Archive for the 'Announcements' Category

Page 2 of 3

പ്രപഞ്ചവും മനുഷ്യനും

കെ.വേണു

കെ.വേണു

കെ. വേണു കേരളത്തിൽ അറിയപ്പെടുന്ന സാമൂഹികചിന്തകനും രാഷ്ട്രീയനിരീക്ഷകനും കർമ്മോന്മുഖനായ ധൈഷണികനുമാണു്. ശാസ്ത്രപുരോഗതിയിലും അതുമൂലമുണ്ടായ സാമൂഹികപരിണാമങ്ങളിലും അടിസ്ഥാനപ്പെടുത്തിയ സ്വന്തം നിരീക്ഷണങ്ങളെയും നിഗമങ്ങളെയും അങ്ങേയറ്റം സൂക്ഷ്മമായി, വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സമീപനം ചിന്താലോകത്തു് ഒരു പുതുവഴിയുണ്ടാക്കിയിട്ടുണ്ടു്. ജന്തുശാസ്ത്രത്തിൽ ഗവേഷണവിദ്യാർത്ഥിയായി തിരുവനന്തപുരത്തു് കഴിയവേ, അറുപതുകളിലെ അന്നത്തെ കലുഷിതമായ സംഭവപരമ്പരകളിൽ കാഴ്ചക്കാരനായി നോക്കിനിൽക്കാൻ വയ്യാത്തതിനാൽ പങ്കാളിയായി. ഈ പ്രവർത്തനങ്ങൾ വേണുവിനെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതിതീവ്രഇടതുപക്ഷസംഘത്തിലെത്തിച്ചു. “മാവോയിസ്റ്റ്” എന്ന ആനുകാലികപ്രസിദ്ധീകരണത്തിന്റെ സ്ഥാപകപത്രാധിപരായിരുന്നു അദ്ദേഹം. Continue reading ‘പ്രപഞ്ചവും മനുഷ്യനും’

വി.വി.കെ.വാലത്ത്–കവിയും ചരിത്രകാരനും

valath-00“വി.വി.കെ.വാലത്തിന്റെ അതുല്യസംഭാവന ഏതെന്ന ചോദ്യത്തിന് നിസ്സംശയം പറയാവുന്നത് സ്ഥലനാമപഠനങ്ങളെന്നാണ്. എന്നാല്‍ അദ്ദേഹം കവിയായി തുടങ്ങി കഥാകൃത്തും നോവലിസ്റ്റും വേദവ്യാഖ്യാതാവുമായി വളര്‍ന്നു ചരിത്രവീഥികളിലൂടെ സ്ഥലനാമപഠനത്തില്‍ എത്തിച്ചേരുകയാണുണ്ടായത്. അദ്ദേഹത്തിലെ സ്ഥലനാമപണ്ഡിതനില്‍ ചരിത്രകാരനും കവിയും സമന്വയിക്കുന്നു. ചരിത്രസ്ഥലികളിലൂടെ സുദീര്‍ഘസഞ്ചാരം നടത്തിയല്ലാതെ വാലത്തിന് സ്ഥലനാമപഠനം അസാദ്ധ്യമായിരുന്നു. അതിന് അദ്ദേഹം ഉപയോഗിക്കുന്ന ഭാഷ പലപ്പോഴും കവികളില്‍ അസൂയ ജനിപ്പിക്കുന്നതുമാണ്. Continue reading ‘വി.വി.കെ.വാലത്ത്–കവിയും ചരിത്രകാരനും’

റിൽക്കെ

“നിങ്ങളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്ന വ്യക്തി നിങ്ങൾക്കു ചിലനേരം തുണയാവുന്ന ലളിതവും വിനീതവുമായ വാക്കുകൾക്കു പിന്നിൽ സ്വസ്ഥമായൊരു ജീവിതം നയിക്കുകയാണെന്നു കരുതരുതേ. വളരെയധികം വൈഷമ്യങ്ങളും സങ്കടങ്ങളും നിറഞ്ഞതാണയാളുടെ ജീവിതം, അവയെ നേരിടാൻ അതിനു തീരെ പ്രാപ്തിയുമില്ല. എന്നാൽ അതങ്ങനെയായിരുന്നില്ലെങ്കിൽ ആ വാക്കുകൾ അയാൾ കണ്ടെത്തുകയുമില്ല.” ― റെയ്‌നർ മറിയ റിൽക്കെ

