Monthly Archive for June, 2014

എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി

ശ്രീ ഇ ഹരികുമാറിന്റെ എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി എന്ന പുസ്തകം ഇങ്ങിനെ തുടങ്ങുന്നു:

EHarikumar--pvkഈ പുസ്തകം ഒരു സ്വയം വിമർശനമാണ്. എഴുത്തു തുടങ്ങുമ്പോൾ എന്തെഴുതാൻ ഉദ്ദേശിച്ചു, അവസാനം അമ്പതു വർഷത്തെ സാഹിത്യസപര്യയുടെ അന്ത്യത്തിൽ ഞാനെവിടെ നിൽക്കുന്നു? ഈ രണ്ടു ചോദ്യങ്ങൾക്കുമിടയിലുണ്ടായ അന്തർസംഘർഷങ്ങളുടെ കഥ. ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ കഥ, അവരെ എവിടെനിന്നെല്ലാമാണ് ജീവിതത്തിൽ കണ്ടുമുട്ടിയത്, ഈ കഥകൾകൊണ്ട് ഞാനെന്താണ് ഉദ്ദേശിച്ചത് എന്നീ കാര്യങ്ങൾ ഒരു വിമർശന ബുദ്ധിയോടെ സമീപിയ്ക്കുന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ചേടത്തോളം വിഷമമുള്ള കാര്യമാണ്.

എന്റെ കഥകളുടെ റീഡബിലിറ്റി, അതായത് രസത്തോടെ ഒഴുക്കൻ മട്ടിൽ വായിച്ചു പോകാൻ പറ്റിയ ഭാഷയുടെ പ്രത്യേകത, കഥകൾക്കു തന്നെ വിനയാവുകയാണുണ്ടായത്. വായനക്കാർ രസതലത്തിൽ മാത്രം ശ്രദ്ധിക്കുകയും നല്ല കഥയെന്ന അഭിപ്രായം പാസാക്കി പുസ്തകമടച്ചു വയ്ക്കുകയും ചെയ്യുന്നു. ആ കഥകൾക്ക് മറ്റു പല തലങ്ങളുമുണ്ടെന്ന കാര്യം നോക്കാനേ ശ്രമിയ്ക്കുന്നില്ല. ഒരു ശരാശരി വായനക്കാരന്റെ കാര്യം മാത്രമല്ല നിരൂപകരുടെ കാര്യവും മറിച്ചല്ല. എഴുത്തുകാരന് അതൊരു വലിയ നഷ്ടമാണ്. എന്റെ കഥകൾ പലരും എടുത്തു പെരുമാറിയ വിധം കണ്ടപ്പോഴാണ് ചില വിശദീകരണങ്ങൾ ആവശ്യമാണെന്ന് എനിയ്ക്കു തോന്നിത്തുടങ്ങിയത്.

എന്റെ കഥകൾക്കും നോവലുകൾക്കും വിമർശനം ഉണ്ടായിട്ടില്ല. വെറും ആസ്വാദനങ്ങളെയും പുസ്തകാഭിപ്രായങ്ങളേയും വിമർശനങ്ങളായി കണക്കാക്കാൻ പറ്റില്ല. ഇതുവരെ ഒരു ഖണ്ഡനവിമർശനം ഉണ്ടായിട്ടില്ല. കർശനമായ ചട്ടക്കൂടുകൾക്കുള്ളിലെ വിമർശനങ്ങൾക്ക് അതീതമാണ് എന്റെ സാഹിത്യമെന്ന മിഥ്യാബോധമൊന്നും എനിയ്ക്കില്ല. ധാരാളം പാളിച്ചകളുള്ള ഒരു സാഹിത്യമാണ് എന്റേത്. സ്രഷ്ടാവിന് സ്വന്തം സൃഷ്ടികളുടെ അപാകതകൾ പെട്ടെന്ന് മനസ്സിലാവും. ദൈവത്തിന് സ്വന്തം സൃഷ്ടികളുടെ കോപ്പ് എന്താണെന്നറിയാഞ്ഞിട്ടാണോ ഇങ്ങിനെ ശാന്തനായി ഇരിയ്ക്കുന്നത്. കണ്ടില്ലെന്നു നടിക്കുകയാണ്. ഞാനുമതെ.

സായാഹ്നയിൽ ഇന്നു മുതൽ വായിക്കുക: http://goo.gl/cChUFI.

