ശബ്ദതാരാവലി

sreeഇരുപതാം നൂറ്റാണ്ടിനൊടുവിൽ വരെയുള്ള മലയാളഭാഷയുടെ നിഘണ്ടുക്കളിൽ സർവ്വസമ്മതമായി ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാള നിഘണ്ടു ആണ് ശബ്ദതാരാവലി. (ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള രചിച്ച ശബ്ദതാരാവലി മലയാളഭാഷാ നിഘണ്ടുക്കളിൽ ഏറ്റവും ആധികാരികമെന്നു അംഗീകരിക്കപ്പെട്ടിട്ടുണ്ട്.) 2000-ൽപരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കായി കണക്കാക്കപ്പെടുന്നു. ഇരുപതു വർഷം കൊണ്ട് പൂർത്തീകരിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം 1917-ലാണ് പുറത്തിറങ്ങിയത്. ശ്രേയൽക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാൾ അതിനൊക്കെയുപരി സ്വാർത്ഥലക്ഷ്യങ്ങളില്ലാതെ ഭാഷയ്ക്കു വേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞു വെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഉത്തമോദാഹരണമായി ഈ മഹത്കൃതിയെ സഹൃദയർ കണക്കാക്കുന്നു.

ഈ പതിപ്പിന്റെ മൂലഗ്രന്ഥം ബംഗളൂരുവിലെ ഒരു സെമിനാരിയിൽ കണ്ടെത്തി, സ്കാൻ ചെയ്തു് (2015) ലഭ്യമാക്കിയതു് ഷിജു അലക്സ്, വിശ്വപ്രഭ, ബൈജു രാമകൃഷ്ണൻ, ബെഞ്ചമിൻ വർഗ്ഗീസ്, വി എസ് സുനില്‍ എന്നിവരാണു്. സ്തുത്യര്‍ഹമായ ഈ യത്നത്തെ എത്ര ശ്ലാഘിച്ചാലും കൂടുതലാവില്ല. ഇതിന്റെ യൂണിക്കോഡ് വ്യവസ്ഥയിലുള്ള പാഠനിവേശനത്തിന്റെ പണി സായാഹ്ന തുടങ്ങുന്നതു് പിന്നെയും ഒരു കൊല്ലത്തിനു ശേഷമാണു്. റിവർ വാലി ടെൿനോളജീസിലെ മിക്കവാറും എല്ലാ ജീവനക്കാരും തങ്ങളുടെ ഒഴിവുസമയം ശബ്ദതാരാവലിയുടെ പാഠനിവേശനത്തിനു വേണ്ടി ചെലവഴിക്കുകയുണ്ടായി. ചുരുക്കം ചില ഫേസ്ബുൿ സുഹൃത്തുക്കളും (കെ.എ. അഭിജിത്, മനോജ് കരിങ്ങാമഠത്തിൽ, ഷിജു അലക്സ്, ബഞ്ചമിൻ, ശ്രീലത പിള്ള, മുതൽപേർ) ഈ സംരംഭത്തിൽ സഹകരിച്ചു.

ഈ സംരംഭത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു് അനുഭവിച്ചതു് തെറ്റുതിരുത്തൽ ഘട്ടത്തിലാണു്. ഒരു നിഘണ്ടുവെന്ന നിലയ്ക്കു് ആവശ്യപ്പെടുന്ന തരത്തിലുള്ള, തൊഴിൽപരമായ ശുദ്ധിയോടുകൂടിയുള്ള തെറ്റുതിരുത്തൽ ഏതാണ്ടു് അസാദ്ധ്യമായിത്തന്നെ ഏതാനും കൊല്ലങ്ങൾ തുടർന്നു. അതിനു മാറ്റം വന്നതു് കാലടി ശങ്കരാചാര്യ സർവ്വകലാശാലയിലെ ഭാഷാദ്ധ്യാപികയായ പ്രൊ. ലിസ്സി മാത്യുവിന്റെ നേതൃത്വത്തിൽ ഒത്തുകൂടിയ ഭാഷാസ്നേഹികളുടെ പ്രവർത്തനം മൂലമാണു്. നിഘണ്ടുവിനെ, മൂലത്തിന്റെ അഞ്ചു പുറങ്ങൾ മാത്രമുള്ള ചെറു പിഡിഎഫുകളായി വിഭജിച്ചു സ്മാർട്ട്ഫോണിൽ തെറ്റുകൾ ഹൈലൈറ്റ് ചെയ്യാൻ പാകത്തിനു് നൽകിയപ്പോൾ ഒട്ടനവധി പരിശോധകർ ഈ നൂതന തിരുത്തൽ പ്രക്രിയയിലേയ്ക്കു് ആകർഷിതരായി. കേവലം ഒരു ഭാഗം മാത്രമേ തിരുത്തിത്തന്നുള്ളു എങ്കിലും പ്രിയ നടൻ മമ്മൂട്ടി തന്ന ഊർജം വളരെ വലുതാണ്. വിവിധ രാജ്യങ്ങളിലിരുന്നു് പ്രൊഫഷണലുകളും വീട്ടമ്മമാരും ഗവേഷകരും വിദ്യാർത്ഥികളും കൈക്കുഞ്ഞുള്ള അമ്മമാരും അടക്കമുള്ള സന്നദ്ധപ്രവർത്തകർ തിരുത്തി ഹൈലൈറ്റ് ചെയ്തുനല്കിയ പിഡിഎഫുകളിൽ നിന്നും പാഠസ്രോതസ്സിൽ തിരുത്തുകൾ നടത്തിയതു് റിവർ വാലിയിലെ ജീവനക്കാരായിരുന്നു. നാലുവട്ടം ഈ തിരുത്തൽ പ്രക്രിയ നടത്തുകയുണ്ടായി. അങ്ങനെ ശുദ്ധീകരിച്ച പാഠമാണു് എക്സ്എം‌എൽ, എച്റ്റിഎംഎൽ എന്നീ രൂപങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിച്ചതു്. എങ്കിലും ഇനിയും തെറ്റുകൾ കണ്ടേയ്ക്കാം. അതു് തിരുത്തേണ്ടതു് വായനക്കാരന്റെ ഉത്തരവാദിത്വമാണെന്നു് സായാഹ്ന കരുതുന്നു.

തെറ്റുതിരുത്തൽ പരിശ്രമങ്ങളിൽ ഒട്ടനവധിപേർ പങ്കെടുക്കുകയുണ്ടായി. പണിക്കവീട്ടിൽ ഷംസുദ്ദീൻ (ചാവക്കാടു്), എസ് എ ശ്രീദേവി (തിരുവനന്തപുരം), ലളിതാ ഗൗരി (ഓസ്ട്രേലിയ), സി എം ലീല (തൃശൂർ), ഷീജ അനിൽ (പെരിഞ്ഞനം) എന്നിവരുടെ സേവനം എടുത്തു പറയേണ്ടതാണു്. അഞ്ചു കൊല്ലം നീണ്ടുനിന്ന ഈ സംരംഭത്തിൽ മടുപ്പില്ലാതെ പങ്കെടുത്തു് വിജയിപ്പിച്ച എല്ലാ പ്രവർത്തകരോടും ഹാർദ്ദമായ നന്ദി രേഖപ്പെടുത്തുവാൻ ഈ അവസരം ഉപയോഗിക്കട്ടെ. (പങ്കെടുത്തവരുടെ ഒരു പട്ടിക അന്യത്ര ചേർത്തിട്ടുണ്ടൂ്.)