Rilke_cover-00വിശ്രുത ജർമ്മൻ കവിയായ റിൽക്കെയുടെ, മലയാളത്തിലേയ്ക്കു് പരിഭാഷപ്പെടുത്തിയ, തെരഞ്ഞെടുത്ത കവിതകളുടെയും ഗദ്യകൃതികളുടെയും വിവിധ ഡിജിറ്റൽ പതിപ്പുകളാണു് സായാഹ്ന ഇന്നു് പ്രസിദ്ധീകരിക്കുന്നതു്. ചാരുതയാർന്ന ഈ പരിഭാഷ നിർവഹിച്ചിരിക്കുന്നതു് ഇതിനുമുമ്പു് ഒട്ടനവധി പാശ്ചാത്യകൃതികളുടെ വിവർത്തനം വളരെ സമർത്ഥമായി ചെയ്തിട്ടുള്ള വി രവികുമാർ ആണു്. ഉള്ളടക്കത്തിനു അനുയോജ്യമാംവിധം പ്രസിദ്ധരായ യൂറോപ്യൻ കലാകാരന്മാരുടെ പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും ചിത്രങ്ങൾ ഉൾക്കൊച്ചിട്ടുണ്ടു്. Continue reading ‘റിൽക്കെ’

ധർമ്മരാജാ

സി.വി. രാമൻ പിള്ളയുടെ ചരിത്രാഖ്യായികത്രയങ്ങളിൽ അവശേഷിക്കുന്ന ധർമ്മരാജാ ഇന്നു് സായാഹ്ന ക്രിയേറ്റിവ് കോമൺസ് അനുസരിച്ചുള്ള സ്വതന്ത്രപ്രകാശനമായി പുറത്തിറക്കുകയാണു്. വായനക്കാർ പ്രതികരണങ്ങൾ അറിയിക്കുക. കണ്ണികൾ:

പിഡിഎഫ് പതിപ്പുകൾ:

വിക്കി പതിപ്പു്: http://ml.sayahna.org/index.php/ധർമ്മരാജാ

രാമരാജബഹദൂർ

സി.വി. രാമൻ പിള്ള രചിച്ച മറ്റൊരു ചരിത്രാഖ്യായികയായ രാമരാജബഹദൂർ സായാഹ്ന ഇന്നു് ക്രിയേറ്റിവ് കോമൺസ് അനുസരിച്ചുള്ള സ്വതന്ത്രപ്രകാശനമായി പുറത്തിറക്കി. വായനക്കാർ പ്രതികരണങ്ങൾ അറിയിക്കുക. കണ്ണികൾ:

മാർത്താണ്ഡവർമ്മ

mvarma-thumbസി.വി.രാമൻ പിള്ള രചിച്ച മാർത്താണ്ഡവർമ്മയാണു് ഇക്കുറി സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. മാർത്താണ്ഡവർമ്മ മലയാളത്തിലെത്തന്നെ ആദ്യത്തെ ചരിത്രാഖ്യായികയാണ്‌. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ തിരുവിതാംകൂർ രാജാവാകുന്നതാണ്‌ 1891-ൽ പുറത്തിറങ്ങിയ ഈ നോവലിന്റെ ഇതിവൃത്തം. കുളച്ചൽ യുദ്ധത്തിൽ വിജയിച്ച മാർത്താണ്ഡവർമ്മയുടെ മുന്നിൽ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട ഡച്ച് സൈന്യാധിപൻ ഡിലനോയ് കീഴടങ്ങുന്നതാണു് മുഖചിത്രത്തിൽ കാണിച്ചിരിക്കുന്നതു്. മലയാളത്തിന്റെ തനതുലിപിയായ രചനയും അഭിജിത്തിന്റെ ചിത്രങ്ങളും ഈ പുസ്തകത്തിന്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. വായനക്കാരുടെ സൗകര്യത്തിനായി കണ്ണികൾ താഴെ കൊടുക്കുന്നു:

