കെ ദാമോദരന്റെ സമ്പൂർണ്ണകൃതികൾ വായനക്കാർക്കു് ലഭ്യമാക്കുകയാണു്. 2575 പുറങ്ങളുള്ള ഈ ഗ്രന്ഥശേഖരത്തിനു 197 അദ്ധ്യായങ്ങളുണ്ടു്. പത്തു ഭാഗങ്ങളായിട്ടാണു് വിഭജിച്ചിട്ടുള്ളതു്. ഈ ശേഖരത്തിന്റെ കണ്ണി താഴെക്കൊടുക്കുന്നു:
http://ax.sayahna.org/collection.html
- വെബ്/ടാബ്‌ലറ്റ്/ഐപാഡ് എന്നിവയ്ക്കുള്ള പിഡിഎഫ്: 10
- ഓരോ അദ്ധ്യായം തിരിച്ചുള്ള ഫോൺ പിഡിഎഫ്: 197
- ഓരോ അദ്ധ്യായം തിരിച്ചുള്ള എച് റ്റി എം എൽ താളുകൾ: 197
ക്രിയേറ്റീവ് കോമൺസ് ഷെയർ അലൈൿ അനുമതി പ്രകാരം പ്രസിദ്ധീകരിക്കുന്ന ഈ ഗ്രന്ഥശേഖരം വിവിധ വായനോപകരണങ്ങളിൽ വായിക്കുവാൻ കഴിയുന്ന വിധത്തിലാണു് നിർമ്മിച്ചിട്ടുള്ളതു്. ഗവേഷകരുടെ സൗകര്യത്തിനായി വെബ് പിഡിഎഫുകളിൽ നിന്നും പാഠം നേരിട്ടു പകർത്തുവാൻ പാകത്തിലാണു് വിന്യസിച്ചിട്ടുള്ളതു്.
ഇതിന്റെ നിർമ്മാണപ്രവർത്തനങ്ങളിൽ ഒട്ടനവധി സായാഹ്ന പ്രവർത്തകരുടെ സേവനം ലഭിച്ചിട്ടുണ്ടു്. കൂടാതെ സായാഹ്ന ഗ്രൂപ്പിലെ അംഗങ്ങളും ഇതിന്റെ തെറ്റുതിരുത്തൽ ശ്രമങ്ങളിൽ പങ്കാളികളാണു്. അവരോടുള്ള നന്ദി രേഖപ്പെടുത്തട്ടെ.
ഈ പുസ്തകശേഖരത്തിന്റെ നിർമ്മിതിയെ സഹായിച്ച അധികമാരും തിരിച്ചറിയാത്ത ഒരു പ്രധാനടകം സ്വതന്ത്ര സോഫ്റ്റ്‌വേറാണു്. അതില്ലായിരുന്നുവെങ്കിൽ ഇത്ര സൂക്ഷ്മതയോടെ യാന്ത്രികമായി വിവിധ രൂപങ്ങൾ ഒറ്റ യൂണിക്കോഡ് സ്രോതസ്സിൽ നിന്നും നിർമ്മിക്കാനാവില്ല തന്നെ. ഈ പിഡിഎഫുകളിലും എച് റ്റി എം എൽ താളുകളിലും ദൃശ്യമാവുന്ന പാഠത്തിനു് സൗന്ദര്യവും ചാരുതയും നല്കുന്നതു് സ്വതന്ത്ര തനലിപി സഞ്ചയമായ രചനയാണു്. അതിന്റെ സംരക്ഷകരോടുള്ള പ്രത്യേകനന്ദിയും ഇവിടെ രേഖപ്പെടുത്തുന്നു.
പ്രഭാത് ബുൿ ഹൗസ് 2009-ൽ അച്ചടിപ്പതിപ്പായി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥശേഖരത്തിന്റെ ഡിജിറ്റൽ പതിപ്പുകൾ സ്വതന്ത്രപ്രകാശന വ്യവസ്ഥകൾക്കു വിധേയമായി പ്രസിദ്ധീകരിക്കുവാൻ അനുമതി ലഭ്യമാക്കിയതിൽ ശ്രീ രാജാജി മാത്യു, ശ്രീ സി ദിവാകരൻ, ശ്രീ കാനം രാജേന്ദ്രൻ എന്നിവരുടെ പങ്കു് നിർണ്ണായകമാണു്. പ്രഭാത് ബുൿ ഹൗസും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും സമാനമായ മറ്റു സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഡിജിറ്റൽ പ്രസാധനത്തിന്റെ കാര്യത്തിൽ ഒരുത്തമ മാതൃക കാട്ടുകയാണു് ചെയ്തതു്. മലയാളഭാഷയെ ശ്രേഷ്ഠതരമാക്കുവാൻ ഇത്തരം തീരുമാനങ്ങൾ വളരെയധികം സഹായിക്കുമെന്നതിനു തർക്കമില്ല. ഈ മഹാശയരോടുള്ള സായാഹ്നയുടെ നന്ദി രേഖപ്പെടുത്തട്ടെ.
0 Responses to “കെ ദാമോദരൻ: സമ്പൂർണ്ണകൃതികൾ”