പ്രപഞ്ചവും മനുഷ്യനും

കെ.വേണു

കെ.വേണു

കെ. വേണു കേരളത്തിൽ അറിയപ്പെടുന്ന സാമൂഹികചിന്തകനും രാഷ്ട്രീയനിരീക്ഷകനും കർമ്മോന്മുഖനായ ധൈഷണികനുമാണു്. ശാസ്ത്രപുരോഗതിയിലും അതുമൂലമുണ്ടായ സാമൂഹികപരിണാമങ്ങളിലും അടിസ്ഥാനപ്പെടുത്തിയ സ്വന്തം നിരീക്ഷണങ്ങളെയും നിഗമങ്ങളെയും അങ്ങേയറ്റം സൂക്ഷ്മമായി, വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ സമീപനം ചിന്താലോകത്തു് ഒരു പുതുവഴിയുണ്ടാക്കിയിട്ടുണ്ടു്. ജന്തുശാസ്ത്രത്തിൽ ഗവേഷണവിദ്യാർത്ഥിയായി തിരുവനന്തപുരത്തു് കഴിയവേ, അറുപതുകളിലെ അന്നത്തെ കലുഷിതമായ സംഭവപരമ്പരകളിൽ കാഴ്ചക്കാരനായി നോക്കിനിൽക്കാൻ വയ്യാത്തതിനാൽ പങ്കാളിയായി. ഈ പ്രവർത്തനങ്ങൾ വേണുവിനെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതിതീവ്രഇടതുപക്ഷസംഘത്തിലെത്തിച്ചു. “മാവോയിസ്റ്റ്” എന്ന ആനുകാലികപ്രസിദ്ധീകരണത്തിന്റെ സ്ഥാപകപത്രാധിപരായിരുന്നു അദ്ദേഹം. ഇക്കാരണങ്ങളാൽ ഗവേഷണം തുടരുവാൻ കഴിയാതായി. ഈ കാലഘട്ടത്തിൽ നക്സലൈറ്റ് പ്രതിരോധങ്ങളിൽ സജീവമായി പങ്കെടുത്തതുമൂലം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു് നാലുകൊല്ലം ജയിലിലടയ്ക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രാഷ്ട്രീയസത്യസന്ധതയും, കറയറ്റ പ്രതിബദ്ധതയും, സാമൂഹികചുറ്റുപാടുകളുടെ ഉജ്ജ്വലമായ അപഗ്രഥനങ്ങളും അന്നത്തെ കവികളെയും എഴുത്തുകാരെയും കലാകാരന്മാരെയും വളരെയധികം സ്വാധീനിക്കുകയും നിലവിലെ നവധാരകൾക്കു് വ്യത്യസ്തമായൊരു സൗന്ദര്യാത്മകത പകരുകയും ചെയ്തു.  അടിയന്തിരാവസ്ഥക്കാലത്തു് സംസ്ഥാനത്തു് നടന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തതുമൂലം വീണ്ടും അറസ്റ്റിലാവുകയും ജയിൽവാസം അനുഭവിക്കേണ്ടിവരികയും ചെയ്തു. ഈ രണ്ടു തവണയുള്ള ജയിൽ ജീവിതത്തിനിടയിൽ അദ്ദേഹം രാഷ്ട്രീയസൈദ്ധാന്തികമേഖലയിൽ “ഇന്ത്യൻ വിപ്ലവത്തിന്റെ പരിപ്രേക്ഷ്യം”, “വിപ്ലവത്തിന്റെ ദാർശനികപ്രശ്നങ്ങൾ” എന്നീ രണ്ടു പുസ്തകങ്ങൾ രചിക്കുകയുണ്ടായി. ഇതിൽ ആദ്യത്തേതു് സ്വന്തം സഖാക്കളെ അഭിസംബോധന ചെയ്തപ്പോൾ, രണ്ടാമത്തെ കൃതി മാവോയിസവും സാംസ്കരികവിപ്ലവവുമടക്കം മാർക്സിസത്തിന്റെ വികാസപരിണാമങ്ങളെക്കുറിച്ചുള്ള ഉജ്ജ്വലപഠനമായി. മാർക്സിയൻ സൈദ്ധാന്തികവിഭാഗത്തിൽ ശ്രേഷ്ഠതരമായി കരുതപ്പെടുന്ന രണ്ടാമത്തെ പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പു് “The Philosophical Problems of Revolution” എന്ന പേരിൽ 1982-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.