ഐതിഹ്യമാല

aim-00 കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല എന്ന കഥാസമാഹാരം രണ്ടാം വട്ടമാണു് സായാഹ്ന പ്രസിദ്ധീകരിക്കുന്നതു്. കുട്ടികളും മുതിർന്നവരും ഒന്നുപോലെ ഇന്നും ഇഷ്ടപ്പെടുന്ന ഈ കഥകൾ ചിത്രണം ചെയ്യേണ്ടതിന്റെ ആവശ്യകത പല വായനക്കാരും ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യമറിഞ്ഞപ്പോൾ തന്നെ, നമ്മുടെ യുവസുഹൃത്തും ചിത്രകാരനുമായ അഭിജിത് മുന്നോട്ടു വരികയും ഇരുന്നൂറ്റിയമ്പത്തിയേഴു് ചിത്രങ്ങൾ ഐതിഹ്യമാലയ്ക്കു വേണ്ടി വരയ്ക്കുകയും ചെയ്തു. അങ്ങിനെയാണു് ഈ രണ്ടാം പതിപ്പു് അഭിജിത് ചിത്രങ്ങളുടെ സൗകുമാര്യത്തോടെ പ്രസിദ്ധീകരിക്കുവാൻ കഴിഞ്ഞതു്. നൂറ്റിയിരുപത്തിയാറു കഥകളാണു് ഈ സമാഹാരത്തിലുള്ളതു്.

ക്രിയേറ്റീവ് കോമൺസിന്റെ സ്വതന്ത്ര പകർപ്പവകാശ നിയമങ്ങൾക്ക് അനുസൃതമായി പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം ആർക്കു വേണമെങ്കിലും യഥേഷ്ടം ഡൗൺലോഡ് ചെയ്യുവാനും ഉപയോഗിക്കുവാനും പങ്കു വെയ്ക്കുവാനും സ്വാതന്ത്ര്യം  ഉണ്ടായിരിക്കുന്നതാണെന്നു് പറയേണ്ടതില്ലല്ലോ. സമാന്തരമായി വിവിധ ഡിജിറ്റൽ ഉപകരണങ്ങളിൽ വായിയ്ക്കുവാൻ പാകത്തിനു് വിക്കി പതിപ്പും ലഭ്യമാക്കിയിട്ടുണ്ടു്. വിക്കി പതിപ്പിന്റെ ചില സ്ക്രീൻ ഷോട്ടുകൾ ഇവിടെ കാണുക.

കണ്ണികൾ

ഒരസാധാരണ യാത്ര

sasiഒരസാധാരണ യാത്ര: സ്വതന്ത്ര സോഫ്റ്റ്‌‌വെയർ പ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിക്കുന്ന ശശി കുമാർ, ഫ്രീ സോഫ്റ്റ്‌‌വെയർ ഫൗണ്ടേഷന്റെ ഇന്ത്യൻ ശാഖയുടെ ഡയറക്ടർ ബോർഡ് അംഗമാണു്. മഴയുടെ ഭൗതികശാസ്ത്രത്തിലും അന്തരീക്ഷവൈദ്യുതിയിലും ഗവേഷണം നടത്തുന്ന ഒരു ശാസ്ത്രജ്ഞനുമാണു്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ നിരവധി ശാസ്ത്ര ലേഖനങ്ങൾ വന്നു കാണാറുണ്ടു്. ദൂരദർശന്റെ സാമൂഹ്യപാഠം പോലുള്ള ഫോൺ-ഇൻ പരിപാടികളിലൂടെ മഴ, ഇടി, മിന്നൽ, അന്തരീക്ഷവൈദ്യുതി എന്നിവയെക്കുറിച്ചു് ശരിയായ അവബോധം ജനങ്ങളിലുണ്ടാക്കുവാൻ അദ്ദേഹം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്വതന്ത്ര സോഫ്റ്റ്‌‌വെയറിനെക്കുറിച്ചു് ശില്പശാലകൾ സംഘടിപ്പിക്കുക, അതിന്റെ പ്രയോഗക്ഷമതയെയും അതു് ഉപയോഗിക്കുമ്പോഴുണ്ടാവുന്ന സാമ്പത്തികവും ധാർമ്മികവുമായ നേട്ടങ്ങളെക്കുറിച്ചു് പൊതുസമൂഹത്തിനെ അറിയിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ വ്യാപൃതനാണു്. അദ്ദേഹത്തിന്റെ നാലു് ചെറുകഥകളുടെ സമാഹാരമായ ഒരസാധാരണ യാത്ര എന്ന പുസ്തകമാണു്  സായാഹ്ന ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതു്.