ഈ ശബ്ദതാരാവലി പതിപ്പിലെ ഒരു പ്രധാനസവിശേഷത, വാക്കുകളുടെ പ്രയോഗക്ഷമത മനസ്സിലാക്കുവാനായി അന്നുവരെ പ്രസിദ്ധീകരിക്കപ്പെട്ട കാവ്യങ്ങൾ, ചമ്പുക്കൾ, ആട്ടക്കഥകൾ, തുള്ളൽ കൃതികൾ, മറ്റു ഗദ്യേതരഗ്രന്ഥങ്ങൾ, അമരകോശം, പാണിനീയം, ലീലാതിലകം, എന്നു തുടങ്ങി ഒട്ടനവധി ഗ്രന്ഥങ്ങളിൽ നിന്നു ഉദാരമായി ചേർത്തിട്ടുള്ള ഉദ്ധരണികളാണു്. കൂടാതെ ചില പദങ്ങൾക്കു് വിജ്ഞാനകോശസമാനമായ വിവരണങ്ങളാണു് ശ്രീകണ്ഠേശ്വരം നല്കിയിട്ടുള്ളതു്. കമ്പ്യൂട്ടറും അനുബന്ധ സാങ്കേതികവിദ്യയും, ഇന്റർനെറ്റ്, യാന്ത്രിക തെരച്ചിൽ എന്നിവയൊന്നും ഇല്ലാത്ത ഒരു കാലത്തിൽ അദ്ദേഹം നിഘണ്ടു നിർമ്മാണത്തിനു 34 കൊല്ലം ചെലവഴിച്ചുവെന്നതു് നമ്മെ അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും ഈ മനുഷ്യൻ മുടക്കിയ മനുഷ്യപ്രയത്നവും നേരിട്ട ഗാർഹികബാദ്ധ്യതകളുടെ സമ്മർദ്ദവും അസാധാരണമാണു്. ആമുഖക്കുറിപ്പിൽ ശ്രീകണ്ഠേശ്വരം പറയുന്നതു് കേൾക്കുക:

‘സുഖം’ എന്ന പദത്തിന്റെ അർത്ഥം എന്തെന്നു നിഘണ്ടുവിൽ കൊടുത്തിട്ടുണ്ടേന്നുവരികിലും പരമാർത്ഥത്തിൽ അതെങ്ങനെയിരിക്കുമെന്നു് ഞാൻ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല. എന്റെ കുടുംബക്കാരും ബന്ധുക്കളും സ്നേഹിതന്മാരും അതിനു സാക്ഷികളാകുന്നു. ‘താരാവലി’യെ മുദ്രണം ചെയ്തു വണിജ്യയിൽ സമധികമായ ലാഭത്തെ സമ്പാദിക്കണമെന്നു വിചാരിക്കാതെ ‘കൂലങ്കഷമായ ഭാഷാസാഹിത്യ പരിചയത്തിനു പര്യാപ്ത’മാക്കണമെന്നു മാത്രം ഉദ്ദേശിച്ചു 1072 മുതൽ 1106 വരെ 34 സംവത്സരം ‘ശബ്ദതാരാവലി’ക്കു ചെലവാക്കിയതിന്റെ ശേഷവും അതിനെപ്പറ്റി എന്റെ ഹൃദയത്തിനു തന്നെ സംതൃപ്തി വന്നിട്ടില്ലെന്നുള്ളതും ‘പെട്ടെന്നു് ഒരു നിഘണ്ടു പുറപ്പെടുവിച്ചുകളയാം’ എന്നു വിചാരിക്കുന്നവർ ഓർമ്മിക്കേണ്ടതാകുന്നു. (ആമുഖം, ശബ്ദതാരാവലി)

പില്ക്കാലത്തു് താരാവലിയുടെ പരിഷ്ക്കരിച്ച പതിപ്പുകൾ ഇറക്കിയവർ ഈ മനുഷ്യപ്രയത്നത്തിനെ നിസ്സാരവല്ക്കരിച്ചുകൊണ്ടു് നിഘണ്ടുവിലെ വിലപ്പെട്ട ഉദ്ധരണികളും നീണ്ട വിവരണങ്ങളും വേണ്ടന്നു് വെച്ചു. ഇന്നത്തെ ശബ്ദതാരാവലി പതിപ്പുകളൊന്നും തന്നെ ശ്രീകണ്ഠേശ്വരത്തിനോടു നീതി പുലത്തുന്നില്ല എന്നതു കൂടാതെ, ഭാഷാചരിത്രത്തിൽ നിന്നു് ഒരു വിലപ്പെട്ട ഗ്രന്ഥത്തെ തമസ്ക്കരിക്കുകയും ചെയ്തു. ഇങ്ങനെയൊരു ഗ്രന്ഥം നമുക്കുണ്ടായിരുന്നു എന്നതു് ഒരിക്കലും അറിയാൻ കഴിയാത്തത്ര, ചരിത്രം മായ്ച്ചുകളയുന്ന, തെറ്റാണു് വരും തലമുറയോടു് നമ്മൾ ചെയ്തതു്. ഈ തെറ്റു തിരുത്തുക എന്നതാണു് സായാഹ്നയുടെ പരിശ്രമങ്ങളുടെ പ്രധാനപ്രേരകം.

സായാഹ്നയുടെ ലെൿസോണമി സെർവ്വർ, 1917-ൽ പ്രസിദ്ധീകരിച്ച ശബ്ദതാരാവലിയുടെ യഥാതഥ രൂപമാണു്. ഈ പതിപ്പു്, അക്ഷരത്തെറ്റുകൾ തിരുത്തുന്നതൊഴിച്ചാൽ അങ്ങനെ തന്നെ നിലനിറുത്തും. 55,653 വാക്കുകളാണു് (സ്വരാക്ഷരങ്ങൾ: 12,596; കവർഗ്ഗം: 9,113; ചവർഗ്ഗം: 3,821; ടവർഗ്ഗം: 112; തവർഗ്ഗം: 8,492; പവർഗ്ഗം: 8,684; യരലവ…ഴ: 12,835) ഈ കോർപ്പസ്സിലുള്ളതു്. സായാഹ്നയുടെ ശബ്ദതാരാവലി സംരംഭത്തിലൂടെ രൂപപ്പെട്ടുവന്ന അനുയോജ്യരായ വിദഗ്ദ്ധരടങ്ങുന്ന ഒരു പത്രാധിപസമിതി ഇപ്പോഴുള്ള കോർപ്പസ്സിന്റെ ഒരു പകർപ്പെടുത്തു് കാലോചിതമായ, ഭാഷാശാസ്ത്രസംബന്ധിയായ മാറ്റങ്ങൾ വരുത്തുകയും കൂടുതൽ വാക്കുകൾ ചേർക്കുകയും സമകാലികവായനക്കാർക്കു് പ്രയോജനകരമായ രീതിയിൽ പ്രസിദ്ധീകരിക്കുന്നതുമാണു്. കൂട്ടത്തിൽ ദ്വിഭാഷ/ബഹുഭാഷാ നിഘണ്ടു ആയി മാറ്റാനുമുള്ള ആലോചനയുണ്ടു്. ഓൺലൈനിൽ നടക്കുന്ന ഈ പരിശ്രമങ്ങളിൽ താല്പര്യമുള്ള ആർക്കുവേണമെങ്കിലും പങ്കെടുക്കാം.

