ഇന്ദുലേഖ

സായാഹ്ന ഫൌണ്ടേഷന്‍ അതിന്റെ പ്രാരംഭദശയില്‍തന്നെ ഡിജിറ്റല്‍ രൂപത്തിലാക്കി പൊതുസഞ്ചയത്തിലേയ്ക്ക് സമര്‍പ്പിച്ച പുസ്തകങ്ങളിലൊന്നാണ് ചന്തുമേനോന്‍ രചിച്ച ‘ഇന്ദുലേഖ’ എന്ന മലയാളത്തിന്റെ ആദ്യ നോവല്‍. അന്നും ഇന്നും പ്രചാരത്തിലുള്ള സമാനങ്ങളായ നിരവധി പ്രസിദ്ധീകൃത രൂപങ്ങളില്‍ ഒന്നാണ് ഡിജിറ്റല്‍ രൂപത്തിലാക്കുന്നതിന് സായാഹ്നയും അവലംബമാക്കിയത്. എന്നാല്‍ കാലാകാലങ്ങളായി മലയാളികള്‍ വായിച്ചു വന്ന ‘ഇന്ദുലേഖ’ വികലമാക്കപ്പെട്ട ഒന്നാണെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായാണ് ‘മാതൃഭൂമി’ ആഴ്ചപ്പതിപ്പിന്റെ 2014 ഏപ്രില്‍ 13–19 ലക്കം പുറത്തിറങ്ങിയത്. മലയാളത്തിലെ മികച്ച നിരൂപകരും ഭാഷാ പണ്ഡിതരുമായ ഡോ. പി.കെ. രാജശേഖരനും ഡോ. പി. വേണുഗോപാലനും ചേര്‍ന്നു നടത്തിയ വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിന്റെ ഫലമായാണ് ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍നിന്ന് ‘യഥാര്‍ത്ഥ’ ഇന്ദുലേഖ മലയാളത്തിന് ലഭിക്കുന്നത്. പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്ന പീഠികകളെക്കുറിച്ചുള്ള അന്വേഷണം ഇത്തരം ഒരു കണ്ടെത്തലിലേയ്ക്ക് നയിക്കുമെന്ന് ആരു കണ്ടു. നോവലിലുടനീളം ഭാഷാപരമായ കൈകടത്തലുകള്‍ കൂടാതെ അവസാന അദ്ധ്യായം ഗുരുതരമായ ഒഴിവാക്കലുകള്‍ക്കും വെട്ടിമാറ്റലുകള്‍ക്കും വിധേയമാക്കെപ്പെട്ടുവെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഈ വികലമാക്കലിനു പിന്നില്‍ പുരുഷാധിപത്യപരമായ മനസ്സ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു എന്നത് വ്യക്തവും അമ്പരപ്പിക്കുന്നതുമാണ്. ‘മലയാളത്തിലെ ആദ്യ സ്ത്രീവിമോചക പ്രസ്താവമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ദുലേഖയിലെ ഒഴിവാക്കലുകള്‍, ഭാഷാപരവും സാഹിത്യപരവും സാമൂഹികവുമായ എന്നത്തേയും പൊതുബോധത്തിന്റെ പ്രതിഫലനമാണ്,’ എന്ന് വളരെ കൃത്യമായി മാതൃഭൂമി നിരീക്ഷിക്കുന്നു.

മാതൃഭൂമിയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ആ ഇരുപതാം അദ്ധ്യായം സായാഹ്ന പുനഃപ്രസിദ്ധീകരിക്കുന്നു. അവസാന അദ്ധ്യായമായി പ്രചരിച്ചിരുന്നത്‌ അനുബന്ധമായി നിലനിര്‍ത്തിക്കൊണ്ടാണ് യഥാര്‍ത്ഥ ഇരുപതാം അദ്ധ്യായം ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. എത്ര നിര്‍ണായകമായ മാറ്റങ്ങളാണ് വരുത്തിയിരുന്നത് എന്ന് വായനക്കാര്‍ക്ക് വ്യക്തമാകുമല്ലോ. വളരെ മൗലികമായ ഒരു രചനയില്‍ മറ്റുള്ളവര്‍ കൈകടത്തുമെന്ന് നമുക്ക് സങ്കല്പിക്കാന്‍ പോലും കഴിയില്ല. ഈ സാമാന്യബോധം മൂലമാണ് വികലമായ ഒരു രൂപം സായാഹ്നയും പ്രസിദ്ധീകരിച്ചത്. അതില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ബാക്കി 19 അദ്ധ്യായങ്ങളിലുമുള്ള ഭാഷാപരമായ മാറ്റങ്ങള്‍ മൂലരൂപം ലഭ്യമാകുന്ന മുറയ്ക്ക് തിരുത്തുന്നതാണ്.

2 Responses to “ഇന്ദുലേഖ”


  • I was in search for quality websites that offer open access resources in Malayalam Language. Except a few, scholarly literaure in internet is very dissapointing in Indian Literature. I hope that many more ventures is very likely to be launched in the near future.

  • Congratulations.
    Hope you could make more books.

Leave a Reply