ശരല്‍ക്കാലദീപ്തി

“Zen and The Art of Motorcycle Maintenance”എന്ന തത്ത്വചിന്താത്മകമായ നോവല്‍ 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ പിര്‍സിഗ് ‘രായ്ക്കുരാമാനം’ മഹായശസ്കനായി. അമേരിക്കല്‍ ഐക്യനാടുകളിലെ ഒരു സ്റ്റേറ്റായ മിനിസോറ്റയില്‍ നിന്നു മറ്റൊരു സ്റ്റേറ്റായ കലിഫോര്‍ണിയയിലേക്കു മോട്ടര്‍ സൈക്കിളില്‍ മകനുമൊത്തു സഞ്ചരിക്കുകയും സഞ്ചരിക്കുന്നതിനിടയില്‍ ദാര്‍ശനികങ്ങളായ പരികല്പനകള്‍ നടത്തുകയും ചെയ്യുന്നതാണ് ആ ഗ്രന്ഥത്തിലെ വിഷയം. വിശുദ്ധമായ ധൈഷണികാഹ്ലാദം നല്‍കുന്ന ദാര്‍ശനിക നോവലാണത്. വിശ്വവിഖ്യാതനായ നിരൂപകന്‍ ജോര്‍ജ് സ്റ്റൈനര്‍ ആരെയും അങ്ങനെ വാഴ്ത്തുന്ന ആളല്ല. അദ്ദേഹം പോലും പിര്‍സിഗിന്റെ രചനയെ പ്രശംസിച്ചത് ഇങ്ങനെയാണ്. “The analogies with Moby Dick are patent. Robert Pirsig invites the prodigious comparison.” ഈ നോവലെഴുതി പതിനേഴു വര്‍ഷം കഴിഞ്ഞപ്പോള്‍ പിര്‍ഗിസ് Lila — An Inquiry into Morals എന്നൊരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി ചിന്തയുടെ ലോകത്തു പരിവര്‍ത്തനത്തിന്റെ അലകള്‍ ഇളക്കി വിട്ടിരിക്കുന്നു. ഇതിനെക്കുറിച്ചു ഗ്രന്ഥകാരനു തന്നെ അളവറ്റ ആദരമുണ്ട്. അഭിമാനമുണ്ട്. അദ്ദേഹം എഴുതുന്നു: “Zen and The Art of Motorcycle Maintenance” ആദ്യത്തെ ശിശുവാണ്… പക്ഷേ ഈ രണ്ടാമത്തെ ശിശുവിനാണ് ഉജ്ജ്വലത… ജനങ്ങള്‍ നൂറൂ വര്‍ഷത്തിനു ശേഷം ഈ രണ്ടു പുസ്തകങ്ങളും വായിക്കുകയാണെങ്കില്‍ ‘ലീല’യായിരിക്കും കൂടുതല്‍ പ്രാധാന്യമുള്ളതായി അവര്‍ക്കു തോന്നുകയെന്ന് ഞാന്‍ ഭാവികഥനം നിര്‍വഹിച്ചു കൊള്ളട്ടെ.” ഈ പ്രസ്താവം ഗ്രന്ഥകാരന്‍മാരുടെ ദൗര്‍ബല്യമായി മാത്രം പരിഗണിച്ചാല്‍ മതി. ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് മാര്‍കോസ് ഓരോ നൂതന ഗ്രന്ഥം പ്രസിദ്ധപ്പെടുത്തുമ്പോഴും അതാണു തന്റെ ഉല്‍കൃഷ്ടതമമായ കൃതിയെന്നു പറയുമായിരുന്നു. പക്ഷേ തന്റെ ആദ്യത്തെ നോവലിനെ അതിശയിക്കുന്ന ഒരു നോവലും അദ്ദേഹം പിന്നീട് എഴുതിയില്ല. ഇതു കൊണ്ടു പിര്‍സിഗിന്റെ ഈ പുതിയ നോവലിനു പ്രാധാന്യമില്ലെന്നാണ് എന്റെ പക്ഷമെന്ന് ആരും വിചാരിക്കരുതേ. പ്രാധാന്യമുണ്ട്. അതു മറ്റൊരുതരത്തില്‍…

ശ്രീ എം കൃഷ്ണന്‍ നായരുടെ “ശരല്‍ക്കാലദീപ്തി” എന്ന ലേഖനത്തിന്റെ തുടക്കമാണ് മുകളിലുദ്ധരിച്ചത്. അതടക്കം ഇരുപത് ലേഖനങ്ങളുടെ സമാഹാരമായ അതേ പേരിലുള്ള പുസ്തകം ഇന്ന് സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു: http://goo.gl/jSuIMw

പ്രണയം ഒരാല്‍ബം

VMGirija ശ്രീമതി വി എം ഗിരിജയുടെ പ്രണയം ഒരാല്‍ബം എന്ന കവിതാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചു. ആസാദിന്റെ ഉഴവുചാലിന്റെ നിലവിളി എന്ന പഠനവും സമാഹാരത്തോടൊപ്പം ഉണ്ട്. http://ml.sayahna.org/index.php/Pranayam_Oralbum.