ശബ്ദതാരാവലിയുടെ ആദ്യപതിപ്പ് പ്രസാധനത്തിന്റെ നൂറാം വർഷത്തിലേക്കെത്തുകയാണ്. ഈ കാലയളവിൽ അന്നുണ്ടായിരുന്നതിൽ നിന്നു് നമ്മുടെ ദേശവും ഭാഷയും ബന്ധങ്ങളും ലിപിയും ഏറെ മാറിപ്പോയി. എന്നാൽ കാലവും സാങ്കേതികമികവും ആണ് ഈ വലിയ ജോലി ചുരുങ്ങിയ സമയം കൊണ്ടു തനതു ലിപിയിൽ തന്നെ പൂർത്തിയാക്കാൻ നമ്മെ സഹായിച്ചതു്. ഇതിന്റെ മനോഹാരിതയിൽ കെ.എച്ച്. ഹുസൈൻ രൂപകല്പനചെയ്ത് പേർത്തും പേർത്തും മിനുക്കിയെടുത്ത, ഈ വെബ് സൈറ്റിൽ ഉപയോഗിച്ചിരിക്കുന്ന രചന ഫോണ്ട് വഹിച്ച പങ്ക് സുപ്രധാനമാണു്.

ചില കണ്ണികൾ

55 Responses to “ശബ്ദതാരാവലി”


  • വാക്കുകളിലൂടെ അനുമോദനങ്ങള്‍/ ആശംസകള്‍/ നന്ദി…..പ്രകടിപ്പിക്കുവാന്‍ അസാധ്യമായ ഒരു സേവനം. ഈശ്വരാനുഗ്രഹം എന്നും നിലനില്‍ക്കട്ടെ.

  • Malayala bhashakkku ethu oru nalla chuvadu vaippanu.

  • വിലമതിക്കാനാവാത്ത സേവനം….
    തുടരുക…
    ഞങ്ങള്‍ കൂടെയുണ്ട്….
    നന്ദി….

  • Aswin sivadasan

    NYC. All the best for ur great future

  • THOMAS THAMARASSERI

    Best Wishes!

  • ആർ. നന്ദകുമാർ

    പ്രിയരേ

    ശബ്ദതാരാവലിയുടെ സമ്പൂർണ്ണ ഡിജിറ്റൽ പതിപ്പ് തയ്യാറാക്കിയ സായാഹ്ന ഫൗണ്ടേഷനും അതിന്റെ എല്ലാ സുഹൃത്തുക്കൾക്കും അഭിനന്ദനം. പിറക്കാനിരിക്കുന്ന തലമുറകളുടെ കാലാതീതമായ പങ്കു വയ്ക്കലിലൂടെ നിങ്ങളുടെ പരിശ്രമം അർത്ഥ ദീപ്തമാകും. കുറച്ചു കൂടി ക്രമീകരിക്കാനുണ്ട് എന്ന് വിനയപൂർവ്വം സൂചിപ്പിക്കട്ടെ. ഉദാഹരണം പവർഗ്ഗം. പ-യിൽ തുടങ്ങുന്ന വാക്കുകൾ കഴിയാതെ പാ ആരംഭിച്ചു. പാനീയം എന്ന വാക്കു കഴിഞ്ഞ് വീണ്ടും പ വന്നു. കുറ്റമായിട്ടു പറഞ്ഞതല്ല. പൂർണ്ണതയിലെത്തിക്കാണാനുള്ള ആഗ്രഹത്തിൽ സൂചിപ്പിച്ചതാണ്. മലയാളത്തിനു വേണ്ടിയുള്ളേ േപാരാട്ടമാണ് നിങ്ങൾ നടത്തിയത്. നന്ദി.

    ആർ. നന്ദകുമാർ

    • പോരായ്മ ചൂണ്ടിക്കാട്ടിയതിനു വളരെയധികം നന്ദി. തീർച്ചയായും അതു തിരുത്താം. ലെക്സോണമി സെർവറിന്റെ ഉദ്ദേശ്യം തന്നെ അതാണു്. — രാധാകൃഷ്ണൻ

  • Jacob Njerinjampilly

    ആധികാരികമായ ഈ ഗ്രന്ഥം ഡിജിറ്റലാക്കിയതു് പ്രത്യേകം പ്രശംസ അർഹിക്കുന്നു. ഒരു മൊബയിൽ ആപ്പുണ്ടാക്കിയാൽ കൂടുതൽ ഉപയോഗത്തിലേക്ക് എത്തും.നന്ദി

  • അമൂല്യമായ സേവനം. ഒരു നിർദ്ദേശം ഉണ്ട്. വാക്കുകൾ തിരയാനുള്ള സൗകര്യം കാണുന്നില്ല. അത് ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.

  • അജിത്ത് കൂവോട്

    ഇതാണ് യഥാർത്ഥത്തിലുള്ള ഭാഷാ സ്നേഹം. നിങ്ങളുടെ പരിശ്രമം ഭാഷാ നിഘണ്ടുവിനെ പോലെ തന്നെ കാലാതീതമായിരിക്കും. ഇതോടൊപ്പം ഒരുപാട് കൂട്ടിച്ചേർക്കലുകളും പരിഷ്കരണങ്ങളും വരുത്തുവാൻ ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • One of the most sought-after services. Great value for humanity. Shall remain grateful all my life.

  • A great tribute to an Herculean effort … Feeling proud to be a Malayalee…

  • ആധുനിക സമൂഹത്തിൽ, മാതൃഭാഷ സ്നേഹികളായ മലയാളികൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം. അത്യന്തം ശ്രമകരമായ ഈ ഉദ്യമത്തിന് പിന്നിൽ, അർപ്പണമനോഭാവത്തോടുകൂടി പ്രവർത്തിച്ച, സന്മനസ്സുകൾക്ക് എന്റെ നല്ല നമസ്ക്കാരം. മോ@സാപ്പിയൻ

  • മഹത്തായ ദൗത്യം. അഭിനന്ദനങ്ങൾ. വിദ്യാർഥികളുടെ സേവനം പ്രത്യേകം അഭിനന്ദനീയമാണ്. ഇതു പോലെ സന്നദ്ധരായ വിദ്യാർഥികളെ ഇനിയും കണ്ടെത്താൻ കഴിയും. കൂട്ടായ്മ വിപുലീകരിച്ച് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന് എല്ലാ ഭാവുകങ്ങളും നേരുന്നു. സഹകരണം വാഗ്ദാനം ചെയ്യുന്നു.

