Archive for the 'Malayalam' Category

Page 2 of 4

രാമരാജബഹദൂർ

സി.വി. രാമൻ പിള്ള രചിച്ച മറ്റൊരു ചരിത്രാഖ്യായികയായ രാമരാജബഹദൂർ സായാഹ്ന ഇന്നു് ക്രിയേറ്റിവ് കോമൺസ് അനുസരിച്ചുള്ള സ്വതന്ത്രപ്രകാശനമായി പുറത്തിറക്കി. വായനക്കാർ പ്രതികരണങ്ങൾ അറിയിക്കുക. കണ്ണികൾ:

മാർത്താണ്ഡവർമ്മ

mvarma-thumbസി.വി.രാമൻ പിള്ള രചിച്ച മാർത്താണ്ഡവർമ്മയാണു് ഇക്കുറി സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്‌. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ്‌ 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. കുളച്ചൽ യുദ്ധത്തിൽ വിജയിച്ച മാർത്താണ്ഡവർമ്മയുടെ മുന്നിൽ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഡച്ച് സൈന്യാധിപൻ ഡിലനോയ് കീഴടങ്ങുന്നതാണു് മുഖചിത്രത്തിൽ കാണിച്ചിരിക്കുന്നതു്. മലയാളത്തിന്റെ തനതുലിപിയായ രചനയും അഭിജിത്തിന്റെ ചിത്രങ്ങളും ഈ പുസ്തകത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. വായനക്കാരുടെ സൗകര്യത്തിനായി കണ്ണികൾ താഴെ കൊടുക്കുന്നു:

ഐതിഹ്യമാല

aim-00 കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന കഥാസമാഹാരം രണ്ടാം വട്ടമാണു് സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇന്നും ഇഷ്ടപ്പെടുന്ന ഈ കഥകൾ ചിത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത പല വായനക്കാരും ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യമറിഞ്ഞപ്പോൾ തന്നെ, നമ്മുടെ യുവസുഹൃത്തും ചിത്രകാരനുമായ അഭിജിത് മുന്നോട്ടു വരികയും ഇരുന്നൂറ്റിയമ്പത്തിയേഴു് ചിത്രങ്ങൾ ഐതിഹ്യമാലയ്ക്കു വേണ്ടി വരയ്ക്കുകയും ചെയ്തു. അങ്ങിനെയാണു് ഈ രണ്ടാം പതിപ്പു് അഭിജിത് ചിത്രങ്ങളുടെ സൗകുമാര്യത്തോടെ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞതു്. നൂറ്റിയിരുപത്തിയാറു കഥകളാണു് ഈ സമാഹാരത്തിലുള്ളതു്.

ക്രിയേറ്റീവ് കോമൺസിന്റെ സ്വതന്ത്ര പകർപ്പവകാശ നിയമങ്ങൾക്ക് അനുസൃതമായി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ആർക്കു വേണമെങ്കിലും യഥേഷ്ടം ഡൗൺലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും പങ്കു വെയ്ക്കുവാനും സ്വാതന്ത്ര്യം  ഉണ്ടായിരിക്കുന്നതാണെന്നു് പറയേണ്ടതില്ലല്ലോ. സമാന്തരമായി വിവിധ ഡിജിറ്റൽ ഉപകരണങ്ങളിൽ വായിയ്ക്കുവാൻ പാകത്തിനു് വിക്കി പതിപ്പും ലഭ്യമാക്കിയിട്ടുണ്ടു്. വിക്കി പതിപ്പിന്റെ ചില സ്ക്രീൻ ഷോട്ടുകൾ ഇവിടെ കാണുക.