പി.ഡി.എഫ്. പതിപ്പു്

മീഡിയവിക്കി പതിപ്പു്

കേരളപാണിനീയം: അച്ചടിപ്പതിപ്പ്

thumbnailകേരളപാണിനീയത്തിന്റെ പരിഷ്ക്കരിച്ച പതിപ്പു് പ്രസിദ്ധീകരിച്ചതിന്റെ ശതാബ്ദിവർഷമാണു് 2017. അതുകൊണ്ടു് പാണിനീയത്തിന്റെ എല്ലാ ഡിജിറ്റൽ രൂപങ്ങളും ഇക്കൊല്ലം തന്നെ പുറത്തിറക്കുവാനാണു് സായാഹ്നയുടെ ശ്രമം. അതിന്റെ ആദ്യപടിയായി പിഡി‌‌എഫ് പതിപ്പു് ക്രിയേറ്റിവ് കോമണ്‍സ് ഷെയര്‍അലൈക് അനുമതിപത്ര വ്യവസ്ഥകളനുസരിച്ചു് ഇന്നു് പ്രസിദ്ധീകരിക്കുകയാണു്. മറ്റു് രൂപങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കുവാൻ കഴിയുമെന്നു് പ്രത്യാശിക്കുന്നു.

ഇപ്രാവശ്യം ഡിജിറ്റൽ പതിപ്പിനോടൊപ്പം തന്നെ കേരളപാണിനീയത്തിന്റെ അച്ചടിപ്പതിപ്പും സായാഹ്ന പ്രസിദ്ധീകരിക്കുന്നു. ആദ്യമായാണു് സായാഹ്ന അച്ചടിരൂപത്തിൽ ഒരു പുസ്തകം ഇറക്കുന്നതു്. ഇപ്പോൾ നിലനിൽക്കുന്ന ശിലായുഗസാങ്കേതികതയിൽ നിന്നു് പുസ്തകനിർമ്മാണത്തെ മോചിപ്പിക്കുക, ആധുനിക സാങ്കേതികവിദ്യ നല്കുന്ന ആനുകൂല്യങ്ങൾ — യൂണിക്കോഡിലധിഷ്ഠിതമായ ലിപിസഞ്ചയങ്ങൾ, മാർക്കപ്പു് സമ്പ്രദായങ്ങൾ എന്നിവ ഉപയോഗപ്പെടുത്തിയുള്ള പാഠവിന്യാസരീതി, ദീർഘകാലവിവര സംരക്ഷണരൂപങ്ങളുടെ അനുവർത്തനം, വിവരവ്യവസ്ഥയുടെ ഭാഗമാക്കൽ, വിവിധതരം വായനോപകരണങ്ങളിൽ ഒന്നുപോലെ വായിക്കാനാവുന്ന ഡിജിറ്റൽ പതിപ്പുകൾ, തുടങ്ങിയ — പുസ്തകനിർമ്മാണത്തിൽ സ്വീകരിക്കുക, ഡിജിറ്റൽ പതിപ്പുകൾ സ്വതന്ത്രമായി വിതരണം ചെയ്തുകൊണ്ടുതന്നെ ഗ്രന്ഥകർത്താവിനു് അച്ചടിപ്പതിപ്പിന്റെ വിപണനത്തിലൂടെ കൂടുതൽ വരുമാനമുണ്ടാക്കുക എന്നിങ്ങനെ പല ഘടകങ്ങളും ഈ അച്ചടിപ്പതിപ്പിന്റെ പ്രേരകങ്ങളാവുന്നു. മാത്രവുമല്ല, നിർമ്മാണപ്രക്രിയയിൽ പങ്കാളികളാവുന്ന എല്ലാ വ്യക്തികൾ‌‌ക്കും സ്ഥാപനങ്ങൾക്കും (ഗ്രന്ഥനിർമ്മിതിക്കുപയോഗിച്ച സോഫ്റ്റ്‌‌വെയർ, പ്രവർത്തകം, ലിപിസഞ്ചയം എന്നിവയുടെ വികസന/വ്യാപനങ്ങളിലേർപ്പെട്ടിരിക്കുന്നവർ, ചിത്രണം, പാഠത്തിന്റെ നിവേശനം, തെറ്റുതിരുത്തൽ, വിന്യാസം, ഗ്രന്ഥപരിശോധന, പത്രാധിപകർമ്മം, തുടങ്ങിയവ ചെയ്തവർ) വിറ്റുവരവിന്റെ ഒരു ചെറുഭാഗം വീതം നൽകുകയും സാമ്പത്തിക നിർവഹണത്തെ സുതാര്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശവുമുണ്ടു്.