  • With deep hugs

  • മലയാള ഭാഷയ്ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായ സംഘാടകരെയും, പ്രശംസക്കും അഭിനന്ദനത്തിനും ഉപരിയായി നിൽക്കുന്ന ഡിജിറ്റൽ ശബ്ദതാരാവലിയുടെ സംരംഭത്തിനും ഹൃദയത്തിൽ നിന്നും ആശംസകൾ.

    അടിസ്ഥാന വ്യാകരണങ്ങൾ കൂടെ ഡിജിറ്റലായി പ്രസിദ്ധീകരിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • Vijayakumar, karakulam

    തികച്ചും ശ്രമകരമായ പ്രവൃത്തി. പിന്നിൽ പ്രവർത്തിച്ച മനസ്സുകളെ അഭിനന്ദിക്കാതിരിക്കാൻ നിവൃത്തിയില്ല. സംശയങ്ങൾക്ക് വിരൽതുമ്പിലൂടെ പരിഹാരം. നന്ദി…

  • ഈ പ്രവർത്തി അനുമോദനങ്ങൾക്കും അപ്പുറം

  • മലയാളം ഭാഷയെ നെഞ്ചേറ്റുന്നവർക്ക് ആവേശമായ കാര്യം ആണ് ഇത്. ആദ്യത്തെ കുറച്ചു വായിച്ചു. അംശം എന്നതിന്റെ അർഥം പംക് എന്ന് കണ്ടു. അത് പങ്ക് അല്ലെ, അത് ഒന്ന് മാറ്റി എഴുതിയാൽ നന്നായിരുന്നു.

    ഇതിൽ പ്രവർത്തിച്ച എല്ലാവര്ക്കും ആശംസകൾ.

    • ഇതു് ശബ്ദതാരാവലിയുടെ പരിഷ്ക്കരിച്ച പതിപ്പല്ല. അതുകൊണ്ടു് ഉള്ളടക്കം തിരുത്തുവാൻ നമുക്കു് അവകാശമില്ല. പരിഷ്ക്കരിച്ച പതിപ്പു് വഴിയെ വരുന്നതാണു്.

  • നന്ദി വളരെ നന്ദി

  • വില മതിക്കാനാവാത്ത പ്രയത്നം! അഭിനന്ദനങ്ങൾ… വാക്കുകൾ തിരയാനുള്ള ഓപ്ഷൻ കൂടി ഉൾപ്പെടുത്താമോ…

  • തുമ്പൂർ ലോഹിതാക്ഷൻ

    അത്യന്തം ശ്ലാഘനീയമായ ഉദ്യമം! അഭിനന്ദനങ്ങൾ!!

  • ദീപു ദാമോദരൻ

    വരുംതലമുറ ഈ സംരംഭത്തോട് കടപ്പെട്ടിരിക്കും. തികച്ചും മലയാളി എന്നനിലയിൽ അഭിമാനം തോന്നുന്നു.

  • സുരേന്ദ്രൻ . കെ.ടി.ഡി.

    വളരെ നന്നായിരിക്കുന്നു. ഇതിന്റെ പിറകിൽ അക്ഷീണം പ്രവർത്തിച്ച ഓരോരുത്തരും പ്രത്യേകം പ്രത്യേകം അഭിനന്ദനമർഹിക്കുന്നു. വാക്കുകൾ തിരയാൻ ഉള്ള സംവിധാനം കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.

  • ശബ്ദതാരാവലിയുടെ ഒരു copy കണ്ടിരുന്നു. ഭാരം കുറഞ്ഞ തടിച്ച ഒരു ഗ്രന്ഥം. വളരെക്കാലം സൂക്ഷിച്ചിരുന്നു. വലിയൊരു പ്രയത്നം തന്നെ ഈ പ്രവർത്തനത്തിന് പിന്നിൽ കാണുന്നു. നല്ലൊരു സംരംഭം. ഭാഷയെ സ്നേഹിക്കുന്നവർക്ക് ഒരു അമൂല്യ സമ്മാനം.

  • പ്രശാന്ത് പ്രഭാകരൻ

    മനോഹരമായ ഒരു സൃഷ്ടിയുടെ പുനഃരാവിഷ്‌ക്കാരം.
    അഭിനന്ദനങ്ങൾ…

  • Wilson Chenappady

    ഉജ്ജ്വലമായ ദൗത്യം.

    ‘കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ’ എന്ന് ദീർഘദർശനം ചെയ്ത കവിമൊഴികൾ യാഥാർത്ഥ്യമാവുകയാണ്. മലയാളം എല്ലാ അർത്ഥത്തിലും കമ്പ്യൂട്ടർ സൗഹൃദ ഭാഷയാകുന്നതോടെ മൂന്നരക്കോടിയുടെ മനസ്സിൽ നിന്നും പ്രപഞ്ചത്തിൻ്റെ ഹൃദയാകാശങ്ങളിലേയ്ക്ക് നക്ഷത്ര ദ്യുതി പരത്തുകയാണ്. പിന്നിൽ പ്രവർത്തിച്ച നിസ്വാർത്ഥമതികൾക്ക് ആദരം!

  • ഈ മഹത്ഗ്രന്ഥത്തിന്റെ ഡിജിറ്റൽ പതിപ്പ് തയാറാക്കാൻ മുൻകൈെയെടുത്ത എല്ലാ പ്രിയെപെട്ടവർക്കും ഭാഷാ സ്നേഹികൾക്കും വാക്കുകൾക്കതീതമായ നന്ദി…. സ്നേഹം …. സന്തോഷം …. അഭിനന്ദനങ്ങൾ….

  • ധന്യം. അഭിനന്ദനങ്ങൾ. വരുംതലമുറക്ക് വിലമതിക്കാനാവാത്ത സമ്മാനം. ഇതിന്റെ എന്നിൽ പ്രവർത്തിചവർക്കു ആദരവുകൾ

  • അഭിനന്ദനങൾ

  • എൻ.സി.ഹരിദാസൻ

    ആമുഖക്കുറിപ്പിൽ കണ്ട ഒരു പിശക് ‘ഉത്തരവാദിത്വം’ എന്നത് ‘ഉത്തരവാദിത്തം’ എന്ന് തിരുത്തണം.

