖ കവികളുടെ രചനകളെ വിശദമായി അപഗ്രഥിക്കുന്ന ശ്രീ എം. കൃഷ്ണൻ നായരുടെ ആധുനിക മലയാള കവിത സായാഹ്ന പ്രസിദ്ധീകരിച്ചു.

http://goo.gl/oGKY3k.

എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി

ശ്രീ ഇ ഹരികുമാറിന്റെ എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി എന്ന പുസ്തകം ഇങ്ങിനെ തുടങ്ങുന്നു:

EHarikumar--pvkഈ പുസ്തകം ഒരു സ്വയം വിമർശനമാണ്. എഴുത്തു തുടങ്ങുമ്പോൾ എന്തെഴുതാൻ ഉദ്ദേശിച്ചു, അവസാനം അമ്പതു വർഷത്തെ സാഹിത്യസപര്യയുടെ അന്ത്യത്തിൽ ഞാനെവിടെ നിൽക്കുന്നു? ഈ രണ്ടു ചോദ്യങ്ങൾക്കുമിടയിലുണ്ടായ അന്തർസംഘർഷങ്ങളുടെ കഥ. ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ കഥ, അവരെ എവിടെനിന്നെല്ലാമാണ് ജീവിതത്തിൽ കണ്ടുമുട്ടിയത്, ഈ കഥകൾകൊണ്ട് ഞാനെന്താണ് ഉദ്ദേശിച്ചത് എന്നീ കാര്യങ്ങൾ ഒരു വിമർശന ബുദ്ധിയോടെ സമീപിയ്ക്കുന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ചേടത്തോളം വിഷമമുള്ള കാര്യമാണ്.

എന്റെ കഥകളുടെ റീഡബിലിറ്റി, അതായത് രസത്തോടെ ഒഴുക്കൻ മട്ടിൽ വായിച്ചു പോകാൻ പറ്റിയ ഭാഷയുടെ പ്രത്യേകത, കഥകൾക്കു തന്നെ വിനയാവുകയാണുണ്ടായത്. വായനക്കാർ രസതലത്തിൽ മാത്രം ശ്രദ്ധിക്കുകയും നല്ല കഥയെന്ന അഭിപ്രായം പാസാക്കി പുസ്തകമടച്ചു വയ്ക്കുകയും ചെയ്യുന്നു. ആ കഥകൾക്ക് മറ്റു പല തലങ്ങളുമുണ്ടെന്ന കാര്യം നോക്കാനേ ശ്രമിയ്ക്കുന്നില്ല. ഒരു ശരാശരി വായനക്കാരന്റെ കാര്യം മാത്രമല്ല നിരൂപകരുടെ കാര്യവും മറിച്ചല്ല. എഴുത്തുകാരന് അതൊരു വലിയ നഷ്ടമാണ്. എന്റെ കഥകൾ പലരും എടുത്തു പെരുമാറിയ വിധം കണ്ടപ്പോഴാണ് ചില വിശദീകരണങ്ങൾ ആവശ്യമാണെന്ന് എനിയ്ക്കു തോന്നിത്തുടങ്ങിയത്.

എന്റെ കഥകൾക്കും നോവലുകൾക്കും വിമർശനം ഉണ്ടായിട്ടില്ല. വെറും ആസ്വാദനങ്ങളെയും പുസ്തകാഭിപ്രായങ്ങളേയും വിമർശനങ്ങളായി കണക്കാക്കാൻ പറ്റില്ല. ഇതുവരെ ഒരു ഖണ്ഡനവിമർശനം ഉണ്ടായിട്ടില്ല. കർശനമായ ചട്ടക്കൂടുകൾക്കുള്ളിലെ വിമർശനങ്ങൾക്ക് അതീതമാണ് എന്റെ സാഹിത്യമെന്ന മിഥ്യാബോധമൊന്നും എനിയ്ക്കില്ല. ധാരാളം പാളിച്ചകളുള്ള ഒരു സാഹിത്യമാണ് എന്റേത്. സ്രഷ്ടാവിന് സ്വന്തം സൃഷ്ടികളുടെ അപാകതകൾ പെട്ടെന്ന് മനസ്സിലാവും. ദൈവത്തിന് സ്വന്തം സൃഷ്ടികളുടെ കോപ്പ് എന്താണെന്നറിയാഞ്ഞിട്ടാണോ ഇങ്ങിനെ ശാന്തനായി ഇരിയ്ക്കുന്നത്. കണ്ടില്ലെന്നു നടിക്കുകയാണ്. ഞാനുമതെ.

