എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി

ശ്രീ ഇ ഹരികുമാറിന്റെ എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി എന്ന പുസ്തകം ഇങ്ങിനെ തുടങ്ങുന്നു:

EHarikumar--pvkഈ പുസ്തകം ഒരു സ്വയം വിമർശനമാണ്. എഴുത്തു തുടങ്ങുമ്പോൾ എന്തെഴുതാൻ ഉദ്ദേശിച്ചു, അവസാനം അമ്പതു വർഷത്തെ സാഹിത്യസപര്യയുടെ അന്ത്യത്തിൽ ഞാനെവിടെ നിൽക്കുന്നു? ഈ രണ്ടു ചോദ്യങ്ങൾക്കുമിടയിലുണ്ടായ അന്തർസംഘർഷങ്ങളുടെ കഥ. ഞാൻ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ കഥ, അവരെ എവിടെനിന്നെല്ലാമാണ് ജീവിതത്തിൽ കണ്ടുമുട്ടിയത്, ഈ കഥകൾകൊണ്ട് ഞാനെന്താണ് ഉദ്ദേശിച്ചത് എന്നീ കാര്യങ്ങൾ ഒരു വിമർശന ബുദ്ധിയോടെ സമീപിയ്ക്കുന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ചേടത്തോളം വിഷമമുള്ള കാര്യമാണ്.

എന്റെ കഥകളുടെ റീഡബിലിറ്റി, അതായത് രസത്തോടെ ഒഴുക്കൻ മട്ടിൽ വായിച്ചു പോകാൻ പറ്റിയ ഭാഷയുടെ പ്രത്യേകത, കഥകൾക്കു തന്നെ വിനയാവുകയാണുണ്ടായത്. വായനക്കാർ രസതലത്തിൽ മാത്രം ശ്രദ്ധിക്കുകയും നല്ല കഥയെന്ന അഭിപ്രായം പാസാക്കി പുസ്തകമടച്ചു വയ്ക്കുകയും ചെയ്യുന്നു. ആ കഥകൾക്ക് മറ്റു പല തലങ്ങളുമുണ്ടെന്ന കാര്യം നോക്കാനേ ശ്രമിയ്ക്കുന്നില്ല. ഒരു ശരാശരി വായനക്കാരന്റെ കാര്യം മാത്രമല്ല നിരൂപകരുടെ കാര്യവും മറിച്ചല്ല. എഴുത്തുകാരന് അതൊരു വലിയ നഷ്ടമാണ്. എന്റെ കഥകൾ പലരും എടുത്തു പെരുമാറിയ വിധം കണ്ടപ്പോഴാണ് ചില വിശദീകരണങ്ങൾ ആവശ്യമാണെന്ന് എനിയ്ക്കു തോന്നിത്തുടങ്ങിയത്.

എന്റെ കഥകൾക്കും നോവലുകൾക്കും വിമർശനം ഉണ്ടായിട്ടില്ല. വെറും ആസ്വാദനങ്ങളെയും പുസ്തകാഭിപ്രായങ്ങളേയും വിമർശനങ്ങളായി കണക്കാക്കാൻ പറ്റില്ല. ഇതുവരെ ഒരു ഖണ്ഡനവിമർശനം ഉണ്ടായിട്ടില്ല. കർശനമായ ചട്ടക്കൂടുകൾക്കുള്ളിലെ വിമർശനങ്ങൾക്ക് അതീതമാണ് എന്റെ സാഹിത്യമെന്ന മിഥ്യാബോധമൊന്നും എനിയ്ക്കില്ല. ധാരാളം പാളിച്ചകളുള്ള ഒരു സാഹിത്യമാണ് എന്റേത്. സ്രഷ്ടാവിന് സ്വന്തം സൃഷ്ടികളുടെ അപാകതകൾ പെട്ടെന്ന് മനസ്സിലാവും. ദൈവത്തിന് സ്വന്തം സൃഷ്ടികളുടെ കോപ്പ് എന്താണെന്നറിയാഞ്ഞിട്ടാണോ ഇങ്ങിനെ ശാന്തനായി ഇരിയ്ക്കുന്നത്. കണ്ടില്ലെന്നു നടിക്കുകയാണ്. ഞാനുമതെ.

സായാഹ്നയിൽ ഇന്നു മുതൽ വായിക്കുക: http://goo.gl/cChUFI.

0 Responses to “എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി”


  • No Comments

Leave a Reply