  • മികച്ച ഉദ്യമം. അഭിനന്ദനങ്ങൾ

    Online ശബ്ദതാരാവലിയിൽ അർത്ഥം നോക്കിയ ഒരു പദം ‘സംരംഭം’ ആണ്. ‘പുതിയ പ്രവർത്തനം/ഉദ്യമം’ എന്ന അർത്ഥമാണല്ലോ ഇന്ന് സാധാരണയായി ഉപയോഗത്തിലുള്ളത്.

    എന്റെ കൈയ്യിലുള്ള ശബ്ദതാരാവലിയിലും ഈ അർത്ഥം കൊടുത്തിട്ടുണ്ട്. എന്നാൽ online ശബ്ദതാരാവലിയിൽ അങ്ങനെ ഒരർത്ഥം ഇല്ല. online version ശബ്ദതാരാവലിയുടെ രണ്ടാം പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് എവിടെയോ വായിച്ചിരുന്നു. അതാവാം കാരണം

  • കുരീപ്പുഴശ്രീകുമാര്‍

    വളരെ പ്രധാനപ്പെട്ട കാര്യമാണ് ചെയ്തിരിക്കുന്നത്
    ഈ കഠിനപരിശ്രമത്തില്‍ പങ്കെടുത്ത എല്ലാവരെയും
    വിനയപൂര്‍വം അഭിനന്ദിക്കുന്നു.

  • വിജയ് മാഷ്, വൈക്കം

    ഹൃസ്വമായ മനുഷ്യ ജീവിതത്തിൽ ഇത്തരം മഹ്ത് കാര്യങ്ങൾ ചെയ്യുന്നതാണ് സുരലോക പ്രാപ്തിയേക്കാൾ ശ്രേയ്സ്കരം, ഹൃദയപൂർവ്വം ഒരായിരം ആശംസകൾ!

  • സേതുമാധവൻ കെ.പി

    എത്ര നാളായി ആഗ്രഹിക്കുന്നതായിരുന്നു ശബ്ദതാരാവലിയുടെ ഓൺലൈൻ പതിപ്പ്. മലയാള ഭാഷയ് ക്ക് ഡിജിറ്റൽ കാലഘട്ടത്തിൽ ലഭിച്ച ഏറ്റവും മഹത്തായ സംഭാവന. ഒരാഴ്ച മുമ്പ് FB യിൽ ശ്രീകണ്ഠേശ്വരത്തിൻ്റെ ചരമവാർഷിക ദിനത്തിൽ ശബ്ദതാരാവലിയുടെ ഡിജിറ്റൽ പതിപ്പ് തയ്യാറാക്കുന്നതിൽ കേരള സർക്കാരും, മലയാള സർവ്വകലാശാലയും കാണിക്കുന്ന ഉപേക്ഷയെ പറ്റി എഴുതിയിരുന്നു. സായാഹ്ന ഫൗണ്ടേഷൻ്റെ ശബ്ദതാരാവലിയുടെ പ്രകാശനത്തെ പറ്റി അറിഞ്ഞിരുന്നില്ല. ഇന്നലെ മാതൃഭൂമി പത്രത്തിൽ വാർത്ത കണ്ടതോടെ ഞാൻ digital പതിപ്പിൽ എത്തി. ശ്രീകണ്ഠേശ്വരം നൂറ് വർഷം മുൻപ് ശബ്ദതാരാവലി സമ്മാനിച്ചപ്പോൾ മലയാള ഭാഷഎത്രമാത്രം ഔന്നത്യം പ്രാപിച്ചുവോ അതിനെയും അതിശയിക്കുന്ന ഉന്നത നിലവാരത്തിലേക്ക് ഡിജിറ്റൽ പതിപ്പിലൂടെ മലയാളമെത്തുകയാണു. കാലഘട്ടത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച് മലയാളം രൂപാന്തരപ്പെടുകയാണു.

  • അതിഗംഭീരമായ പ്രയത്നം. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും വിനീതപ്രണാമം. കൈരളിയുടെ മുന്നില്‍ ഇതെത്തിച്ച എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു. നിഘണ്ടുവിലെ ചില വാക്കുകള്‍ തെറ്റാണ്. അവ ഇപ്പോളും അങ്ങനെതന്നെ തുടരുന്നുണ്ട്. അതൊക്കെ ശരിയാക്കണം. ആമുഖക്കുറിപ്പിലും ധാരാളം അക്ഷരപ്പിശകുകള്‍, പ്രയോഗവൈകല്യങ്ങള്‍ എന്നിവ ഞാന്‍ കാണുന്നുണ്ട്.

    • പ്രതികരണത്തിനു നന്ദി. ആമുഖക്കുറിപ്പുകളിലെ പിശകുകൾ തിരുത്തിയ ഒരു പാഠം അയച്ചുതന്നു സാഹായിക്കുവാൻ അപേക്ഷിക്കുന്നു.

  • അനിത ജീ

    ശബ്ദതാരാവലിയുടെ ഡിജിറ്റൽ പതിപ്പ് തയ്യാറാക്കാൻ മുൻകൈയെടുത്ത എല്ലാ അണിയറപ്രവർത്തകർക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ

  • ഈ ഉദ്യമത്തിന്റെ പിന്നിൽ പ്രവർത്തിച്ച, പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഭാഷാസ്നേഹികൾക്കും എന്റെ അകമഴിഞ്ഞ അഭിനന്ദനങ്ങൾ

  • സതീഷ് സദ്മം

    സായാഹ്നയുടെ ഈ ഉദ്യമത്തിന് ആശംസകള്‍! ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാന്‍ താല്പര്യം.

  • A great attempt by a group of Malayalam language lovers. Your selfless efforts will be appreciated as long as the language exists. Hats off to the whole team who have spent days and nights enriching our language. I wish I could be part of this; my offer to assist still stays.

  • ആമുഖക്കുറിപ്പിലെ പിശകുകൾ തിരുത്തിയത്:

    ഇരുപതാം നൂറ്റാണ്ടിനൊടുവിൽവരെയുള്ള മലയാളഭാഷയുടെ നിഘണ്ടുക്കളിൽ സർവ്വസമ്മതമായി ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാളനിഘണ്ടുവാണ് ശബ്ദതാരാവലി. (ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള രചിച്ച ശബ്ദതാരാവലി മലയാളഭാഷാനിഘണ്ടുക്കളിൽ ഏറ്റവും ആധികാരികമെന്നങ്ഗീകരിക്കപ്പെട്ടിട്ടുണ്ട്.) 2000-ൽപ്പരം താളുകളുള്ള ഈ ഗ്രന്ഥം മലയാളപദങ്ങളുടെ അർത്ഥത്തെസ്സം ബന്ധിച്ചിടത്തോളം അവസാനവാക്കായി കണക്കാക്കപ്പെടുന്നു. ഇരുപതു വർഷംകൊണ്ട് പൂർത്തീകരിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗം 1917-ലാണ് പുറത്തിറങ്ങിയത്. ശ്രേയത്കരമായി സ്വന്തംജീവിതം നയിക്കാവുന്ന ഒരാൾ അതിനൊക്കെയുപരി സ്വാർത്ഥലക്ഷ്യങ്ങളില്ലാതെ ഭാഷയ്ക്കുവേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞുവെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഉത്തമോദാഹരണമായി ഈ മഹാകൃതിയെ സഹൃദയർ കണക്കാക്കുന്നു.

