ഭാഷാവിദ്യാർത്ഥികൾ കാത്തിരുന്ന വൃത്തമഞ്ജരി സായാഹ്ന ഇന്നു് പ്രസിദ്ധീകരിക്കുകയാണു്. വിക്കിഗ്രന്ഥശാലയിൽ നിന്നു് കിട്ടിയ സ്രോതസ്സിൽ കണ്ട ഒട്ടനവധി തെറ്റുകൾ തിരുത്തിയതു് ഷാജി അരിക്കാടും ശ്രീദേവിയും കൂടിയാണു്. സ്രോതസ്സിനെ ഇന്നു കാണുന്ന രൂപത്തിൽ വിന്യസിക്കുവാൻ പാകത്തിനു് ലാറ്റക്കിൽ മാർക്കപ് ചെയ്തുതന്നതു് അശോൿ കുമാറാണു്. ഈ പ്രവർത്തകരോടുള്ള നന്ദി അറിയിക്കുന്നതിനോടൊപ്പം സ്രോതസ്സു് ലഭ്യമാക്കിയ വിക്കി ഗ്രന്ഥശാലയോടുള്ള കടപ്പാടും സായാഹ്ന രേഖപ്പെടുത്തുന്നു.
വിക്കിമീഡിയ കോമൺസിൽ നിന്നാണു് സാധാരണയായി മുഖചിത്രത്തിനു് വേണ്ട പെയിന്റിങ്ങുകൾ തിരഞ്ഞെടുക്കാറുള്ളതു്. അതിന്റെ പ്രധാനകാരണം ജീവിച്ചിരിപ്പുള്ള ചിത്രകാരന്മാർ അവരുടെ സൃഷ്ടികൾ മുഖചിത്രമായി ഉപയോഗിക്കുവാൻ സമ്മതം നിഷേധിക്കുന്നതുകൊണ്ടും അവരിലൊരാളെ കമ്മീഷൻ ചെയ്യുവാൻ സായാഹ്നയ്ക്കു് സാമ്പത്തികശേഷി ഇല്ലാത്തതിനാലുമാണു്. ഇതിനു വിരുദ്ധമായി [1] ആദ്യമായിട്ടാണു് ഒരു ചിത്രകാരി മുന്നോട്ടുവരുന്നതു്. അധികമാരുമറിയാത്ത നിശ്ശബ്ദമായി കലാജീവിതം നയിക്കുന്ന അയിഷ ശശിധരൻ എന്ന പ്രതിഭാധനയായ ചിത്രകാരിയുടെ “നൃത്തം വെയ്ക്കുന്ന മയിലുകൾ” എന്ന പെയിന്റിങ് ഈ പുസ്തകത്തിന്റെ മുഖചിത്രമായപ്പോൾ, ഉള്ളടക്കം ആവശ്യപ്പെടുന്ന മാനങ്ങളിലേയ്ക്കു് നയിക്കുവാൻ ഈ മുഖചിത്രത്തിനു കഴിഞ്ഞു. ആ സന്തോഷം വായനക്കാരോടു് പങ്കുവെയ്ക്കുന്നതോടൊപ്പം സ്വതന്ത്രപ്രസാധനത്തിനു് വളരെയധികം സഹായകമായ നിലപാടെടുത്ത അയിഷയെ ഹാർദ്ദവമായി അനുമോദിക്കുവാനും സായാഹ്ന ഈയവസരം ഉപയോഗിക്കട്ടെ.
വിവേചനത്തിന്റെ കൊടുങ്കാറ്റിൽപെട്ടു രാജ്യമാകെ ആടിയുലയുന്ന ഈ അവസരത്തിൽ, വിവേചനരഹിതമായ ജീവിതദർശനത്തിനും രാഷ്ട്രപുനർനിർമ്മാണത്തിനും പാടുപെടുന്ന എല്ലാ സഹോദരങ്ങൾക്കുമായി സായാഹ്ന ഈ പുസ്തകം സമർപ്പിച്ചുകൊള്ളുന്നു.
Download link: http://books.sayahna.org/ml/pdf/vm-main.pdf
[1] “പേരില്ലാക്കഥ”യുടെ കവർ അഭിജിത്തിന്റേതാണു് എന്നതു മറക്കുന്നില്ല, പക്ഷെ അതു് സ്വന്തം പുസ്തകത്തിനുവേണ്ടിയായിരുന്നു.
ഏറെ നന്ദി