380 പുറങ്ങളുള്ള ഈ പുസ്തകത്തിന്റെ വില 220 രൂപയാണു്. ഇതിന്റെ ഓരോ പ്രതിയും വില്ക്കുമ്പോൾ കിട്ടുന്ന തുക താഴെപറയുന്ന രീതിയിൽ വിഭജിക്കപ്പെടുന്നു:

അച്ചടിക്കൂലി: 105 ക
വിദ്യാർത്ഥികൾക്കുള്ള കിഴിവു്: 20 ക
ഗ്രന്ഥകർത്താവിന്റെ പ്രതിഫലം: 50 ക (പകർപ്പവകാശപരിധി കഴിഞ്ഞതിനാൽ സായാഹ്നയിൽ നിക്ഷിപ്തം)
ഗ്രന്ഥപരിശോധന, പത്രാധിപകർമ്മം (വി കെ സുബൈദ): 10 ക
തെറ്റുതിരുത്തൽ, പാഠവിന്യാസം (സായാഹ്ന പ്രവർത്തകർ): 10 ക
സോഫ്റ്റ്‌‌വെയറിന്റെ സംരക്ഷകർ (ടെക് യൂസേഴ്സ് ഗ്രൂപ്): 5 ക
പ്രവർത്തകത്തിന്റെ സംരക്ഷകർ (ഫ്രീ സോഫ്റ്റ്‌‌വെയർ ഫൗണ്ടേഷൻ): 5 ക
ലിപിസഞ്ചയത്തിന്റെ രചയിതാവു് (കെ എച് ഹുസൈൻ): 5 ക
ലിപിസഞ്ചയത്തിന്റെ സംരക്ഷകർ (സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്): 5 ക
പാഠത്തിന്റെ സ്രോതസ്സ് (വിക്കിഗ്രന്ഥശാല): 5 ക
കവർ ചിത്രം (വിക്കിമീഡിയ കോമൺസ്): 5 ക