ദക്ഷിണേഷ്യൻ ശാസ്ത്രത്തിന്റെ ചരിത്രം

hssa-logoദക്ഷിണേഷ്യൻ ശാസ്ത്രത്തിന്റെ ചരിത്രം (History of Science in South Asia) എന്നൊരു ഓപ്പൺ അക്സസ് ജേർണൽ സായാഹ്ന പ്രസിദ്ധീകരിക്കുന്നുണ്ട്. വിയന്ന യൂണിവേഴ്സിറ്റിയിലെ പ്രമുഖ ഇൻഡോളജിസ്റ്റായ പ്രൊഫ. ഡൊമിനിക് വുയാസ്റ്റിക്കിന്റെ നേതൃത്വത്തിലുള്ള ഒരു സാർവദേശീയ എഡിറ്റോറിയൽ ബോർഡാണ് ഈ ജേർണലിന്റെ പത്രാധിപകർമ്മം നിർവഹിക്കുന്നത്. കഴിഞ്ഞ കൊല്ലം തുടങ്ങിയ ഈ ജേർണലിൽ എണ്ണത്തിൽ കുറവാണെങ്കിലും, ആസ്കോ പാർപ്പോള പോലുള്ള പ്രമുഖരുടെ പ്രബന്ധങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രണ്ടാം വാല്യത്തിന്റെ ആദ്യപ്രബന്ധം ഇന്നലെ പ്രസിദ്ധീകരിച്ചിരിക്കുന്നു (http://hssa.sayahna.org/). ലേഖനനിബന്ധിയായ പ്രസിദ്ധീകരണശൈലിയാണ് (article based publishing) ആണ് അവലംബിച്ചിട്ടുള്ളത്, അതായത് ലക്കനിബന്ധി (issue based) അല്ല എന്നർത്ഥം.

പ്രബന്ധങ്ങളുടെ പിഡിഎഫ് രൂപം മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളൂ. ഇക്കൊല്ലം തന്നെ, TEI XML, HTML5, ePub, LaTeX എന്നീ രൂപങ്ങളിലും പ്രബന്ധങ്ങൾ ലഭ്യമാക്കുന്നതാണ്. ക്ലാസ്സിക് ടൈപ്പോഗ്രാഫിയിൽ താൽപ്പര്യമുള്ളവർക്ക് ഈ പിഡിഎഫ്‌കൾ തീർച്ചയായും ഇഷ്ടപ്പെടും, പ്രത്യേകിച്ച് ടൈപ്പോഗ്രാഫിയിൽ ആഡംബരമായി കണക്കാക്കപ്പെടുന്ന രണ്ട് കോളത്തിൽ നിവേശിപ്പിച്ച ഫൂട്ട്‌നോട്ടുകൾ ഈ പ്രബന്ധങ്ങളിൽ കാണുവാനാവും.

ഒന്നാം പാഠം ബഹിരാകാശം

Aymanam Johnആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ ആരംഭത്തിൽ ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥയിലൂടെ നല്ല വായനക്കാർക്കിടയിൽ ശ്രദ്ധേയനായ അയ്മനം ജോൺ വളരെക്കുറച്ച് കഥകളേയെഴുതിയിട്ടുള്ളു.  നിറഞ്ഞ അനുതാപത്തോടെയും ഒരുതരം ഇരുണ്ട നർമ്മവിമർശനത്തിലൂടെയും ജോൺ രേഖപ്പെടുത്തിയ ചരിത്രം പാരിസ്ഥിതികദൃശ്യശബ്ദരേഖകളാൽ സമൃദ്ധമാണ്. ജോണിന്റെ ഒന്നാം പാഠം ബഹിരാകാശം എന്ന ചെറുകഥാസമാഹാരം സായാഹ്ന പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇവിടെ കാണുക: http://ml.sayahna.org/index.php/OnnamPadhamBahirakasam