സായാഹ്നയിൽ ഇന്നു മുതൽ വായിക്കുക: http://goo.gl/cChUFI.

ശരല്‍ക്കാലദീപ്തി

“Zen and The Art of Motorcycle Maintenance”എന്ന തത്ത്വചിന്താത്മകമായ നോവല്‍ 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ പിര്‍സിഗ് ‘രായ്ക്കുരാമാനം’ മഹായശസ്കനായി. അമേരിക്കല്‍ ഐക്യനാടുകളിലെ ഒരു സ്റ്റേറ്റായ മിനിസോറ്റയില്‍ നിന്നു മറ്റൊരു സ്റ്റേറ്റായ കലിഫോര്‍ണിയയിലേക്കു മോട്ടര്‍ സൈക്കിളില്‍ മകനുമൊത്തു സഞ്ചരിക്കുകയും സഞ്ചരിക്കുന്നതിനിടയില്‍ ദാര്‍ശനികങ്ങളായ പരികല്പനകള്‍ നടത്തുകയും ചെയ്യുന്നതാണ് ആ ഗ്രന്ഥത്തിലെ വിഷയം. വിശുദ്ധമായ ധൈഷണികാഹ്ലാദം നല്‍കുന്ന ദാര്‍ശനിക നോവലാണത്. വിശ്വവിഖ്യാതനായ നിരൂപകന്‍ ജോര്‍ജ് സ്റ്റൈനര്‍ ആരെയും അങ്ങനെ വാഴ്ത്തുന്ന ആളല്ല. അദ്ദേഹം പോലും പിര്‍സിഗിന്റെ രചനയെ പ്രശംസിച്ചത് ഇങ്ങനെയാണ്. “The analogies with Moby Dick are patent. Robert Pirsig invites the prodigious comparison.” ഈ നോവലെഴുതി പതിനേഴു വര്‍ഷം കഴിഞ്ഞപ്പോള്‍ പിര്‍ഗിസ് Lila — An Inquiry into Morals എന്നൊരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി ചിന്തയുടെ ലോകത്തു പരിവര്‍ത്തനത്തിന്റെ അലകള്‍ ഇളക്കി വിട്ടിരിക്കുന്നു. ഇതിനെക്കുറിച്ചു ഗ്രന്ഥകാരനു തന്നെ അളവറ്റ ആദരമുണ്ട്. അഭിമാനമുണ്ട്. അദ്ദേഹം എഴുതുന്നു: “Zen and The Art of Motorcycle Maintenance” ആദ്യത്തെ ശിശുവാണ്… പക്ഷേ ഈ രണ്ടാമത്തെ ശിശുവിനാണ് ഉജ്ജ്വലത… ജനങ്ങള്‍ നൂറൂ വര്‍ഷത്തിനു ശേഷം ഈ രണ്ടു പുസ്തകങ്ങളും വായിക്കുകയാണെങ്കില്‍ ‘ലീല’യായിരിക്കും കൂടുതല്‍ പ്രാധാന്യമുള്ളതായി അവര്‍ക്കു തോന്നുകയെന്ന് ഞാന്‍ ഭാവികഥനം നിര്‍വഹിച്ചു കൊള്ളട്ടെ.” ഈ പ്രസ്താവം ഗ്രന്ഥകാരന്‍മാരുടെ ദൗര്‍ബല്യമായി മാത്രം പരിഗണിച്ചാല്‍ മതി. ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് മാര്‍കോസ് ഓരോ നൂതന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തുമ്പോഴും അതാണു തന്റെ ഉല്‍കൃഷ്ടതമമായ കൃതിയെന്നു പറയുമായിരുന്നു. പക്ഷേ തന്റെ ആദ്യത്തെ നോവലിനെ അതിശയിക്കുന്ന ഒരു നോവലും അദ്ദേഹം പിന്നീട് എഴുതിയില്ല. ഇതു കൊണ്ടു പിര്‍സിഗിന്റെ ഈ പുതിയ നോവലിനു പ്രാധാന്യമില്ലെന്നാണ് എന്റെ പക്ഷമെന്ന് ആരും വിചാരിക്കരുതേ. പ്രാധാന്യമുണ്ട്. അതു മറ്റൊരുതരത്തില്‍…

ശ്രീ എം കൃഷ്ണന്‍ നായരുടെ “ശരല്‍ക്കാലദീപ്തി” എന്ന ലേഖനത്തിന്റെ തുടക്കമാണ് മുകളിലുദ്ധരിച്ചത്. അതടക്കം ഇരുപത് ലേഖനങ്ങളുടെ സമാഹാരമായ അതേ പേരിലുള്ള പുസ്തകം ഇന്ന് സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു: http://goo.gl/jSuIMw

