Archive for the 'Grammar' Category

വൃത്തമഞ്ജരി

vm-book
ഭാഷാവിദ്യാർത്ഥികൾ കാത്തിരുന്ന വൃത്തമഞ്ജരി സായാഹ്ന ഇന്നു് പ്രസിദ്ധീകരിക്കുകയാണു്. വിക്കിഗ്രന്ഥശാലയിൽ നിന്നു് കിട്ടിയ സ്രോതസ്സിൽ കണ്ട ഒട്ടനവധി തെറ്റുകൾ തിരുത്തിയതു് ഷാജി അരിക്കാടും ശ്രീദേവിയും കൂടിയാണു്. സ്രോതസ്സിനെ ഇന്നു കാണുന്ന രൂപത്തിൽ വിന്യസിക്കുവാൻ പാകത്തിനു് ലാറ്റക്കിൽ മാർക്കപ് ചെയ്തുതന്നതു് അശോൿ കുമാറാണു്. ഈ പ്രവർത്തകരോടുള്ള നന്ദി അറിയിക്കുന്നതിനോടൊപ്പം സ്രോതസ്സു് ലഭ്യമാക്കിയ വിക്കി ഗ്രന്ഥശാലയോടുള്ള കടപ്പാടും സായാഹ്ന രേഖപ്പെടുത്തുന്നു.
Continue reading ‘വൃത്തമഞ്ജരി’

കേരളപാണിനീയം: അച്ചടിപ്പതിപ്പ്

thumbnailകേരളപാണിനീയത്തിന്റെ പരിഷ്ക്കരിച്ച പതിപ്പു് പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദിവർഷമാണു് 2017. അതുകൊണ്ടു് പാണിനീയത്തിന്റെ എല്ലാ ഡിജിറ്റൽ രൂപങ്ങളും ഇക്കൊല്ലം തന്നെ പുറത്തിറക്കുവാനാണു് സായാഹ്നയുടെ ശ്രമം. അതിന്റെ ആദ്യപടിയായി പിഡി‌‌എഫ് പതിപ്പു് ക്രിയേറ്റിവ് കോമണ്‍സ് ഷെയര്‍അലൈക് അനുമതിപത്ര വ്യവസ്ഥകളനുസരിച്ചു് ഇന്നു് പ്രസിദ്ധീകരിക്കുകയാണു്. മറ്റു് രൂപങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കുവാൻ കഴിയുമെന്നു് പ്രത്യാശിക്കുന്നു.

ഇപ്രാവശ്യം ഡിജിറ്റൽ പതിപ്പിനോടൊപ്പം തന്നെ കേരളപാണിനീയത്തിന്റെ അച്ചടിപ്പതിപ്പും സായാഹ്ന പ്രസിദ്ധീകരിക്കുന്നു. ആദ്യമായാണു് സായാഹ്ന അച്ചടിരൂപത്തിൽ ഒരു പുസ്തകം ഇറക്കുന്നതു്. ഇപ്പോൾ നിലനിൽക്കുന്ന ശിലായുഗസാങ്കേതികതയിൽ നിന്നു് പുസ്തകനിർമ്മാണത്തെ മോചിപ്പിക്കുക, ആധുനിക സാങ്കേതികവിദ്യ നല്കുന്ന ആനുകൂല്യങ്ങൾ — യൂണിക്കോഡിലധിഷ്ഠിതമായ ലിപിസഞ്ചയങ്ങൾ, മാർക്കപ്പു് സമ്പ്രദായങ്ങൾ എന്നിവ ഉപയോഗപ്പെടുത്തിയുള്ള പാഠവിന്യാസരീതി, ദീർഘകാലവിവര സംരക്ഷണരൂപങ്ങളുടെ അനുവർത്തനം, വിവരവ്യവസ്ഥയുടെ ഭാഗമാക്കൽ, വിവിധതരം വായനോപകരണങ്ങളിൽ ഒന്നുപോലെ വായിക്കാനാവുന്ന ഡിജിറ്റൽ പതിപ്പുകൾ, തുടങ്ങിയ — പുസ്തകനിർമ്മാണത്തിൽ സ്വീകരിക്കുക, ഡിജിറ്റൽ പതിപ്പുകൾ സ്വതന്ത്രമായി വിതരണം ചെയ്തുകൊണ്ടുതന്നെ ഗ്രന്ഥകർത്താവിനു് അച്ചടിപ്പതിപ്പിന്റെ വിപണനത്തിലൂടെ കൂടുതൽ വരുമാനമുണ്ടാക്കുക എന്നിങ്ങനെ പല ഘടകങ്ങളും ഈ അച്ചടിപ്പതിപ്പിന്റെ പ്രേരകങ്ങളാവുന്നു. മാത്രവുമല്ല, നിർമ്മാണപ്രക്രിയയിൽ പങ്കാളികളാവുന്ന എല്ലാ വ്യക്തികൾ‌‌ക്കും സ്ഥാപനങ്ങൾക്കും (ഗ്രന്ഥനിർമ്മിതിക്കുപയോഗിച്ച സോഫ്റ്റ്‌‌വെയർ, പ്രവർത്തകം, ലിപിസഞ്ചയം എന്നിവയുടെ വികസന/വ്യാപനങ്ങളിലേർപ്പെട്ടിരിക്കുന്നവർ, ചിത്രണം, പാഠത്തിന്റെ നിവേശനം, തെറ്റുതിരുത്തൽ, വിന്യാസം, ഗ്രന്ഥപരിശോധന, പത്രാധിപകർമ്മം, തുടങ്ങിയവ ചെയ്തവർ) വിറ്റുവരവിന്റെ ഒരു ചെറുഭാഗം വീതം നൽകുകയും സാമ്പത്തിക നിർവഹണത്തെ സുതാര്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശവുമുണ്ടു്.

380 പുറങ്ങളുള്ള ഈ പുസ്തകത്തിന്റെ വില 220 രൂപയാണു്. ഇതിന്റെ ഓരോ പ്രതിയും വില്ക്കുമ്പോൾ കിട്ടുന്ന തുക താഴെപറയുന്ന രീതിയിൽ വിഭജിക്കപ്പെടുന്നു:

അച്ചടിക്കൂലി: 105 ക
വിദ്യാർത്ഥികൾക്കുള്ള കിഴിവു്: 20 ക
ഗ്രന്ഥകർത്താവിന്റെ പ്രതിഫലം: 50 ക (പകർപ്പവകാശപരിധി കഴിഞ്ഞതിനാൽ സായാഹ്നയിൽ നിക്ഷിപ്തം)
ഗ്രന്ഥപരിശോധന, പത്രാധിപകർമ്മം (വി കെ സുബൈദ): 10 ക
തെറ്റുതിരുത്തൽ, പാഠവിന്യാസം (സായാഹ്ന പ്രവർത്തകർ): 10 ക
സോഫ്റ്റ്‌‌വെയറിന്റെ സംരക്ഷകർ (ടെക് യൂസേഴ്സ് ഗ്രൂപ്): 5 ക
പ്രവർത്തകത്തിന്റെ സംരക്ഷകർ (ഫ്രീ സോഫ്റ്റ്‌‌വെയർ ഫൗണ്ടേഷൻ): 5 ക
ലിപിസഞ്ചയത്തിന്റെ രചയിതാവു് (കെ എച് ഹുസൈൻ): 5 ക
ലിപിസഞ്ചയത്തിന്റെ സംരക്ഷകർ (സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്): 5 ക
പാഠത്തിന്റെ സ്രോതസ്സ് (വിക്കിഗ്രന്ഥശാല): 5 ക
കവർ ചിത്രം (വിക്കിമീഡിയ കോമൺസ്): 5 ക

സ്വതന്ത്രപ്രകാശന രീതിയിൽ ഇറങ്ങുന്ന ഈ പുസ്തകം വാങ്ങുമ്പോൾ എല്ലാ അണിയറ പ്രവർത്തകരും ഈ പുസ്തകനിർമ്മിതിയ്കു് സാങ്കേതികാടിസ്ഥാനമായ എല്ലാ സ്വതന്ത്ര പ്രസ്ഥാനങ്ങളും അംഗീകരിക്കപ്പെടുകയും യഥാശക്തി പ്രതിഫലം നൽകപ്പെടുകയും ചെയ്യുന്നു. അങ്ങിനെ ഇതിന്റെ വരുമാനം വീണ്ടും സ്വതന്ത്ര സോഫ്റ്റ്‌‌വെയർ വികസനത്തിനും ഡിജിറ്റൽ സംരംഭങ്ങൾക്കും ഉപയുക്തമായി മാറുകയാണു്. ആയതിനാൽ കേരളപാണിനീയത്തിന്റെ ഒരു പ്രതി വാങ്ങി മലയാള പുസ്തകപ്രസിദ്ധീകരണത്തെ കാലഘട്ടത്തിനു് അനുയോജ്യമായ തലത്തിലേയ്കു് ഉയർത്തുവാൻ സഹായിക്കുക, ആ യത്നങ്ങളിൽ പങ്കാളിയാവുക.

പുസ്തകം എങ്ങിനെ വാങ്ങാം?

അച്ചടിപ്പതി്പ്പു് തീർന്നുപോയി.

സായാഹ്ന ഫൗണ്ടേഷൻ 2013-ലെ ഇന്ത്യൻ കമ്പനി നിയമം എട്ടാം വകുപ്പനുസരിച്ചു് നോൺപ്രോഫിറ്റ് കമ്പനിയായിട്ടാണു് രജിസ്റ്റർ ചെയ്തിട്ടുള്ളതു്. ആയതിനാൽ ലാഭം ഓഹരിയുടമൾക്കു് വീതം വെയ്ക്കുവാൻ കഴിയില്ല, മറിച്ചു് കമ്പനിയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കു് മാത്രമേ ഉപയോഗിക്കാനാവുകയുള്ളു.

കണ്ണികൾ 

കേരളപാണിനീയം

172px-a-r-_raja_raja_varmaഏ.ആർ. രാജരാജവർമ്മ രചിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച വ്യാകരണഗ്രന്ഥമായ കേരളപാണിനീയം 1917-ൽ ആണു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതു്. 1978-ൽ ഈ ഗ്രന്ഥം പൊതുസഞ്ചയത്തിലാവുകയും ചെയ്തു. അതിനുശേഷം പല പ്രസാധകരും ഈ പുസ്തകം പ്രസിദ്ധീകരിച്ചുവെങ്കിലും ലിപിപരിഷ്കരണത്തിലും മറ്റും പെട്ട് സ്വത്വം നഷ്ടപ്പെട്ട മലയാള ലിപിസഞ്ചയത്തിൽ അധിഷ്ഠിതമായ പുത്തൻ പതിപ്പുകൾ ഗ്രന്ഥകർത്താവു് ഉദ്ദേശിച്ചതുപോലെ വായനക്കാരനോടു് സംവദിക്കുന്നതിൽ പരാജയപ്പെടുകയാണുണ്ടായതു്. യൂണിക്കോഡ് സമ്പ്രദായത്തിലുള്ള ലിപികളെ മിക്കവാറും പ്രസാധകർ തിരസ്കരിക്കുകമൂലം സാങ്കേതികനേട്ടങ്ങളുടെ വെളിച്ചത്തിൽ ഡിജിറ്റൈസ് ചെയ്യുവാൻ കഴിഞ്ഞുവെങ്കിലും, നീണ്ടകാലവിവര ശേഖരണ വ്യവസ്ഥകളനുസരിച്ചു് ഈ മഹദ് ഗ്രന്ഥത്തിനു് ഡിജിറ്റൽ സംരക്ഷണം നൽകുന്ന കാര്യത്തിൽ നാം പരാജയപ്പെട്ടു. ലോഹ അച്ചുകൾ ഉപയോഗിച്ചു നിർമ്മിച്ച പതിപ്പുകളെക്കാൾ തുലോം നിലവാരം കുറഞ്ഞതായിരുന്നു സാങ്കേതികമികവു് അവകാശപ്പെട്ടുകൊണ്ടു് ഡിജിറ്റൽ ടൈപ്‌‌സെറ്റിംഗ് ചെയ്തിറക്കിയ പതിപ്പുകളുടെ സ്ഥിതി. അതിനർത്ഥം ഡിജിറ്റൽ ടൈപ്‌‌സെറ്റിംഗ് പരമ്പരാഗത രീതിയെക്കാൾ മോശമെന്നല്ല, മറിച്ചു് മികച്ച ടൈപ്‌‌സെറ്റിംഗ് സമ്പ്രദായങ്ങൾ നമ്മുടെ പ്രസാധകലോകത്തിനു് അന്യമായിരുന്നു.

ഈ മൂന്നു പ്രധാന പിഴവുകൾ തീർത്തുകൊണ്ടു് കേരളപാണിനീയത്തിന്റെ പുതിയ ഡിജിറ്റൽ പതിപ്പു് മലയാളത്തിന്റെ തനതുലിപിയായ രചന ഉപയോഗിച്ചു് സായാഹ്ന പ്രവർത്തകർ പുറത്തിറക്കുകയാണു്. വിക്കിസോഴ്സിൽ ലഭ്യമായ, യൂണിക്കോഡിൽ അധിഷ്ഠിതമായ സ്രോതസ്സ് ആധാരമാക്കിയാണു് ഈ പതിപ്പു് നിർമ്മിച്ചിട്ടുള്ളതു്. അതിൽ കണ്ട അക്ഷരപ്പിഴവുകൾ തീർത്തു്, വ്യാകരണത്തിന്റെ ഭാഷാശാസ്ത്ര സാങ്കേതികതകൾ ആവശ്യപ്പെടുന്ന, ചിത്രീകരണത്തിനു് ബുദ്ധിമുട്ടുണ്ടാക്കുന്ന, എല്ലാ തരം ഘടനകളും ഘടനാവൈചിത്യങ്ങളും, ഇത്തരം രചനകൾക്കു് വേണ്ടി പ്രത്യേകം സൃഷ്ടിക്കപ്പെട്ട ടെക്ക് എന്ന വിശ്രുതമായ ടൈപ്‌‌സെറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചു്  നിർമ്മിക്കുകയാണു് ചെയ്തതു്.  ഇതൊരു മാർക്കപ് സമ്പ്രദായം ആയതിനാൽ, നീണ്ടകാല വിവരശേഖരണ വ്യവസ്ഥകളിലേയ്ക്ക് കേരളപാണിനീയത്തിന്റെ സാങ്കേതിക പരിവർത്തനം നടത്തുകയെന്നതു്  അത്യന്തം എളുപ്പവും കുറ്റമറ്റതുമായി മാറുന്നു. ഇതോടുകൂടി  കേരളപാണിനീയം മലയാളത്തിന്റെ നീണ്ടകാല ഡിജിറ്റൽ ശേഖരത്തിലേയ്ക്കു് മാറുകയാണു്.

കേരളപാണിനീയത്തിന്റെ സായാഹ്ന പതിപ്പു് അതിന്റെ നൂറാം ജന്മവാർഷികമായ 2017-ൽ, ക്രിയേറ്റിവ് കോമൺസ് ഷെയർഅലൈക്  അനുമതിപത്ര വ്യവസ്ഥകളനുസരിച്ചു് പ്രസിദ്ധീകരിക്കുവാനാണു് പദ്ധതി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കു്, വായനക്കാരുടെ പരിശോധനയ്ക്കായി — വിട്ടുപോയ പിഴവുകൾ ചൂണ്ടിക്കാണിക്കുവാനും, പ്രയോജനകരമായ നിർദ്ദേശങ്ങൾ നല്കുവാനും — ഒരു പ്രിറിലീസ് പിഡി‌‌എഫ് പതിപ്പു് ഇപ്പോൾ ഇറക്കുകയാണു്. അത്

http://books.sayahna.org/ml/pdf/panini-rc1.pdf

എന്ന കണ്ണിയിൽ ലഭ്യമാണു്. പിഴവുകൾ ചൂണ്ടിക്കാണിക്കുവാൻ സൗകര്യത്തിനായി, ഓരോ പുറത്തിലും വരികളുടെ നമ്പ്ര ഇടതുവശത്തായി ചുവന്ന നിറത്തിൽ ചേർത്തിട്ടുണ്ടു്. തിരുത്തലുകൾ  <info@sayahna.org> എന്നതിലേയ്ക്ക് മെയിലായോ അല്ലെങ്കിൽ http://www.sayahna.org/?p=390 എന്ന ബ്ലോഗിൽ കമന്റായോ ചേർക്കുവാൻ അപേക്ഷിക്കുന്നു. ഇക്കാര്യത്തിൽ  വായനക്കാരുടെ  സഹകരണം ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളട്ടെ. ജനപങ്കാളിത്തത്തോടെ നടത്തുന്ന, സാങ്കേതികമികവുള്ള ഈ പ്രസിദ്ധീകരണശ്രമത്തെ വിജയിപ്പിക്കുക.

എല്ലാ വായനക്കാർക്കും ക്രിസ്മസ് നവവത്സ രദിനാശംസകൾ!