കണ്ണികൾ

ഒരസാധാരണ യാത്ര

sasiഒരസാധാരണ യാത്ര: സ്വതന്ത്ര സോഫ്റ്റ്‌‌വെയർ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ശശി കുമാർ, ഫ്രീ സോഫ്റ്റ്‌‌വെയർ ഫൗണ്ടേഷന്റെ ഇന്ത്യൻ ശാഖയുടെ ഡയറക്ടർ ബോർഡ് അംഗമാണു്. മഴയുടെ ഭൗതികശാസ്ത്രത്തിലും അന്തരീക്ഷവൈദ്യുതിയിലും ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞനുമാണു്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ നിരവധി ശാസ്ത്ര ലേഖനങ്ങൾ വന്നു കാണാറുണ്ടു്. ദൂരദർശന്റെ സാമൂഹ്യപാഠം പോലുള്ള ഫോൺ-ഇൻ പരിപാടികളിലൂടെ മഴ, ഇടി, മിന്നൽ, അന്തരീക്ഷവൈദ്യുതി എന്നിവയെക്കുറിച്ചു് ശരിയായ അവബോധം ജനങ്ങളിലുണ്ടാക്കുവാൻ അദ്ദേഹം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌‌വെയറിനെക്കുറിച്ചു് ശില്പശാലകൾ സംഘടിപ്പിക്കുക, അതിന്റെ പ്രയോഗക്ഷമതയെയും അതു് ഉപയോഗിക്കുമ്പോഴുണ്ടാവുന്ന സാമ്പത്തികവും ധാർമ്മികവുമായ നേട്ടങ്ങളെക്കുറിച്ചു് പൊതുസമൂഹത്തിനെ അറിയിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ വ്യാപൃതനാണു്. അദ്ദേഹത്തിന്റെ നാലു് ചെറുകഥകളുടെ സമാഹാരമായ ഒരസാധാരണ യാത്ര എന്ന പുസ്തകമാണു്  സായാഹ്ന ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതു്.

പി.ഡി.എഫ്. പതിപ്പു്

മീഡിയവിക്കി പതിപ്പു്

പേരില്ലാപുസ്തകം

കെ.എ. അഭിജിത്ത്അഭിജിത്ത്, കെ.എ. പാലക്കാട്ട് ജില്ലയിലെ പാടൂരിലാണു് ജനിച്ചതു്. 2017 ഏപ്രിലിൽ പതിനൊന്നാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥിയും മലയാളം വിക്കിപ്പീഡിയയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രവർത്തകരിലൊരാളുമാണു്. ഇരുനൂറ്റി അമ്പതോളം ലേഖനങ്ങൾ അഭിജിത്തിന്റെ കർത്തൃത്വത്തിൽ വിക്കിപ്പീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്
(ഈ കണ്ണി കാണുക). ടെഡ് പ്രഭാഷണങ്ങൾക്ക് മലയാളം സബ്ടൈറ്റിലുകൾ നിർമ്മിച്ചു. 2014-ൽ ശാസ്ത്രസാഹിത്യ പരിഷത്ത് പട്ടം എന്ന ആദ്യത്തെ പുസ്തകം പുറത്തിറക്കി. ഛണ്ഡിഗഡിൽ വച്ച് നടന്ന 2016 വിക്കിമാനിയ കോൺഫറൻസിൽ മലയാളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ശബ്ദതാരാവലി പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഭാവനാസമ്പന്നനായ ചിത്രകാരൻ കൂടിയായ അഭിജിത്തിന്റെ പാടൂർ എൽ.പി. സ്കൂളിനെക്കുറിച്ചുള്ള അനുസ്മരണമാണു് ഇന്നു് സായാഹ്ന ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന പേരില്ലാപുസ്തകം എന്ന പുസ്തകം. ഇതിന്റെ മുഖചിത്രവും മറ്റു ചിത്രങ്ങളും അഭിജിത്ത് വരച്ചതാണെന്നതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണു്. വായനക്കാരെ ഈ ചെറു പുസ്തകത്തിലേയ്ക്ക് സാദരം ക്ഷണിക്കട്ടെ.

 

