ശാസ്ത്രസാങ്കേതികസാമ്പത്തിക വിഷയങ്ങളിൽ ഉന്നതപഠനത്തിനും ഗവേഷണത്തിനും അവശ്യം വേണ്ടതു് ഗണിത ശാസ്ത്രത്തിലെ വ്യുത്പത്തിയാണു്. ഈ വിഷയങ്ങളിലെല്ലാമുള്ള വൈജ്ഞാനിക പ്രസിദ്ധീകരണങ്ങളിലും ചൎച്ചകളിലും ഗണിതസമവാക്യങ്ങളും നിൎദ്ധാരണങ്ങളും സുലഭമായി കാണാം. തത് മേഖലകളിലെ ഉപരിപഠനത്തിൽ ആദ്യം പരിചയിക്കുന്ന ചില ഗണിത രീതികളാണു് അവകലനം (differentiation), സമാകലനം (integration), അനന്തശ്രേണികൾ (infinite series) മുതലായവ. പതിനേഴാം നൂറ്റാണ്ടിൽ ഐസൿ ന്യൂട്ടനും വില്യം ഗോട്ട്ഫ്രീഡ് ലൈബ്‌നിറ്റ്സുമാണു് കലനം (calculus) എന്ന ഗണിതശാഖ ഇന്നു കാണുന്ന ക്ലിപ്ത (formal) രൂപത്തിലേക്കു് വികസിപ്പിച്ചെടുത്തതു് എന്നാണു് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളതു്.
പ്രാചീനകാലത്തു് ഈജിപ്തിലും (ക്രി.മു. 1800) ഗ്രീസിലും (ക്രി.മു. 400) ചീനയിലും (ക്രി.വ. 4–6 നൂറ്റാണ്ടുകള്‍); മദ്ധ്യകാലഘട്ടത്തിൽ മദ്ധ്യപൂൎവ്വേഷ്യയിലും (ക്രി.വ. 950) കലനശാസ്ത്രത്തിലെ അടിസ്ഥാനരീതികളോടു് വളരെയധികം സാമ്യമുള്ള രീതിശാസ്ത്രങ്ങളും ആശയങ്ങളും പ്രയോഗത്തിലിരുന്നതായി തെളിവുകൾ ലഭ്യമാണു്. ആ കൂട്ടത്തിൽ, കേരളീയഗണിതസരണി (ക്രി.വ. 14–18 നൂറ്റാണ്ടുകൾ) എന്ന പേരിലറിയപ്പെടുന്ന വികസിതമായ ഒരു ഗണിതപാരമ്പര്യം കേരളത്തിൽ നിലവിലുണ്ടായിരുന്നു. അഞ്ചാം നൂറ്റാണ്ടിൽ രചിതമായ ആര്യഭടീയത്തിൽ നിന്നും മുന്നോട്ടു പോയി പുതിയ ഗണിതമേഖലകളും സുപ്രധാന സിദ്ധാന്തങ്ങളും പ്രമാണങ്ങളും കണ്ടുപിടിക്കുകയുമുണ്ടായി. തത് പരമ്പരയിൽപ്പെട്ട 1500–1610 കാലഘട്ടത്തിൽ കേരളത്തിൽ ജീവിച്ചിരുന്നുവെന്നു് കരുതപ്പെടുന്ന ജ്യേഷ്ഠദേവൻ എഴുതിയ സുപ്രധാനമായ ഗണിതശാസ്ത്രഗ്രന്ഥമാണു് “ഗണിതന്യായസംഗ്രഹം” എന്നുകൂടി അറിയപ്പെടുന്ന “യുക്തിഭാഷ”.
ഉള്ളടക്കത്തിന്റെ ഉജ്ജ്വലതയും മേന്മയും ശാസ്ത്രീയതയും കൂടാതെ, “യുക്തിഭാഷ”യുടെ പ്രാധാന്യം ചുരുങ്ങിയതു് നാലു് വിധമാണു്:
- വൈജ്ഞാനികവും സാഹിതീയവുമായ ഗ്രന്ഥങ്ങളും രചനകളും പ്രായേണ വരേണ്യ ഭാഷയായ സംസ്കൃതത്തിലായിരിക്കുന്ന ഒരു കാലഘട്ടത്തിൽ മലയാളഭാഷയിലാണു് “യുക്തിഭാഷ” എഴുതപ്പെട്ടതു്.
- രചനകൾ പൊതുവേ പദ്യശൈലിയിലായിരുന്ന സമയത്തു് “യുക്തിഭാഷ” ഗദ്യശൈലിയാണു് അവലംബിച്ചതു്.