    ഈ പതിപ്പിന്റെ മൂലഗ്രന്ഥം ബംഗളൂരുവിലെ ഒരു സെമിനാരിയിൽ കണ്ടെത്തി, സ്കാൻ ചെയ്തു് (2015) ലഭ്യമാക്കിയതു് ഷിജു അലക്സ്, വിശ്വപ്രഭ, ബൈജു രാമകൃഷ്ണൻ, ബെഞ്ചമിൻ വർഗ്ഗീസ്, വി എസ് സുനില്‍ എന്നിവരാണു്. സ്തുത്യര്‍ഹമായ ഈ യത്നത്തെ എത്ര ശ്ലാഘിച്ചാലും കൂടുതലാവില്ല. ഇതിന്റെ യൂണിക്കോഡ് വ്യവസ്ഥയിലുള്ള പാഠനിവേശനത്തിന്റെ പണി സായാഹ്ന തുടങ്ങുന്നതു് പിന്നെയും ഒരു കൊല്ലത്തിനുശേഷമാണു്. റിവർ വാലി ടെൿനോളജീസിലെ മിക്കവാറും എല്ലാ ജീവനക്കാരും തങ്ങളുടെ ഒഴിവുസമയം ശബ്ദതാരാവലിയുടെ പാഠനിവേശനത്തിനു വേണ്ടി ചെലവഴിക്കുകയുണ്ടായി. ചുരുക്കംചില ഫേസ്ബുൿ സുഹൃത്തുക്കളും (കെ.എ. അഭിജിത്, മനോജ് കരിങ്ങാമഠത്തിൽ, ഷിജു അലക്സ്, ബഞ്ചമിൻ, ശ്രീലത പിള്ള, മുതൽപേർ) ഈ സംരംഭത്തിൽ സഹകരിച്ചു.

    ഈ സംരംഭത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടു് അനുഭവിച്ചതു് തെറ്റുതിരുത്തൽഘട്ടത്തിലാണു്. ഒരു നിഘണ്ടുവെന്നനിലയ്ക്കു് ആവശ്യപ്പെടുന്നതരത്തിലുള്ള, തൊഴിൽപരമായ ശുദ്ധിയോടുകൂടിയുള്ള തെറ്റുതിരുത്തൽ ഏതാണ്ടു് അസാദ്ധ്യമായിത്തന്നെ ഏതാനും കൊല്ലങ്ങൾ തുടർന്നു. അതിനു മാറ്റം വന്നതു് കാലടി ശങ്കരാചാര്യസർവ്വകലാശാലയിലെ ഭാഷാദ്ധ്യാപികയായ പ്രൊ. ലിസ്സി മാത്യുവിന്റെ നേതൃത്വത്തിൽ ഒത്തുകൂടിയ ഭാഷാസ്നേഹികളുടെ പ്രവർത്തനംമൂലമാണു്. നിഘണ്ടുവിനെ, മൂലത്തിന്റെ അഞ്ചു പുറങ്ങൾമാത്രമുള്ള ചെറുപിഡിഎഫുകളായി വിഭജിച്ച് സ്മാർട്ട്ഫോണിൽ തെറ്റുകൾ ഹൈലൈറ്റ് ചെയ്യാൻപാകത്തിനു് നൽകിയപ്പോൾ ഒട്ടനവധി പരിശോധകർ ഈ നൂതനതിരുത്തൽപ്രക്രിയയിലേക്ക് ആകർഷിതരായി. കേവലം ഒരുഭാഗംമാത്രമേ തിരുത്തിത്തന്നുള്ളു എങ്കിലും പ്രിയനടൻ മമ്മൂട്ടി തന്ന ഊർജം വളരെ വലുതാണ്. വിവിധരാജ്യങ്ങളിലിരുന്നു് പ്രൊഫഷണലുകളും വീട്ടമ്മമാരും ഗവേഷകരും വിദ്യാർത്ഥികളും കൈക്കുഞ്ഞുള്ള അമ്മമാരും അടക്കമുള്ള സന്നദ്ധപ്രവർത്തകർ തിരുത്തി ഹൈലൈറ്റ് ചെയ്തുനല്കിയ പിഡിഎഫുകളിൽനിന്ന് പാഠസ്രോതസ്സിൽ തിരുത്തുകൾ നടത്തിയതു് റിവർ വാലിയിലെ ജീവനക്കാരായിരുന്നു. നാലുവട്ടം ഈ തിരുത്തൽപ്രക്രിയ നടത്തുകയുണ്ടായി. അങ്ങനെ ശുദ്ധീകരിച്ച പാഠമാണു് എക്സ്എം‌എൽ, എച്റ്റിഎംഎൽ എന്നീ രൂപങ്ങൾ നിർമ്മിക്കുവാൻ ഉപയോഗിച്ചതു്. എങ്കിലും ഇനിയും തെറ്റുകൾ കണ്ടേക്കാം. അതു് തിരുത്തേണ്ടതു് വായനക്കാരന്റെ ഉത്തരവാദിത്വമാണെന്നു് സായാഹ്ന കരുതുന്നു.

    തെറ്റുതിരുത്തൽപ്പരിശ്രമങ്ങളിൽ ഒട്ടനവധിപേർ പങ്കെടുക്കുകയുണ്ടായി. പണിക്കവീട്ടിൽ ഷംസുദ്ദീൻ (ചാവക്കാടു്), എസ് എ ശ്രീദേവി (തിരുവനന്തപുരം), ലളിതാ ഗൗരി (ഓസ്ട്രേലിയ), സി എം ലീല (പട്ടാമ്പി), ഷീജ അനിൽ (പെരിഞ്ഞനം) എന്നിവരുടെ സേവനം എടുത്തുപറയേണ്ടതാണു്. അഞ്ചു കൊല്ലം നീണ്ടുനിന്ന ഈ സംരംഭത്തിൽ മടുപ്പില്ലാതെ പങ്കെടുത്തു് വിജയിപ്പിച്ച എല്ലാ പ്രവർത്തകരോടും ഹാർദ്ദമായ നന്ദി രേഖപ്പെടുത്തുവാൻ ഈ അവസരം ഉപയോഗിക്കട്ടേ. (പങ്കെടുത്തവരുടെ ഒരു പട്ടിക അന്യത്ര ചേർത്തിട്ടുണ്ടൂ്.)