കേരളപാണിനീയം

172px-a-r-_raja_raja_varmaഏ.ആർ. രാജരാജവർമ്മ രചിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച വ്യാകരണഗ്രന്ഥമായ കേരളപാണിനീയം 1917-ൽ ആണു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതു്. 1978-ൽ ഈ ഗ്രന്ഥം പൊതുസഞ്ചയത്തിലാവുകയും ചെയ്തു. അതിനുശേഷം പല പ്രസാധകരും ഈ പുസ്തകം പ്രസിദ്ധീകരിച്ചുവെങ്കിലും ലിപിപരിഷ്കരണത്തിലും മറ്റും പെട്ട് സ്വത്വം നഷ്ടപ്പെട്ട മലയാള ലിപിസഞ്ചയത്തിൽ അധിഷ്ഠിതമായ പുത്തൻ പതിപ്പുകൾ ഗ്രന്ഥകർത്താവു് ഉദ്ദേശിച്ചതുപോലെ വായനക്കാരനോടു് സംവദിക്കുന്നതിൽ പരാജയപ്പെടുകയാണുണ്ടായതു്. യൂണിക്കോഡ് സമ്പ്രദായത്തിലുള്ള ലിപികളെ മിക്കവാറും പ്രസാധകർ തിരസ്കരിക്കുകമൂലം സാങ്കേതികനേട്ടങ്ങളുടെ വെളിച്ചത്തിൽ ഡിജിറ്റൈസ് ചെയ്യുവാൻ കഴിഞ്ഞുവെങ്കിലും, നീണ്ടകാലവിവര ശേഖരണ വ്യവസ്ഥകളനുസരിച്ചു് ഈ മഹദ് ഗ്രന്ഥത്തിനു് ഡിജിറ്റൽ സംരക്ഷണം നൽകുന്ന കാര്യത്തിൽ നാം പരാജയപ്പെട്ടു. ലോഹ അച്ചുകൾ ഉപയോഗിച്ചു നിർമ്മിച്ച പതിപ്പുകളെക്കാൾ തുലോം നിലവാരം കുറഞ്ഞതായിരുന്നു സാങ്കേതികമികവു് അവകാശപ്പെട്ടുകൊണ്ടു് ഡിജിറ്റൽ ടൈപ്‌‌സെറ്റിംഗ് ചെയ്തിറക്കിയ പതിപ്പുകളുടെ സ്ഥിതി. അതിനർത്ഥം ഡിജിറ്റൽ ടൈപ്‌‌സെറ്റിംഗ് പരമ്പരാഗത രീതിയെക്കാൾ മോശമെന്നല്ല, മറിച്ചു് മികച്ച ടൈപ്‌‌സെറ്റിംഗ് സമ്പ്രദായങ്ങൾ നമ്മുടെ പ്രസാധകലോകത്തിനു് അന്യമായിരുന്നു.

ഈ മൂന്നു പ്രധാന പിഴവുകൾ തീർത്തുകൊണ്ടു് കേരളപാണിനീയത്തിന്റെ പുതിയ ഡിജിറ്റൽ പതിപ്പു് മലയാളത്തിന്റെ തനതുലിപിയായ രചന ഉപയോഗിച്ചു് സായാഹ്ന പ്രവർത്തകർ പുറത്തിറക്കുകയാണു്. വിക്കിസോഴ്സിൽ ലഭ്യമായ, യൂണിക്കോഡിൽ അധിഷ്ഠിതമായ സ്രോതസ്സ് ആധാരമാക്കിയാണു് ഈ പതിപ്പു് നിർമ്മിച്ചിട്ടുള്ളതു്. അതിൽ കണ്ട അക്ഷരപ്പിഴവുകൾ തീർത്തു്, വ്യാകരണത്തിന്റെ ഭാഷാശാസ്ത്ര സാങ്കേതികതകൾ ആവശ്യപ്പെടുന്ന, ചിത്രീകരണത്തിനു് ബുദ്ധിമുട്ടുണ്ടാക്കുന്ന, എല്ലാ തരം ഘടനകളും ഘടനാവൈചിത്യങ്ങളും, ഇത്തരം രചനകൾക്കു് വേണ്ടി പ്രത്യേകം സൃഷ്ടിക്കപ്പെട്ട ടെക്ക് എന്ന വിശ്രുതമായ ടൈപ്‌‌സെറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചു്  നിർമ്മിക്കുകയാണു് ചെയ്തതു്.  ഇതൊരു മാർക്കപ് സമ്പ്രദായം ആയതിനാൽ, നീണ്ടകാല വിവരശേഖരണ വ്യവസ്ഥകളിലേയ്ക്ക് കേരളപാണിനീയത്തിന്റെ സാങ്കേതിക പരിവർത്തനം നടത്തുകയെന്നതു്  അത്യന്തം എളുപ്പവും കുറ്റമറ്റതുമായി മാറുന്നു. ഇതോടുകൂടി  കേരളപാണിനീയം മലയാളത്തിന്റെ നീണ്ടകാല ഡിജിറ്റൽ ശേഖരത്തിലേയ്ക്കു് മാറുകയാണു്.

കേരളപാണിനീയത്തിന്റെ സായാഹ്ന പതിപ്പു് അതിന്റെ നൂറാം ജന്മവാർഷികമായ 2017-ൽ, ക്രിയേറ്റിവ് കോമൺസ് ഷെയർഅലൈക്  അനുമതിപത്ര വ്യവസ്ഥകളനുസരിച്ചു് പ്രസിദ്ധീകരിക്കുവാനാണു് പദ്ധതി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കു്, വായനക്കാരുടെ പരിശോധനയ്ക്കായി — വിട്ടുപോയ പിഴവുകൾ ചൂണ്ടിക്കാണിക്കുവാനും, പ്രയോജനകരമായ നിർദ്ദേശങ്ങൾ നല്കുവാനും — ഒരു പ്രിറിലീസ് പിഡി‌‌എഫ് പതിപ്പു് ഇപ്പോൾ ഇറക്കുകയാണു്. അത്