PM_coverപ്രതിഭാധനനായ എഴുത്തുകാരനായ വേണു തന്റെ ഇരുപതുകളിൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥിയായിരിക്കെ പ്രസിദ്ധീകരിച്ച, വളരെയധികം വായിക്കപ്പെട്ട പുസ്തകമാണു് “പ്രപഞ്ചവും മനുഷ്യനും”. ഈ കൃതി ഇന്നും ശാസ്തസാഹിത്യവിഭാഗത്തിൽ എഴുതപ്പെട്ട ഉത്തമഗ്രന്ഥങ്ങളിലൊന്നായി കരുതപ്പെടുന്നു. ഈ പുസ്തകത്തിന്റെ ആദ്യപതിപ്പിൽ പിന്തുടർന്നിരുന്ന ദാർശനികനികതയിൽ നിന്നും ഗ്രന്ഥകാരൻ പിൽക്കാലത്തു് വളരെയധികം വ്യതിചലിച്ചതുകൊണ്ടു് ഒരു പുതുക്കിയ പതിപ്പിറക്കേണ്ട ആവശ്യമുണ്ടായെങ്കുലും അതിനു വേണ്ട ബൗദ്ധികവും  സാങ്കേതികവുമായ അദ്ധ്വാനത്തിനു് പലതരത്തിലുള്ള തടസ്സം നേരിട്ടതിനാൽ പുതുക്കിയ പതിപ്പു് ഒരിക്കലും ഒരു യാഥാർത്ഥ്യമായില്ല. എന്നിരിക്കിലും ഇക്കാര്യം സായാഹ്നയ്ക്കു് ഒരു  പ്രശ്നമായില്ല, കാരണം സായാഹ്ന ആഗ്രഹിച്ചതു് ആദ്യപതിപ്പു് അതേപടി പുറത്തിറക്കാനാണു്. അതിന്റെ ഡിജിറ്റൽ പതിപ്പുകൾ വിവിധരൂപങ്ങളിലായി ഭാവിതലമുറയ്ക്കായി സൂക്ഷിക്കുക എന്നതുമാണു്. അതിന്റെ ആദ്യപടിയായി, പിഡി‌‌എഫ്, മീഡിയവിക്കി എന്നീ ഡിജിറ്റൽ രൂപങ്ങൾ ഇപ്പോൾ പ്രസിദ്ധീകരിക്കുകയാണു്, താഴെക്കാണുന്ന കണ്ണികളിൽ നിന്നു് ഈ പതിപ്പുകൾ ലഭ്യമാണു്:

3 Responses to “പ്രപഞ്ചവും മനുഷ്യനും”


  • Kindly develop an app for easy reading

  • Vijayakumar Pothezhath

    വേണുവിന്റെ പ്രപഞ്ചവും മനുഷ്യനും എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ എഴുതിയതിലെ ഒരു തിരുത്തിനു വേണ്ടിയാണിത്. വേണു എഴുതിയിരിക്കുന്നതു് ചെറുകാടിന്റെ ശനിദശ ആദ്യം പ്രസിദ്ധീകരിച്ചതു ജനയുഗത്തിൽ ആയിരുന്നുവെന്നാണ്. അതു ശരിയല്ല. പത്തൊമ്പതു അദ്ധ്യായങ്ങളിലായി അതു പ്രസിദ്ധീകരിച്ചതു നവയുഗം എന്ന കെ. ദാമോദരൻറെ പത്രാധിപത്യത്തിൽ പ്രസ്ിദ്ധീകരിച്ചിരുന്ന വാരികയിലായിരുന്നു. പുസ്തകരൂപത്തിൽ ‍ഞാനതു വായിച്ചിട്ടില്ല. നവയുഗത്തിൽ വായിച്ച വ്യക്തമായ ഓർമ്മയിൽ നിന്നാണിതെഴുതുന്നത്.

    • തെറ്റു് ചൂണ്ടിക്കാണിച്ചതിനു നന്ദി. അതു് ശ്രീ കെ. വേണുവിന്റെ ശ്രദ്ധയിൽപെടുത്താം. സായാഹ്നയുടെ ഡിജിറ്റൽ പതിപ്പുകളിൽ ഉള്ളടക്കം അതേപടി പകർത്തുകയാണു് ചെയ്യുക. ഉള്ളടക്കത്തിൽ മാറ്റം വരുത്തുവാൻ നമുക്കു് അധികാരമില്ല. ഗ്രന്ഥകർത്താവിന്റെ നിർദ്ദേശമനുസരിച്ചു് പ്രവർത്തിക്കാം. സായാഹ്ന പ്രസിദ്ധീകരണങ്ങളിൽ കാണിച്ച താല്പര്യത്തിനു് ഒരിക്കൽക്കൂടി നന്ദി പറഞ്ഞുകൊള്ളട്ടെ.

Leave a Reply to Vijayakumar Pothezhath