- പുരാതന–മദ്ധ്യകാല ഭാരതത്തിൽ കനപ്പെട്ട വൈജ്ഞാനിക ഗ്രന്ഥങ്ങളിൽ വളരെ പുരോഗമിച്ച ഗണിത ആശയങ്ങളും സിദ്ധാന്തങ്ങളും കാണാമെങ്കിലും അവയുടെ നിൎദ്ധാരണം (proof) നല്കിയിരുന്നില്ല എന്നതു് ഒരു പോരായ്മയായി വിമൎശിക്കപ്പെട്ടിട്ടുണ്ടു്—അങ്ങേയറ്റത്തു് സൂര്യസിദ്ധാന്തം തൊട്ടു് ഇങ്ങേയറ്റത്തു് രാമാനുജന്റെ കൈയ്യെഴുത്തു പുസ്തകം വരെ. ഇവിടെയാണു്, ഏറ്റവും പ്രധാനമായി, സിദ്ധാന്തങ്ങളും അവയുടെ നിൎദ്ധാരണവും വ്യക്തമായി രേഖപ്പെടുത്തി പതിനാറാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട “യുക്തിഭാഷ”, ആ അനുമാനം അത്രകണ്ടു് ശരിയല്ലെന്നു തെളിയിക്കുന്നതു്.
- ന്യൂട്ടനും ലൈബ്‌നിറ്റ്സും കണ്ടെത്തുന്നതിനും രണ്ടു നൂറ്റാണ്ടെങ്കിലും മുമ്പു് പൗരസ്ത്യദേശത്തു് കലനം (calculus), അനന്തശ്രേണികൾ (infinte series) മുതലായവ ആധുനിക ശാസ്ത്രമാവശ്യപ്പെടുന്ന നിൎദ്ധാരണ കാൎക്കശ്യത്തോടെ കണ്ടെത്തിയിരുന്നു എന്നും തിരിച്ചറിയപ്പെടുന്നു. വൈകിയെങ്കിലും, സാവധാനം പാശ്ചാത്യ ശാസ്ത്രസമൂഹം പൗരസ്ത്യ ശാസ്ത്രസമൂഹത്തിന്റെ സംഭാവനകളെ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതിനു് ഈ ഗ്രന്ഥത്തിന്റെ കണ്ടെത്തൽ ഘനസ്വാധീനം ചെലുത്തിയിട്ടുണ്ടു്. മാധവ–ഗ്രിഗറി ശ്രേണി, മാധവ–ലൈബ്‌നിറ്റ്സ് ശ്രേണി, മാധവ–ന്യൂട്ടൻ ശ്രേണി എന്നും കൂടിയാണു് പ്രമുഖ അനന്തശ്രേണികൾ ഇപ്പോൾ അറിയപ്പെടുന്നതു്.
“യുക്തിഭാഷ”യുടെ വ്യാഖ്യാനസഹിതമായ മംഗളോദയം പതിപ്പാണു് “സായാഹ്ന” ഡിജിറ്റൈസ് ചെയ്യാനവലംബിച്ചിരിക്കുന്നതു്. വിഷയത്തിന്റെ സ്വാഭാവികമായ സങ്കീൎണ്ണത കൊണ്ടും സാങ്കേതികത കൊണ്ടും ഈ പുസ്തകത്തിന്റെ വിന്യാസം സ്വതേ ക്ലിഷ്ടമായ ഒരു പ്രവൃത്തി ആയിരുന്നുവെന്നു് അനുമാനിക്കാം. ആധാരമാക്കിയ പുസ്തകത്തിന്റെ വിന്യാസത്തിൽ നിന്നു ചെറുതെങ്കിലും പ്രയോജനകരമായ ഒരു വ്യതിചലനം സായാഹ്ന സ്വീകരിച്ചിട്ടുണ്ടു്—മൂലകൃതിയ്ക്കു അടിക്കുറിപ്പായി ചേർത്തിട്ടുള്ള വ്യാഖ്യാനങ്ങളെ പ്രത്യേക നിറത്തിൽ സൂത്രങ്ങളുടെ സമീപം തന്നെയാണു് ഉള്‍പ്പെടുത്തിയിട്ടുള്ളതു്. വായനയെയും ഗ്രാഹ്യതയെയും ഈ മാറ്റം ഗുണപരമായി സ്വാധീനിക്കും എന്നു പ്രതീക്ഷിക്കുന്നു.
മലയാളഗ്രന്ഥങ്ങളുടെ പാഠസംരക്ഷണത്തിൽ ഏറ്റവും വിലപ്പെട്ട ഒരു ഗ്രന്ഥം കൂടി ചേൎക്കാനാവുന്നതിൽ “സായാഹ്ന”യുടെ കൃതജ്ഞത ഈ യജ്ഞത്തിൽ പങ്കാളികളായ ഏവൎക്കും പ്രകടിപ്പിക്കുന്നു.
0 Responses to “യുക്തിഭാഷ”