http://books.sayahna.org/ml/pdf/panini-rc1.pdf

എന്ന കണ്ണിയിൽ ലഭ്യമാണു്. പിഴവുകൾ ചൂണ്ടിക്കാണിക്കുവാൻ സൗകര്യത്തിനായി, ഓരോ പുറത്തിലും വരികളുടെ നമ്പ്ര ഇടതുവശത്തായി ചുവന്ന നിറത്തിൽ ചേർത്തിട്ടുണ്ടു്. തിരുത്തലുകൾ  <info@sayahna.org> എന്നതിലേയ്ക്ക് മെയിലായോ അല്ലെങ്കിൽ http://www.sayahna.org/?p=390 എന്ന ബ്ലോഗിൽ കമന്റായോ ചേർക്കുവാൻ അപേക്ഷിക്കുന്നു. ഇക്കാര്യത്തിൽ  വായനക്കാരുടെ  സഹകരണം ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളട്ടെ. ജനപങ്കാളിത്തത്തോടെ നടത്തുന്ന, സാങ്കേതികമികവുള്ള ഈ പ്രസിദ്ധീകരണശ്രമത്തെ വിജയിപ്പിക്കുക.

എല്ലാ വായനക്കാർക്കും ക്രിസ്മസ് നവവത്സ രദിനാശംസകൾ!

പ്രാചീനകൃതികള്‍

പകര്‍പ്പവകാശപരിധിക്ക് പുറത്തായ കുറെയധികം പ്രാചീനകൃതികള്‍ ചില പ്രവര്‍ത്തകരുടെ ശ്രമഫലമായി സ്കാന്‍ ചെയ്ത് പിഡി‌എഫ് പതിപ്പുകള്‍ നിര്‍മ്മിച്ച് വായനക്കാരുടെ ഉപയോഗത്തിനായി സായാഹ്ന ലഭ്യമാക്കുന്നു. ഷിജു അലക്സ്, ബൈജു രാമകൃഷ്ണന്‍, ബഞ്ചമിന്‍ വര്‍ഗ്ഗീസ്, വി എസ് സുനില്‍ എന്നിവരുടെ പേരുകളാണ് ഇതില്‍ എടുത്ത് പറയേണ്ടത്. http://classics.sayahna.org എന്ന ഒരു സൈറ്റും വായനക്കാരുടെ സൗകര്യത്തിനായി ഒരുക്കിയിട്ടുണ്ട്.  ഈ സൈറ്റ് യഥേഷ്ടം ഉപയോഗിക്കുന്നതിനോടൊപ്പം വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുവാനും സവിനയം അപേക്ഷിക്കുന്നു.

 

പ്രണയത്തിന്റെ അപനിർമ്മാണം

Anoop-01സക്കറിയയുടെ ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന നോവല്‍ കുറച്ചൊന്നുമല്ല സോമസുന്ദരത്തെ സ്വാധീനിച്ചത്. ഈ നോവലിന്റെ ശില്പഘടന, ഭാഷാനവ്യത, ഉത്തരാധുനികപ്രവണത, ഉപമാവിശേഷങ്ങള്‍, ജൈവഘടന, വിമോചനത്തിന്റെ ഭാഷാശാസ്ത്രം, ഭാവനയുടെ വജ്രരേഖകള്‍ എന്നിങ്ങനെ ഏഴു ലേഖനങ്ങള്‍ സോമസുന്ദരം എഴുതി. എന്നാല്‍ പത്രാധിപന്മാര്‍ക്ക് അയച്ചുകൊടുക്കാന്‍ സേമസുന്ദരം ധൈര്യപ്പെട്ടിട്ടില്ല. എം.എ. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും പെണ്‍കവിതയുടെയും പെണ്‍സ്വാതന്ത്ര്യത്തിന്റെയും പ്രചാരകയും അതിസുന്ദരിയുമായ നന്ദിനിക്ക് ഈ ലേഖനങ്ങള്‍ സോമസുന്ദരം ആദ്യവായനയ്ക്ക് കൊടുത്തു.