    ഈ ശബ്ദതാരാവലിപ്പതിപ്പിലെ ഒരു പ്രധാനസവിശേഷത, വാക്കുകളുടെ പ്രയോഗക്ഷമത മനസ്സിലാക്കുവാനായി അന്നുവരെ പ്രസിദ്ധീകരിക്കപ്പെട്ട കാവ്യങ്ങൾ, ചമ്പുക്കൾ, ആട്ടക്കഥകൾ, തുള്ളൽകൃതികൾ, മറ്റു ഗദ്യേതരഗ്രന്ഥങ്ങൾ, അമരകോശം, പാണിനീയം, ലീലാതിലകം, എന്നുതുടങ്ങി, ഒട്ടനവധി ഗ്രന്ഥങ്ങളിൽനിന്ന് ഉദാരമായിച്ചേർത്തിട്ടുള്ള ഉദ്ധരണികളാണു്. കൂടാതെ ചില പദങ്ങൾക്കു് വിജ്ഞാനകോശസമാനമായ വിവരണങ്ങളാണു് ശ്രീകണ്ഠേശ്വരം നല്കിയിട്ടുള്ളതു്. കമ്പ്യൂട്ടറും അനുബന്ധസാങ്കേതികവിദ്യയും, ഇന്റർനെറ്റ്, യാന്ത്രികത്തിരച്ചിൽ എന്നിവയൊന്നും ഇല്ലാത്ത ഒരു കാലത്തിൽ അദ്ദേഹം നിഘണ്ടുനിർമ്മാണത്തിന് 34 കൊല്ലം ചെലവഴിച്ചുവെന്നതു് നമ്മെ അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും ഈ മനുഷ്യൻ മുടക്കിയ മനുഷ്യപ്രയത്നവും നേരിട്ട ഗാർഹികബാദ്ധ്യതകളുടെ സമ്മർദ്ദവും അസാധാരണമാണു്. ആമുഖക്കുറിപ്പിൽ ശ്രീകണ്ഠേശ്വരം പറയുന്നതു് കേൾക്കുക:

    ‘സുഖം’ എന്ന പദത്തിന്റെ അർത്ഥം എന്തെന്നു നിഘണ്ടുവിൽ കൊടുത്തിട്ടുണ്ടെന്നുവരികിലും പരമാർത്ഥത്തിൽ അതെങ്ങനെയിരിക്കുമെന്നു് ഞാൻ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല. എന്റെ കുടുംബക്കാരും ബന്ധുക്കളും സ്നേഹിതന്മാരും അതിനു സാക്ഷികളാകുന്നു. ‘താരാവലി’യെ മുദ്രണംചെയ്തു വണിജ്യയിൽ സമധികമായ ലാഭത്തെ സമ്പാദിക്കണമെന്നു വിചാരിക്കാതെ ‘കൂലങ്കഷമായ ഭാഷാസാഹിത്യപരിചയത്തിനു പര്യാപ്തമാക്കണമെന്നുമാത്രം ഉദ്ദേശിച്ചു 1072 മുതൽ 1106 വരെ 34 സംവത്സരം ‘ശബ്ദതാരാവലി’ക്കു ചെലവാക്കിയതിന്റെ ശേഷവും അതിനെപ്പറ്റി എന്റെ ഹൃദയത്തിനുതന്നെ സംതൃപ്തി വന്നിട്ടില്ലെന്നുള്ളതും ‘പെട്ടെന്നു് ഒരു നിഘണ്ടു പുറപ്പെടുവിച്ചുകളയാം’ എന്നു വിചാരിക്കുന്നവർ ഓർമ്മിക്കേണ്ടതാകുന്നു. (ആമുഖം, ശബ്ദതാരാവലി)

    പില്ക്കാലത്തു് താരാവലിയുടെ പരിഷ്ക്കരിച്ച പതിപ്പുകൾ ഇറക്കിയവർ ഈ മനുഷ്യപ്രയത്നത്തിനെ നിസ്സാരവല്ക്കരിച്ചുകൊണ്ടു് നിഘണ്ടുവിലെ വിലപ്പെട്ട ഉദ്ധരണികളും നീണ്ട വിവരണങ്ങളും വേണ്ടന്നുവെച്ചു. ഇന്നത്തെ ശബ്ദതാരാവലിപ്പതിപ്പുകളൊന്നുംതന്നെ ശ്രീകണ്ഠേശ്വരത്തിനോടു നീതി പുലത്തുന്നില്ല എന്നതുകൂടാതെ, ഭാഷാചരിത്രത്തിൽനിന്നു് ഒരു വിലപ്പെട്ട ഗ്രന്ഥത്തെ തമസ്കരിക്കുകയും ചെയ്തു. ഇങ്ങനെയൊരു ഗ്രന്ഥം നമുക്കുണ്ടായിരുന്നു എന്നതു് ഒരിക്കലും അറിയാൻ കഴിയാത്തത്ര, ചരിത്രം മായ്ച്ചുകളയുന്ന, തെറ്റാണു് വരുംതലമുറയോടു് നമ്മൾ ചെയ്തതു്. ഈ തെറ്റു തിരുത്തുക എന്നതാണു് സായാഹ്നയുടെ പരിശ്രമങ്ങളുടെ പ്രധാനപ്രേരകം.

    സായാഹ്നയുടെ ലെൿസോണമി സെർവ്വർ, 1917-ൽ പ്രസിദ്ധീകരിച്ച ശബ്ദതാരാവലിയുടെ യഥാതഥരൂപമാണു്. ഈ പതിപ്പു്, അക്ഷരത്തെറ്റുകൾ തിരുത്തുന്നതൊഴിച്ചാൽ അങ്ങനെതന്നെ നിലനിറുത്തും. 55,653 വാക്കുകളാണു് (സ്വരാക്ഷരങ്ങൾ: 12,596; കവർഗ്ഗം: 9,113; ചവർഗ്ഗം: 3,821; ടവർഗ്ഗം: 112; തവർഗ്ഗം: 8,492; പവർഗ്ഗം: 8,684; യരലവ…ഴ: 12,835) ഈ കോർപ്പസ്സിലുള്ളതു്. സായാഹ്നയുടെ ശബ്ദതാരാവലിസംരംഭത്തിലൂടെ രൂപപ്പെട്ടുവന്ന അനുയോജ്യരായ വിദഗ്ദ്ധരടങ്ങുന്ന ഒരു പത്രാധിപസമിതി ഇപ്പോളുള്ള കോർപ്പസ്സിന്റെ ഒരു പകർപ്പെടുത്തു് കാലോചിതമായ, ഭാഷാശാസ്ത്രസംബന്ധിയായ മാറ്റങ്ങൾ വരുത്തുകയും കൂടുതൽ വാക്കുകൾ ചേർക്കുകയും സമകാലികവായനക്കാർക്കു് പ്രയോജനകരമായ രീതിയിൽ പ്രസിദ്ധീകരിക്കുന്നതുമാണു്. കൂട്ടത്തിൽ ദ്വിഭാഷ/ബഹുഭാഷാനിഘണ്ടുവായി മാറ്റാനുമുള്ള ആലോചനയുണ്ടു്. ഓൺലൈനിൽ നടക്കുന്ന ഈ പരിശ്രമങ്ങളിൽ താത്പര്യമുള്ള ആർക്കുവേണമെങ്കിലും പങ്കെടുക്കാം.