സ്വതന്ത്രപ്രകാശന രീതിയിൽ ഇറങ്ങുന്ന ഈ പുസ്തകം വാങ്ങുമ്പോൾ എല്ലാ അണിയറ പ്രവർത്തകരും ഈ പുസ്തകനിർമ്മിതിയ്കു് സാങ്കേതികാടിസ്ഥാനമായ എല്ലാ സ്വതന്ത്ര പ്രസ്ഥാനങ്ങളും അംഗീകരിക്കപ്പെടുകയും യഥാശക്തി പ്രതിഫലം നൽകപ്പെടുകയും ചെയ്യുന്നു. അങ്ങിനെ ഇതിന്റെ വരുമാനം വീണ്ടും സ്വതന്ത്ര സോഫ്റ്റ്‌‌വെയർ വികസനത്തിനും ഡിജിറ്റൽ സംരംഭങ്ങൾക്കും ഉപയുക്തമായി മാറുകയാണു്. ആയതിനാൽ കേരളപാണിനീയത്തിന്റെ ഒരു പ്രതി വാങ്ങി മലയാള പുസ്തകപ്രസിദ്ധീകരണത്തെ കാലഘട്ടത്തിനു് അനുയോജ്യമായ തലത്തിലേയ്കു് ഉയർത്തുവാൻ സഹായിക്കുക, ആ യത്നങ്ങളിൽ പങ്കാളിയാവുക.

പുസ്തകം എങ്ങിനെ വാങ്ങാം?

അച്ചടിപ്പതി്പ്പു് തീർന്നുപോയി.

സായാഹ്ന ഫൗണ്ടേഷൻ 2013-ലെ ഇന്ത്യൻ കമ്പനി നിയമം എട്ടാം വകുപ്പനുസരിച്ചു് നോൺപ്രോഫിറ്റ് കമ്പനിയായിട്ടാണു് രജിസ്റ്റർ ചെയ്തിട്ടുള്ളതു്. ആയതിനാൽ ലാഭം ഓഹരിയുടമൾക്കു് വീതം വെയ്ക്കുവാൻ കഴിയില്ല, മറിച്ചു് കമ്പനിയുടെ ഉദ്ദേശലക്ഷ്യങ്ങൾക്കു് മാത്രമേ ഉപയോഗിക്കാനാവുകയുള്ളു.

കണ്ണികൾ 

പേരില്ലാപുസ്തകം

കെ.എ. അഭിജിത്ത്അഭിജിത്ത്, കെ.എ. പാലക്കാട്ട് ജില്ലയിലെ പാടൂരിലാണു് ജനിച്ചതു്. 2017 ഏപ്രിലിൽ പതിനൊന്നാം ക്ലാസ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥിയും മലയാളം വിക്കിപ്പീഡിയയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രവർത്തകരിലൊരാളുമാണു്. ഇരുനൂറ്റി അമ്പതോളം ലേഖനങ്ങൾ അഭിജിത്തിന്റെ കർത്തൃത്വത്തിൽ വിക്കിപ്പീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്
(ഈ കണ്ണി കാണുക). ടെഡ് പ്രഭാഷണങ്ങൾക്ക് മലയാളം സബ്ടൈറ്റിലുകൾ നിർമ്മിച്ചു. 2014-ൽ ശാസ്ത്രസാഹിത്യ പരിഷത്ത് പട്ടം എന്ന ആദ്യത്തെ പുസ്തകം പുറത്തിറക്കി. ഛണ്ഡിഗഡിൽ വച്ച് നടന്ന 2016 വിക്കിമാനിയ കോൺഫറൻസിൽ മലയാളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ശബ്ദതാരാവലി പ്രവർത്തനങ്ങളിൽ പങ്കാളിയായി. ഭാവനാസമ്പന്നനായ ചിത്രകാരൻ കൂടിയായ അഭിജിത്തിന്റെ പാടൂർ എൽ.പി. സ്കൂളിനെക്കുറിച്ചുള്ള അനുസ്മരണമാണു് ഇന്നു് സായാഹ്ന ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന പേരില്ലാപുസ്തകം എന്ന പുസ്തകം. ഇതിന്റെ മുഖചിത്രവും മറ്റു ചിത്രങ്ങളും അഭിജിത്ത് വരച്ചതാണെന്നതും എടുത്തു പറയേണ്ട ഒരു പ്രത്യേകതയാണു്. വായനക്കാരെ ഈ ചെറു പുസ്തകത്തിലേയ്ക്ക് സാദരം ക്ഷണിക്കട്ടെ.