രണ്ടു ദിവസത്തിനുശേഷം ലേഖനപാരായണം പൂര്‍ത്തിയാക്കിയ നന്ദിനി, സോമസുന്ദരം എന്ന യുവലക്ചറര്‍ മാത്രം സ്റ്റാഫ്റൂമിലുള്ളപ്പോള്‍ അവിടേക്കു കടന്നു ചെന്നു. അപ്പോള്‍ നന്ദിനിയുടെ കൈയില്‍ ‘ഫെമിനിസം അന്‍ഡ് ടെയിലറിംഗ്’ എന്ന പുസ്തകമുണ്ടായിരുന്നു. സോമസുന്ദരം ആ പുസ്തകത്തിന്റെ പുറംചട്ട മാത്രം വായിച്ചു തിരികെ നല്കിയപ്പോള്‍ നന്ദിനി ചോദിച്ചു. “എന്തര് സാറേ അത്ര പിടിച്ചില്ലെന്നു തോന്നണല്ലോ?” സോമസുന്ദരം ശബ്ദം താഴ്ത്തിപ്പറഞ്ഞു: “അതുകൊണ്ടല്ല നന്ദിനീ, ഞാനൊരു ഉത്തരാധുനികനോവല്‍ വായിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെ മറ്റൊന്നും വായിക്കാനാവില്ല.” അതെന്ത് എന്ന ഭാവം കണ്ണുകളില്‍ തെളിയിച്ച നന്ദിനിയോട് സോമസുന്ദരം തുടര്‍ന്നു “ഇതു വായിച്ചാല്‍ അതു മറന്നുപോകും. അത്രയ്ക്കു കോംപ്ലിക്കേറ്റഡ് സാധനം.” …

സി അനൂപിന്റെ പ്രണയത്തിന്റെ അപനിർമ്മാണം എന്ന ചെറുകഥയുടെ തുടക്കമാണ് മുകളില്‍ ഉദ്ധരിച്ചത്. ഇതടക്കം പത്തോളം കഥകളടങ്ങുന്ന ഈ പേരിൽത്തന്നെയുള്ള ചെറുകഥാസമാഹാരം സായാഹ്നയിൽ വായിക്കുക: അനൂപ്: പ്രണയത്തിന്റെ അപനിർമ്മാണം.

സാഞ്ചി

KBPrasannakumar-01“നമ്മുടെ ചരിത്രവും സംസ്കാരവും വേരുകള്‍ പടര്‍ത്തിയ നാടിന്റെ സാംസ്കാരികഭൂപടത്തില്‍ പ്രധാനപ്പെട്ടവയായി അടയാളപ്പെടുത്തിയ കുറെ സ്ഥലങ്ങളുടെ പുറംകണ്ണുകൊണ്ടും അകക്കണ്ണുകൊണ്ടുമുളള കാഴ്ചാനുഭവങ്ങളുടെ ദ്വന്ദ്വങ്ങളാണ് ഈ കവിതകളിലെ ആവിഷ്കാരങ്ങള്‍. യാത്രയെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനം പോലെ തന്നെ കാണുന്ന ഒരാളുടെ ആത്മകഥാക്കുറിപ്പുകളായും ഈ പുസ്തകത്തെ നമുക്ക് വായിക്കാനാവും.” കെ.ബി.പ്രസന്നകുമാറിന്റെ സാഞ്ചി സായാഹ്ന പ്രസിദ്ധീകരിച്ചു. http://goo.gl/t0EVpp

സാഹിത്യവാരഫലം

Mkn-13സാഹിത്യവാരഫലത്തിന്റെ 400 ലക്കങ്ങൾ ഇതിനകം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. കഴിഞ്ഞ മാർച്ചിലാണ് ഈ സംരഭം തുടങ്ങിയത്. പ്രതിദിനം ശരാശരി ഒരു ലക്കം വീതം പുറത്തിറക്കാൻ കഴിഞ്ഞുവെന്നത് വളരെ ചാരിതാർത്ഥ്യം നൽകുന്ന കാര്യമാണ്, പ്രത്യേകിച്ചും പ്രവർത്തകസമയം വളരെ പരിമിതമായി മാത്രം കിട്ടുന്ന ഒരു കൂട്ടായ്മയ്ക്ക്. പിഡിഎഫ്, ഇപബ്, ടിഡ്‌ലി, തുടങ്ങിയ മറ്റു ഇലക്ട്രോണിക് പതിപ്പുകളുടെ പണി ബാക്കിനിൽക്കുന്നുണ്ട്. പ്രവർത്തകസമയത്തിന്റെ ലഭ്യതയനുസരിച്ച് തീർച്ചയായും ചെയ്യുന്നതായിരിക്കും, താമസിയാതെ തന്നെ.

പ്രസിദ്ധീകരിച്ച എല്ലാ ലക്കങ്ങളുടെയും കണ്ണികൾ ഇവിടെ കാണുക: http://goo.gl/CDi35R.