    ശബ്ദതാരാവലിയുടെ ആദ്യപതിപ്പ് പ്രസാധനത്തിന്റെ നൂറാം വർഷത്തിലേക്കെത്തുകയാണ്. ഈ കാലയളവിൽ അന്നുണ്ടായിരുന്നതിൽനിന്നു് നമ്മുടെ ദേശവും ഭാഷയും ബന്ധങ്ങളും ലിപിയും ഏറെ മാറിപ്പോയി. എന്നാൽ കാലവും സാങ്കേതികമികവും ആണ് ഈ വലിയ ജോലി ചുരുങ്ങിയസമയംകൊണ്ട് തനതുലിപിയിൽത്തന്നെ പൂർത്തിയാക്കാൻ നമ്മെ സഹായിച്ചതു്. ഇതിന്റെ മനോഹാരിതയിൽ കെ.എച്ച്. ഹുസൈൻ രൂപകല്പനചെയ്ത് പേർത്തും പേർത്തും മിനുക്കിയെടുത്ത, ഈ വെബ് സൈറ്റിൽ ഉപയോഗിച്ചിരിക്കുന്ന രചന ഫോണ്ട് വഹിച്ച പങ്ക് സുപ്രധാനമാണു്.

    • താങ്കൾ തിരുത്തിയ പാഠം ശബ്ദതാരാവലിയുടെ പത്രാധിപസമിതിയ്ക്കു അയച്ചുകൊടുത്തിട്ടുണ്ടു്. അവരുടെ നിർദ്ദേശാനുസരണം താങ്കൾ വരുത്തിയ മാറ്റങ്ങൾ സ്വീകരിക്കാം. താങ്കളുടെ സഹായിക്കാനുള്ള മനോഭാവത്തോടു് വളരെയധികം നന്ദിയുണ്ടു്. മലയാളത്തിൽ ഏകീകൃതമായ ഒരു ശൈലീപുസ്തകം ഇപ്പോൾ നിലവിലില്ല. അങ്ങനെയൊരു സംരംഭം നയിക്കുവാൻ താങ്കൾ തയ്യാറാവുമോ? എങ്കിൽ സായാഹ്നയുമായി ബന്ധപ്പെടുക: .

  • ഇരുപതാം നൂറ്റാണ്ടിനൊടുവിൽവരെയുള്ള മലയാളഭാഷാ നിഘണ്ടുക്കളിൽ ഏറ്റവും ആധികാരികമെന്ന് സർവ്വസമ്മതിയുള്ള മലയാളനിഘണ്ടുവാണ് ശബ്ദതാരാവലി

  • നല്ല തീരുമാനം. ഈ സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി.

  • ആദ്യ കോപ്പി കണ്ടെത്തിയത് വളരെ അനുഗ്രഹമായി. മലയാളം കുറച്ചിലായി കാണുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്, ഡിജിറ്റല്‍ പതിപ്പ് നന്നായിരിക്കുന്നു.

  • മലയാള ഭാഷയ്ക്കും മലയാളി സമൂഹത്തിനും നിങ്ങൾ ചെയ്ത സേവനം വിലമതിക്കാനാകാത്തതാണ്. ലോകത്തിലുള്ള എല്ലാ മലയാള ഭാഷാ സ്നേഹികളും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ആറ്റൂർ സതീശ്

  • link കാണുന്നില്ലല്ലൊ downnload cheyyan

  • മോഹൻ ചേറ്റൂർ

    ഇപ്പോൾ ‘ദ’യിൽ തുടങ്ങുന്ന പദങ്ങൾ എന്ന തലക്കെട്ട് പുറത്ത് കാണുന്നില്ല. ‘ദ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന പദങ്ങൾ ‘ഥ’ യുടെ താഴെയാണ് കൊടുത്തിരിക്കുന്നത്. സ്ഥലപരിമിതി മൂലമായിരിക്കും അങ്ങനെ ചെയ്തത് എന്ന് കരുതുന്നു. അങ്ങനെയാണെങ്കിൽ പുറത്ത് ‘ഥ’….‘ദ’ എന്ന് കാണിക്കാമല്ലോ.

    • പ്രതികരണത്തിനു നന്ദി. ഡ്രോപ്‌‌ഡൗൺ മെനുവിലെ ഓരോ വരിയും സൂചിപ്പിക്കുന്നതു് ആദ്യത്തെ എൻട്രി/പദവും അവസാനത്തെ എൻട്രി/പദവുമാണു്. അതിനിടയിലെ വാക്കാണു് വായനക്കാരനു് വേണ്ടതെങ്കിൽ ഈ മെനു ഐറ്റത്തിൽ അമർത്തുക എന്നാണു് വിവക്ഷ. മെനു ഐറ്റം ഓരോ അക്ഷരത്തിനെയും ലാക്കാക്കിയല്ല. സ്വരം എന്ന മെനു നോക്കുക. അവിടെ “അ”-യ്ക്കു മാത്രം 3 എൻടികളുണ്ടു്. അതുകൊണ്ടു് ഒരു ഖണ്ഡത്തിലെ ആദ്യപദവും അവസാനപദവും നല്കുന്നതാണു് കൂടുതൽ യുക്തിസഹം എന്നു കരുതുന്നു.

  • ആല്, ആലം എന്നീ വാക്കുകളുടെ എല്ലാ അർത്ഥവും ഇതിൽ വന്നിട്ടില്ല. ആദ്യത്തെ വാക്കിന് വെള്ളം എന്ന അർത്ഥം. രണ്ടാമത്തെ വാക്കിന് സമുദ്രം, കടൽ എന്നീ അർത്ഥം. കേരളത്തിലെ സ്ഥല പേരുകളിൽ മുൻ വെപ്പ് (prefix) ഈ വാക്കുകൾ വന്നിട്ടുണ്ട്. ഏതാണ്ട് 70-ൽ അധികം സ്ഥലപേരുകളിൽ ഇത് വന്നിട്ടുണ്ട്. മാത്രമല്ല തമിഴിലും 40-ൽ പരം സ്ഥലങ്ങളിൽ ഈ വാക്കുകൾ ഇങ്ങനെ മുൻ വെപ്പ് ആയിട്ടുണ്ട്. കൂടുതൽ അറിയാൻ താല്പര്യം ഉണ്ടെങ്കിൽ എൻ്റെ email-ൽ അറിയിക്കുമല്ലോ.

  • അഭിനന്ദനങ്ങൾ! വളരെ നന്ദി! ആ, ഈ, ഊ… കാ, കി,.. ഖാ, ഖി,… എന്നു തുടങ്ങിയവയും ഉൾപ്പെടുത്തിയാൽ ഈ മഹാസംരംഭം പൂർത്തിയാവും.

Leave a Reply