സാഹിത്യവാരഫലം

ശ്രീ എം കൃഷ്ണന്‍ നായര്‍ മുപ്പത്തിയാറു വര്‍ഷത്തോളം തുടര്‍ച്ചയായി എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യപംക്തി ആയിരിക്കും. മലയാളനാട് വാരികയില്‍ എഴുതിത്തുടങ്ങിയ തന്റെ പംക്തി, വാരിക നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും പ്രസിദ്ധീകരിച്ചു. സാഹിത്യ വിമര്‍ശനത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ അവലംബിച്ച ശ്രീ കൃഷ്ണന്‍ നായര്‍, കലാപരമായി ഔന്നത്യമുള്ള രചനകള്‍ മാത്രമാണ് സാഹിത്യമെന്നും മറ്റെല്ലാം വ്യര്‍ത്ഥവ്യായാമങ്ങളാണെന്നും ഉറച്ചു വിശ്വസിച്ചു. സ്വന്തം ലേഖനങ്ങളെപ്പോലും ‘സാഹിത്യ പത്രപ്രവര്‍ത്തനത്തിന്റെയും ഏഷണിയുടെയും ഒരു അവിയല്‍’ എന്നു വിശേഷിപ്പിച്ച അദ്ദേഹം അനുബന്ധമായി, ‘അതുകൊണ്ടാണല്ലൊ, ചുമട്ടുതൊഴിലാളികള്‍വരെയും 35 വര്‍ഷമായി സാഹിത്യ വാരഫലം വായിക്കുന്നത്’ എന്നും കൂട്ടിച്ചേര്‍ത്തു. രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നര്‍മവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാര്‍ക്കു പ്രിയങ്കരമാക്കി. 2006-ല്‍ അദ്ദേഹത്തിന്റെ നിര്യാണത്തോടുകൂടി, സാഹിത്യവാരഫലം പിന്തുടര്‍ച്ചക്കാരില്ലാതെ അന്യം നിന്നുപോയി. ഗൃഹാതുരത്വം ഉണര്‍ത്തുന്ന വായന സമ്മാനിയ്ക്കുന്ന, ഇതുവരെ പ്രസിദ്ധീകൃതമായ വാരഫലം എന്‍ട്രി നടക്കുന്ന മുറയ്ക്ക് സായാഹ്ന പ്രസിദ്ധീകരിക്കും. കലാകൗമുദി എണ്ണൂറാം ലക്കത്തില്‍ വന്ന വാരഫലം ഇവിടെ വായിക്കുക.

മോഹഭംഗങ്ങള്‍

ശ്രീ എം കൃഷ്ണന്‍ നായരെ പ്രത്യേകിച്ച് മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട കാര്യമില്ല. മുപ്പത്തിയാറു വര്‍ഷത്തോളം തുടര്‍ച്ചയായി അദ്ദേഹം എഴുതിയ (1969 മുതല്‍ മരണത്തിനു ഒരാഴ്ച്ച മുന്‍പു വരെ) സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും. മലയാള നാട് വാരികയില്‍ അദ്ദേഹം തന്റെ പംക്തി എഴുതിത്തുടങ്ങി. മലയാള നാട് നിന്നുപോയതിനു ശേഷം കലാകൗമുദി ആഴ്ചപ്പതിപ്പിലും അതിനു ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു. ലോകസാഹിത്യത്തില്‍ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം തെക്കേ അമേരിക്ക മുതല്‍ യൂറോപ്പുവരെയും, ആഫ്രിക്ക മുതല്‍ ജപ്പാന്‍ വരെയുമുള്ള എഴുത്തുകാരെ കേരളത്തിലെ വായനക്കാര്‍ക്കു പരിചയപ്പെടുത്തി. അതിഗഹനമായ വായനയുടെ ഉടമയായ ശ്രീ കൃഷ്ണന്‍ നായര്‍ എഴുതിയ പതിനെട്ട് ലേഖനങ്ങളാണ് മോഹഭംഗങ്ങള്‍ എന്ന കൃതിയുടെ ഉള്ളടക്കം. സായാഹ്ന ഫൗണ്ടേഷന്‍ ഈ പുസ്തകം വിവിധ ഡിജിറ്റല്‍ രൂപങ്ങളില്‍ വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു.