ഏ.ആർ. രാജരാജവർമ്മ രചിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച വ്യാകരണഗ്രന്ഥമായ കേരളപാണിനീയം 1917-ൽ ആണു് ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടതു്. 1978-ൽ ഈ ഗ്രന്ഥം പൊതുസഞ്ചയത്തിലാവുകയും ചെയ്തു. അതിനുശേഷം പല പ്രസാധകരും ഈ പുസ്തകം പ്രസിദ്ധീകരിച്ചുവെങ്കിലും ലിപിപരിഷ്കരണത്തിലും മറ്റും പെട്ട് സ്വത്വം നഷ്ടപ്പെട്ട മലയാള ലിപിസഞ്ചയത്തിൽ അധിഷ്ഠിതമായ പുത്തൻ പതിപ്പുകൾ ഗ്രന്ഥകർത്താവു് ഉദ്ദേശിച്ചതുപോലെ വായനക്കാരനോടു് സംവദിക്കുന്നതിൽ പരാജയപ്പെടുകയാണുണ്ടായതു്. യൂണിക്കോഡ് സമ്പ്രദായത്തിലുള്ള ലിപികളെ മിക്കവാറും പ്രസാധകർ തിരസ്കരിക്കുകമൂലം സാങ്കേതികനേട്ടങ്ങളുടെ വെളിച്ചത്തിൽ ഡിജിറ്റൈസ് ചെയ്യുവാൻ കഴിഞ്ഞുവെങ്കിലും, നീണ്ടകാലവിവര ശേഖരണ വ്യവസ്ഥകളനുസരിച്ചു് ഈ മഹദ് ഗ്രന്ഥത്തിനു് ഡിജിറ്റൽ സംരക്ഷണം നൽകുന്ന കാര്യത്തിൽ നാം പരാജയപ്പെട്ടു. ലോഹ അച്ചുകൾ ഉപയോഗിച്ചു നിർമ്മിച്ച പതിപ്പുകളെക്കാൾ തുലോം നിലവാരം കുറഞ്ഞതായിരുന്നു സാങ്കേതികമികവു് അവകാശപ്പെട്ടുകൊണ്ടു് ഡിജിറ്റൽ ടൈപ്‌സെറ്റിംഗ് ചെയ്തിറക്കിയ പതിപ്പുകളുടെ സ്ഥിതി. അതിനർത്ഥം ഡിജിറ്റൽ ടൈപ്‌സെറ്റിംഗ് പരമ്പരാഗത രീതിയെക്കാൾ മോശമെന്നല്ല, മറിച്ചു് മികച്ച ടൈപ്‌സെറ്റിംഗ് സമ്പ്രദായങ്ങൾ നമ്മുടെ പ്രസാധകലോകത്തിനു് അന്യമായിരുന്നു.
ഈ മൂന്നു പ്രധാന പിഴവുകൾ തീർത്തുകൊണ്ടു് കേരളപാണിനീയത്തിന്റെ പുതിയ ഡിജിറ്റൽ പതിപ്പു് മലയാളത്തിന്റെ തനതുലിപിയായ രചന ഉപയോഗിച്ചു് സായാഹ്ന പ്രവർത്തകർ പുറത്തിറക്കുകയാണു്. വിക്കിസോഴ്സിൽ ലഭ്യമായ, യൂണിക്കോഡിൽ അധിഷ്ഠിതമായ സ്രോതസ്സ് ആധാരമാക്കിയാണു് ഈ പതിപ്പു് നിർമ്മിച്ചിട്ടുള്ളതു്. അതിൽ കണ്ട അക്ഷരപ്പിഴവുകൾ തീർത്തു്, വ്യാകരണത്തിന്റെ ഭാഷാശാസ്ത്ര സാങ്കേതികതകൾ ആവശ്യപ്പെടുന്ന, ചിത്രീകരണത്തിനു് ബുദ്ധിമുട്ടുണ്ടാക്കുന്ന, എല്ലാ തരം ഘടനകളും ഘടനാവൈചിത്യങ്ങളും, ഇത്തരം രചനകൾക്കു് വേണ്ടി പ്രത്യേകം സൃഷ്ടിക്കപ്പെട്ട ടെക്ക് എന്ന വിശ്രുതമായ ടൈപ്‌സെറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചു് നിർമ്മിക്കുകയാണു് ചെയ്തതു്. ഇതൊരു മാർക്കപ് സമ്പ്രദായം ആയതിനാൽ, നീണ്ടകാല വിവരശേഖരണ വ്യവസ്ഥകളിലേയ്ക്ക് കേരളപാണിനീയത്തിന്റെ സാങ്കേതിക പരിവർത്തനം നടത്തുകയെന്നതു് അത്യന്തം എളുപ്പവും കുറ്റമറ്റതുമായി മാറുന്നു. ഇതോടുകൂടി കേരളപാണിനീയം മലയാളത്തിന്റെ നീണ്ടകാല ഡിജിറ്റൽ ശേഖരത്തിലേയ്ക്കു് മാറുകയാണു്.
കേരളപാണിനീയത്തിന്റെ സായാഹ്ന പതിപ്പു് അതിന്റെ നൂറാം ജന്മവാർഷികമായ 2017-ൽ, ക്രിയേറ്റിവ് കോമൺസ് ഷെയർഅലൈക് അനുമതിപത്ര വ്യവസ്ഥകളനുസരിച്ചു് പ്രസിദ്ധീകരിക്കുവാനാണു് പദ്ധതി. ഇതിന്റെ ആദ്യഘട്ടമെന്ന നിലയ്ക്കു്, വായനക്കാരുടെ പരിശോധനയ്ക്കായി — വിട്ടുപോയ പിഴവുകൾ ചൂണ്ടിക്കാണിക്കുവാനും, പ്രയോജനകരമായ നിർദ്ദേശങ്ങൾ നല്കുവാനും — ഒരു പ്രിറിലീസ് പിഡിഎഫ് പതിപ്പു് ഇപ്പോൾ ഇറക്കുകയാണു്. അത്
http://books.sayahna.org/ml/pdf/panini-rc1.pdf
എന്ന കണ്ണിയിൽ ലഭ്യമാണു്. പിഴവുകൾ ചൂണ്ടിക്കാണിക്കുവാൻ സൗകര്യത്തിനായി, ഓരോ പുറത്തിലും വരികളുടെ നമ്പ്ര ഇടതുവശത്തായി ചുവന്ന നിറത്തിൽ ചേർത്തിട്ടുണ്ടു്. തിരുത്തലുകൾ <info@sayahna.org> എന്നതിലേയ്ക്ക് മെയിലായോ അല്ലെങ്കിൽ http://www.sayahna.org/?p=390 എന്ന ബ്ലോഗിൽ കമന്റായോ ചേർക്കുവാൻ അപേക്ഷിക്കുന്നു. ഇക്കാര്യത്തിൽ വായനക്കാരുടെ സഹകരണം ഹാർദ്ദവമായി ക്ഷണിച്ചുകൊള്ളട്ടെ. ജനപങ്കാളിത്തത്തോടെ നടത്തുന്ന, സാങ്കേതികമികവുള്ള ഈ പ്രസിദ്ധീകരണശ്രമത്തെ വിജയിപ്പിക്കുക.
എല്ലാ വായനക്കാർക്കും ക്രിസ്മസ് നവവത്സ രദിനാശംസകൾ!
ചരിത്രപ്രധാനമായ, അതിമഹത്തായ സംരംഭമാണിതു്. കേരളപാണിനീയം എന്ന മഹാഗ്രന്ഥം അതിന്റേതുമാത്രമായ സാങ്കേതികസങ്കീർണ്ണതകൾ മുഴുവൻ ഉൾക്കൊണ്ടുകൊണ്ടുതന്നെ ഈ രൂപത്തിൽ വിന്യസിക്കാൻ ശ്രമിക്കുന്നതു് എത്ര ക്ലിഷ്ടമായ അദ്ധ്വാനമാണെന്നു് തിരിച്ചറിയാനാവും. ഈ പദ്ധതി ഏറ്റെടുത്തു മുഴുമിക്കാൻ പരിശ്രമിക്കുന്ന എല്ലാ കൂട്ടുകാർക്കും വിനീതമായ കൂപ്പുകൈ!
ശ്രേഷ്ഠമായ സംരംഭം. ആദ്യമേതന്നെ ആശംസകള് അറിയിക്കട്ടെ…
സന്ധി, അനുനാസികാതിപ്രസരം എന്നീ പദങ്ങള് സെര്ച്ച്ചെയ്ത് കണ്ടെത്താന് സാധിച്ചില്ല. കൂടുതല്ഡ പദങ്ങള് അങ്ങനെയുണ്ടാകാം. അത്തരം കാര്യങ്ങള് ഇപ്പോള് നോക്കേണ്ടതുണ്ടോ?
എന്തായാലും ആശംസകള്… കൂടുതല് വായിച്ച് എഴുതാം…
സുധീര്, പുതുക്കാട്
വളരെ മികച്ച ഉദ്യമം. ആശംസകൾ. TEX ഞാനുപയോഗിച്ചു നോക്കിയിട്ടുണ്ടെങ്കിലും മലയാളത്തിൽ ഇത്ര ഭംഗിയായി ചെയ്യാൻ കഴിയുമെന്നു കരുതിയിരുന്നില്ല.
കേരളപാണിനീയം പഠിപ്പിക്കാനുള്ളതിനാൽ മറിച്ചു നോക്കിയപ്പോൾ കണ്ട ചില അക്ഷരത്തെറ്റുകൾ സൂചിപ്പിക്കട്ടെ –
പേ 315 തലക്കെട്ട് കാരകൃത്തുക്കൾ തെറ്റ്, കാരകകൃത്തുക്കൾ ശരി അതേ പേജിൽ പലയിടത്തും ഇതേ തെറ്റുണ്ട്
പേ 317 തലക്കെട്ട് ഭേദാധികാരം തെറ്റ്, ഭേദകാധികാരം ശരി
പേ 319 തലക്കെട്ട് ഭേദാധികാരം തെറ്റ്, ഭേദകാധികാരം ശരി
വിശദമായ പ്രൂഫ് വായന വേണമെന്നു തോന്നുന്നു
രണ്‍ജിത്, തൃശൂർ
അക്ഷരത്തെറ്റുകൾ വളരെയധികം ഉണ്ടു്. വിക്കിസോഴ്സിൽ ലഭ്യമായ സ്രോതസ്സാണു് ഉപയോഗിച്ചതു്. കൂടാതെ, നിവേശനത്തിനും വിന്യസിക്കലിനും വെല്ലുവിളി ഉയർച്ചുന്നതാണു് പാണിനീയത്തിലെ ഉള്ളടക്കംം. അതിനാൽ ശ്രദ്ധാപൂർവ്വം പിഴവുകൾ പരിശോധിക്കേണ്ടതുണ്ട്. സ്വകാര്യതാല്പര്യത്തോടുകൂടി ലാഭേച്ഛയാൽ നിയന്ത്രിതമല്ല ഈ പ്രസിദ്ധീകരണയത്നം. മറിച്ചു ജനനന്മയെ ലാക്കാക്കി, ജനങ്ങൾ ജനങ്ങൾക്കു വേണ്ടി പ്രസിദ്ധീകരിക്കുന്നതാണു്. അതുകൊണ്ട് ഒരു മികച്ച പ്രസിദ്ധീകരണമാക്കാൻ വേണ്ട ജനപങ്കാളിത്തം ഉണ്ടാവുമെന്ന് ഞങ്ങൾക്കു ഉറപ്പുണ്ട്.
പറയാന്‍ വാക്കുകളില്ല. അക്ഷരത്തെറ്റുകള്‍ അവിടവിടെയുണ്ടു്, അതവിടെ നില്ക്കട്ടെ, എത്ര മനോഹരമായാണു് താളുകളില്‍ ഈ കൃതി വിന്യസിച്ചിരിക്കുന്നതു്. ടെക്കില്‍ എങ്ങനെ മലയാളം സന്നിവേശിപ്പിക്കാമെന്നറിയില്ല, അതിനൊരു മാര്‍ഗ്ഗനിര്‍ദ്ദേശവും എങ്ങനെ ഈ പ്രൊജക്റ്റുമായി സഹകരിക്കാം എന്ന ധാരണയും നല്‍കിയാല്‍ പ്രൂഫ് പരിശോധിക്കാന്‍ സന്തോഷമേയുള്ളൂ. ഈ പ്രോജക്റ്റില്‍ നേരിട്ടും അല്ലാതെയും പങ്കാളികളായ ഏവര്‍ക്കും അഭിനന്ദനങ്ങള്‍.
അഭിനന്ദനങ്ങൾക്ക് വളരെ വളരെ നന്ദി. പ്രവർത്തകർക്ക് അതു വളരെയധികം ആവേശം നൽകുന്നതാ്ണു്. ആദ്യപകർപ്പിൽ കണ്ട തെറ്റുകൾ തിരുത്തിയ ഒരു രണ്ടാം പകർപ്പ് ഇന്നു പുറത്തിറക്കുന്നു്ണ്ടു്. സമയം കിട്ടുമെങ്കിൽ ഒന്നു നോക്കുക. ടെക്കിന്റെ പരിശീലനത്തെ സംബന്ധിച്ച് പിന്നാലെ ബന്ധപ്പെടുന്നുണ്ട്. വളരെയധികംപേർ ഇപ്പോൾ ടെക്കിൽ താല്പര്യം കാട്ടിയിരിക്കുന്നു.
കേരളപാണിനീയത്തിന്റെ ആദ്യപകർപ്പിൽ പ്രൊ. വി.കെ.സുബൈദ കണ്ടെത്തിയ എല്ലാ പിഴവുകളും തിരുത്തുകയും മറ്റു നിർദ്ദേശങ്ങൾ നടപ്പിലാക്കുകയും ചെയ്തശേഷം നിർമ്മിച്ച രണ്ടാം പകർപ്പ് താഴെക്കൊടുത്തിരിക്കുന്ന കണ്ണിയിൽ ലഭ്യമാ്ണു്. എസ്.എ.ശ്രീദേവി, റ്റി.എസ്. രാഹുൽ എന്നീ രണ്ടു പ്രവർത്തകരുടെ പരിശ്രമഫലമായാണു് ഇത്ര വേഗം ഈ പണി പൂർത്തിയാക്കാൻ കഴിഞ്ഞതു്.
http://books.sayahna.org/ml/pdf/panini-rc2.pdf